അപ്പോള്‍ പെരിയാര്‍ കേരളത്തിന്റെ നദിയല്ലേ...?
ദില്ലി: കേരളത്തിലെ 44 നദികളില്‍ ഏറ്റവും പ്രധാനപ്പെട്ട നദി പെരിയാര്‍ ആണെന്നാണ് പണ്ട് പാഠ പുസ്തകങ്ങളില്‍ പഠിച്ചിട്ടുള്ളത്. നമ്മുടെ സ്വന്തം നദി എന്നൊരു പ്രതീതിയായിരുന്നു പെരിയാറിന്. എന്നാല്‍ ഇത് നമ്മുടെ മാത്രം നദിയാണെന്ന് തെളിയാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലത്രെ.
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സുപ്രീം കോടതിയുടേതാണ് പരാമര്‍ശം. പെരിയാര്‍ അന്ത:സംസ്ഥാന നദിയല്ലെന്ന് തെളിയിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

സത്യത്തില്‍ പെരിയാര്‍ അന്ത:സംസ്ഥാന നദിയാണോ...? 2006 വരെ കേരളത്തിനും പെരിയാര്‍ അന്ത: സംസ്ഥാന നദിയായിരുന്നു എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. അതുവരെ പെരിയാറിന്റെ ഉടമസ്ഥതയെ ചൊല്ലി കേരളം ഒരു അവകാശ വാദവും ഉന്നയിച്ചിരുന്നില്ല.
ചരിത്രം ചികഞ്ഞാല്‍ വേറേയും തെളിവുകള്‍ കാണാം. പിഡബ്ല്യൂഡി 1958 ല്‍ തയ്യറാക്കിയ ജലസ്രോതസ്സുകളുടെ പട്ടികയില്‍ അന്ത:സംസ്ഥാന നദിയായിട്ടാണ് പെരിയാറിനെ രേഖപ്പെടുത്തിയിരിക്കുന്നതത്രെ. അപ്പോള്‍ പിന്നെ വേറെ എന്ത് പറഞ്ഞിട്ടെന്ത് കാര്യം.
ഇതില്‍ ഒതുങ്ങുന്നില്ല കാര്യങ്ങള്‍. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്ക് മുന്നില്‍ കേരളത്തിന്റെ സാക്ഷിയായി എത്തിയ ആളും പറഞ്ഞത് ഇതു തന്നെയാണ്. പെരിയാര്‍ അന്ത:സംസ്ഥാന നദിയാണെന്ന്. 2006 ല്‍ ഇതിനെ ഖണ്ഡിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തങ്ങളുടെ വാദം തെളിയിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല.
പശ്ചിമഘട്ടത്തില്‍ ഉത്ഭവിച്ച് അറബിക്കടലില്‍ അവസാനിക്കുന്ന നദിയാണ് പെരിയാര്‍. 244 കിലോമീറ്റര്‍ നീളമുണ്ട് പുഴക്ക്. പശ്ചിമഘട്ടത്തില്‍ കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ചൊക്കാംപെട്ടി മലയില്‍ നിന്നാണ് പെരിയാറിന്റെ തുടക്കം.












Click it and Unblock the Notifications