കേരളത്തിന്റെ കണ്ണീരൊപ്പാൻ യുഎഇ.. വൻ തോതിൽ ധനസമാഹരണം.. 700 കോടിയല്ല, അതുക്കും മേലെ!
ദുബായ്: സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയമുണ്ടാക്കിയ നഷ്ടക്കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. യഥാര്‍ത്ഥ നഷ്ടം ഇപ്പോള്‍ പുറത്ത് വന്നതിനേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ച തുക ഒന്നിനും തികയാത്ത അവസ്ഥയാണ്.
അത് മാത്രമല്ല വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ നയവും കേരളത്തിന് തിരിച്ചടിയാകുന്നു. എന്നാല്‍ കേരളത്തെ സഹായിക്കുന്നതില്‍ നിന്നും യുഎഇ പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് സൂചനകള്‍ പുറത്ത് വരുന്നത്. തിരക്കിട്ട ധനസമാഹരണമാണ് യുഎഇയില്‍ പുരോഗമിക്കുന്നത്.

കേരളത്തിന് വേണ്ടി കൈ കോർത്ത്
700 കോടി രൂപ കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി യുഎഇ ഭരണകൂടം നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രമുഖ പ്രവാസി വ്യവസായി ആയ യൂസഫലിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പരസ്യമാക്കിയത്. എന്നാല്‍ പിന്നീടങ്ങോട്ട് വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു.

700 കോടി വിവാദം
കേന്ദ്ര സഹായത്തേക്കാള്‍ കൂടുതല്‍ വിദേശ രാജ്യത്തിന്റെ സഹായം കിട്ടുമെന്നത് കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളെ ചൊടിപ്പിച്ചു. പിന്നാലെ വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം നിലപാട് അറിയിക്കുകയും ചെയ്തു. 700 കോടിയുടെ പേരില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം നടക്കവേയാണ് യുഎഇ അംബാസിഡര്‍ അടുത്ത ബോംബ് പൊട്ടിച്ചത്.

നിലപാട് മാറ്റുമെന്ന് പ്രതീക്ഷ
കേരളത്തിന് യുഎഇ 700 കോടിയുടെ ഔദ്യോഗിക സഹായ പ്രഖ്യാപനം നടത്തിയിട്ടില്ല എന്നാണ് അംബാസിഡര്‍ പറഞ്ഞത്. വിവാദം പിന്നെയും കൊഴുത്തു. അതിനിടെ യുഎഇയുടെ സഹായ വാഗ്ദാനം ലഭിച്ചുവെന്ന വിവരം കേന്ദ്രം സ്ഥിരീകരിക്കുകയുമുണ്ടായി. വിദേശ സഹായം സംബന്ധിച്ച് കേന്ദ്രം നിലപാട് മാറ്റുമെന്ന് തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്.

തിരക്കിട്ട് ധനസമാഹരണം
വിവാദങ്ങള്‍ ഒരു വശത്ത് നടക്കുന്നതിനിടെ യുഎഇയില്‍ കേരളത്തിന് വേണ്ടിയുള്ള ധനസമാഹരണം തകൃതിയായി നടക്കുകയാണ്. കേരളത്തിന് വേണ്ടി 700 കോടിയാണ് ശേഖരിക്കാന്‍ യുഎഇ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ കൂടുതല്‍ ആവും ചിലപ്പോള്‍ ധനശേഖരണം കഴിയുമ്പോഴെന്നും സൂചനയുണ്ട്.

കൈനീട്ടി നിരവധി പേർ
എമിറേറ്റ്‌സ് റെഡ്ക്രസന്റ്, ശൈഖ് ഖലീഫ ഫൗണ്ടേഷന്‍, മുഹമ്മദ് ബിന്‍ റാഷിദ് ഫൗണ്ടേഷന്‍ എന്നിവ വഴിയാണ് ധനസമാഹരണം നടക്കുന്നത്. സ്വദേശികളും വിദേശികളും വന്‍ വ്യവസായ സ്ഥാപനങ്ങളും അടക്കം നിരവധി പേരാണ് കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വരുന്നത്. ഒരു മാസം കൂടി ധനസമാഹരണം നടത്താനാണ് തീരുമാനമെന്ന് റെഡ്ക്രസന്റ് വ്യക്തമാക്കുന്നു.

അനുമതി മാത്രം മതി
റെഡ് ക്രസന്റിന്റെ ദുബായ് ശാഖയിലേക്ക് മാത്രം ഒരാഴ്ചയ്ക്കിടെ എത്തിയത് 38 കോടി രൂപയാണ്. മാത്രമല്ല കേരളത്തിലെ ദുരിത ബാധിതര്‍ക്ക് വേണ്ടി ഏകദേശം നാല്‍പത് ടണ്‍ അവശ്യ സാധനങ്ങളും ഒരാഴ്ചയ്ക്കിടെ റെഡ് ക്രസന്റിന്റെ ദുബായ് ശാഖയില്‍ മാത്രം എത്തിയിട്ടുണ്ട്. ഇവ ഇന്ത്യയിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയേ വേണ്ടൂ.
Recommended Video


7 ദിവസം, നൂറ് കോടി
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ ഈ സാധനങ്ങള്‍ കേരളത്തിലേക്ക് എത്തിക്കുമെന്ന് റെഡ്ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറോണി വ്യക്തമാക്കി. ദുബായ് കൂടാതെ മറ്റ് ആറ് എമിറേറ്റുകളിലെ റെഡ് ക്രസന്റിന്റെ ശാഖകളിലൂടെയുള്ള ധനസമാഹരണം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നൂറ് കോടിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications