കേരളത്തില്‍ കനത്ത കാറ്റും മഴയും വീണ്ടുമുണ്ടാകും.... ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവചനം പിഴച്ചു
തിരുവനന്തപുരം: കേരളം ഒരു പ്രളയത്തില്‍ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് നടക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു മുന്നറിയിപ്പ് കേരള ജനതയെ വീണ്ടും ഞെട്ടിച്ചത്്. കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. എന്നാല്‍ കാറ്റും മഴയും ഉണ്ടായില്ലെന്ന് മാത്രമല്ല, നല്ല തെളിഞ്ഞ കാലാവസ്ഥയുമായിരുന്നു ഓഗസ്റ്റ് 21ന് കേരളത്തില്‍ അനുഭവപ്പെട്ടത്.
ഈ മുന്നറിയിപ്പ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ആളുകളെ ഭയപ്പെടുത്താന്‍ മാത്രമാണ് ഉപകരിച്ചതെന്നാണ് മനസിലാവുന്നത്. അതേസമയം തെറ്റായ ഒരു കാര്യം ഇത്രയ്ക്കും ആധികാരികമായൊരു അതോറിറ്റിയില്‍ നിന്ന് എങ്ങനെ വന്നുവെന്നാണ് ചോദ്യം. ഇക്കാര്യത്തില്‍ അവരോട് വിശദീകരണം തേടിയിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യത്തില്‍ പരിഹാസ വിധേയമായി കൊണ്ടിരിക്കുകയാണ് അതോറിറ്റി.

കനത്ത കാറ്റും മഴയും
ആറു ജില്ലകളില്‍ ഓഗസ്റ്റ് 21ന് രാത്രി പത്തുമണിയോടെ കനത്ത മഴയും കാറ്റും ഉണ്ടാവുമെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ തെറ്റായ സന്ദേശത്തിന്റെ ഉത്തരവാദിത്തം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനാണെന്ന് വിശദീകരിച്ചിട്ടുണ്ട് ദുരന്ത നിവാരണ അതോറിറ്റി. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഈ പ്രസ്താവന തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു അറിയിപ്പും നല്‍കിയിട്ടില്ല
കാലാവസ്ഥാ വകുപ്പില്‍ നിന്ന് ലഭിച്ച തെറ്റായ വിവരമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കാന്‍ കാരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നുള്ള സാധാരണ മുന്നറിയിപ്പ് മാത്രമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയത്.

കംപ്ലീറ്റ് തെറ്റി
ചെറിയ തോതില്‍ മഴയുണ്ടാവുമെന്നുള്ള സാധാരണ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി തെറ്റിദ്ധരിച്ചതാണെന്നാണ് സൂചന. പക്ഷേ അപ്പോഴും ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത് എങ്ങനെയാണെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആശയക്കുഴപ്പത്തിലാണ്. അതോറിറ്റിയുടെ മുന്നറിയിപ്പ് വന്നതോടെ ഈ ആറു ജില്ലകളും വലിയ ജാഗ്രതയിലായിരുന്നു.

മണിക്കൂറില്‍ 55 കിലോമീറ്റര്‍
കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നായിരുന്നു പ്രവചനം. ജനങ്ങള്‍ പരിഭാന്ത്രരാ വാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും ആവശ്യമില്ല. അതേസമയം ഈ സന്ദേശം പഴയതാണെന്നറിയാതെ ആറു ജില്ലകളിലെയും എസ്പിമാര്‍ കാറ്റിനെ നേരിടാന്‍ മുന്നൊരുക്കവും തുടങ്ങി. സന്ദേശത്തില്‍ തീയതി ഉണ്ടായിരുന്നില്ല. നൗ കാസ്റ്റ് എന്ന പേരിലായിരുന്നു സന്ദേശം. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് പെട്ടെന്ന് നല്‍കുന്ന മുന്നറിയിപ്പാണ് നൗ കാസ്റ്റ്.

ദുരന്ത നിവാരണ അതോറിറ്റി തിരുത്തിയില്ല
സന്ദേശം തെറ്റാണെന്ന് പലരും ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തിരുത്താന്‍ അവര്‍ തയ്യാറായതേയില്ല. ദിവസങ്ങള്‍ക്ക് മുമ്പുള്ള കാലാവസ്ഥാ പ്രവചന സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചതോടെ ഉദ്യോഗസ്ഥര്‍ മുന്നൊരുക്കം തുടങ്ങുകയായിരുന്നു. പലരും ബോട്ടുകളും ക്രെയിനുകളും വരെ തയ്യാറാക്കി. വയര്‍ലെസ് സന്ദേശങ്ങള്‍ വരെ നല്‍കി. പോലീസിന്റെ പ്രത്യേക സന്ദേശങ്ങളും ഉണ്ടായിരുന്നു. ഇതോടെ നിരവധി പേര്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസിലേക്ക് വിളിച്ചു. ഇതോടെയാണ് അവര്‍ തിരുത്താന്‍ തയ്യാറായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications