Kerala Exit Poll Result; ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും, യുഡിഎഫിന് 15 സീറ്റ്, എൽഡിഎഫിന് 4
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ-സി വോട്ടർ സർവ്വെ. വാശിയേറിയ പോരാട്ടത്തിൽ ഒരു സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറക്കുമോയെന്നാണ് ഇനി ജൂൺ നാലിന് അറിയേണ്ടത്.
എന്ത് വിലകൊടുത്തും തൃശൂർ പിടിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചിട്ടും മണ്ഡലം കേന്ദ്രീകരിച്ച് ശക്തമായ പ്രവർത്തനമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. എണ്ണയിട്ട യന്ത്രം പോലെയായിരുന്നു മണ്ഡലത്തിലെ ബിജെപിയുടെ പ്രവർത്തനം. സുരേഷ് ഗോപിക്ക് വേണ്ടി സാക്ഷാൽ നരേന്ദ്ര മോദി തന്നെ തൃശൂരിൽ എത്തി.

തൃശൂരിൽ 4 ലക്ഷം വോട്ടുകൾ സുരേഷ് ഗോപിക്ക് പിടിക്കാനാകും എന്നായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ വിലയിരുത്തൽ. തൃശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനം നേടും. നാട്ടിക, പുതുക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകൾ അടക്കം ബിജെപിയിലേക്ക് ഒഴുകിയോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
അതേസമയം സംസ്ഥാനത്ത് യുഡിഎഫിന് 15 വരെ സീറ്റുകൾ നേടാനാകുമെന്നാണ് ടൈംസ് നൗ സർവ്വെ പ്രവചിക്കുന്നത്. എൽഡിഎഫ് വെറും നാല് സീറ്റിൽ ഒതുങ്ങുമെന്നും സർവ്വെ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 20 ൽ 19 സീറ്റുകളും യുഡിഎഫ് ആയിരുന്നു തൂത്തുവാരിയത്. ഇത്തവണ 16 സീറ്റുകൾ വരെ നേടാനാകുമെന്നായിരുന്നു യു ഡി എഫിന്റെ വിലയിരുത്തൽ. ഇരുപതില്‍ ഇരുപതും നേതൃത്വം ഉറപ്പിക്കുന്നു. ഏറ്റവും മോശം സാഹചര്യത്തില്‍ മാത്രമായിരിക്കും 16 സീറ്റിലേക്ക് പോകുക എന്നായിരുന്നു നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, കണ്ണൂർ മണ്ഡലങ്ങളിൽ മാത്രമാണ് കടുത്ത മത്സരം നടന്നതായി യു ഡി എഫ് വിലയിരുത്തുന്നത്. വടകര ഉള്‍പ്പെടെ ബാക്കി 16 മണ്ഡലങ്ങളിലും യു ഡി എഫ് വലിയ വിജയം ഉറപ്പിക്കുന്നു.അതേസമയം 11 സീറ്റുകൾ വരെയാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications