കപ്പല്‍ നിര്‍മാണത്തിന് അമേരിക്ക വരുമോ? ഇന്‍വെസ്റ്റ് ഡെസ്‌ക്, മുഖ്യമന്ത്രി-യുഎസ് അംബാസഡര്‍ ചര്‍ച്ച
കൊച്ചി: അമേരിക്കയുടെ ഇന്ത്യയിലെ അംബാസഡര്‍ സെര്‍ജിയോ ഗോറുമായി മുഖ്യമന്ത്രി വിഡി സതീശന്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി. അമേരിക്കയും കേരളവും തമ്മിലുള്ള സഹകരണം ശക്തമാക്കുകയായിരുന്നു ലക്ഷ്യം. ഒരുപിടി സുപ്രധാന കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മാരിടൈം ലോജിസ്റ്റിക്‌സ്, തുറമുഖം എന്നിവയില്‍ പുതിയ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ചയില്‍ വിഷയമായി. കപ്പല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് നിക്ഷേപം തേടുന്നത്. നേരത്തെ ടാറ്റ ഗ്രൂപ്പ് കേരളത്തില്‍ കപ്പല്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ 10000 കോടി രൂപ നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.

വിദ്യാഭ്യാസം, ടൂറിസം, തുറമുഖ വികസനം, അമേരിക്കയില്‍ ഇന്‍വെസ്റ്റ് ഡെസ്‌ക്, സിസ്റ്റര്‍ സിറ്റി തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. സംയുക്ത ഗവേഷണം, സര്‍വകലാശാല പങ്കാളിത്തം, അമേരിക്കയിലെയും കേരളത്തിലെയും സ്ഥാപനങ്ങള്‍ക്കിടയില്‍ സഹകരണം എന്നിവയും ചര്‍ച്ചയായി.
ടൂറിസം രംഗത്തുള്ള സഹകരണവും ചര്‍ച്ചയായി. ആയുര്‍വേദ ടൂറിസത്തോടൊപ്പം സിസ്റ്റര്‍ സിറ്റി സങ്കല്‍പ്പവും വിഷയമായി. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങള്‍ തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവും സാംസ്‌കാരികവുമായ സഹകരണമാണ് സിസ്റ്റര്‍ സിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തുറമുഖ വികസന സാധ്യതകളും ചര്‍ച്ചയായി.
വിഴിഞ്ഞം തുറമുഖം, കൊച്ചി തുറമുഖം, കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റക്കുറ്റ പണി എന്നിവയിലുള്ള നിക്ഷേപവും ചര്‍ച്ച ചെയ്തു. നിക്ഷേപകര്‍ക്ക് വഴി ഒരുക്കുന്നതിന് അമേരിക്കയില്‍ ഇന്‍വെസ്റ്റ് ഡെസ്‌ക് ഒരുക്കുന്ന വിഷയവും മുഖ്യമന്ത്രി മുന്നോട്ട് വെച്ചു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ലഭിച്ചാല്‍ അത് കേരളത്തിന് വലിയ നേട്ടമാകും. മുഖ്യമന്ത്രിയുടെ കീഴിലുള്ള തുറമുഖ വകുപ്പ് വിശാലമായ മിഷന്‍ സമുദ്ര പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തന്റെ ആദ്യ കേരള സന്ദര്‍ശനമാണിത് എന്ന് അമേരിക്കന്‍ അംബാസഡര്‍ സൂചിപ്പിച്ചു. കേരളത്തിന്റെ പ്രകൃതി ഭംഗിയെ കുറിച്ചും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിസ്റ്റര്‍ സിറ്റി സങ്കല്‍പ്പത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും സെര്‍ജി ഗോര്‍ പറഞ്ഞു. പ്രാഥമിക ചര്‍ച്ചകളാണ് ഇന്ന് നടന്നത്.





Click it and Unblock the Notifications