പ്രളയ കാലത്ത് അരി നല്‍കി സഹായിച്ചതിന് പണം വേണം; കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
ന്യൂദല്‍ഹി: കേരളത്തെ തകര്‍ത്തെറിഞ്ഞ 2018 ലെ മഹാപ്രളയ സമയത്ത് സഹായമായി നല്‍കിയ അരിയുടെ വില ഉടന്‍ തിരിച്ച് നല്‍കണം എന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേരളത്തിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ തിരിച്ചടക്കണം എന്നാണ് നിര്‍ദേശം.
തുക തിരിച്ചടച്ചില്ലെങ്കില്‍ വരും വര്‍ഷത്തെ എസ് ഡി ആര്‍ എഫില്‍ നിന്ന് തിരിച്ച് പിടിക്കും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇതോടെ പണം തിരിച്ചടക്കാം എന്ന് കേരളം തീരുമാനിച്ചിരിക്കുകയാണ്. 2018 ലെ പ്രളയത്തില്‍ സഹായമായി കേരളത്തിന് കേന്ദ്രം അരി അനുവദിച്ചിരുന്നു.

പിന്നീട് ഇതിന്റെ പണം തിരിച്ചടക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ദുരന്ത സമയത്തെ സഹായത്തിന് പണം ചോദിക്കുന്നതിന് എതിരെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും കേരളവും തമ്മില്‍ നിരവധി കത്തിപടപാടുകളും നടന്നിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

അരിയുടെ പണം അടക്കണം എന്നാവശ്യപ്പെട്ട് കേരളത്തിന് മേല്‍ എഫ് സി ഐയുടെ കടുത്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. പിന്നീട് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ല. കഴിഞ്ഞ ജൂലൈയില്‍ അരിയുടെ പണം അടക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ കേരളത്തിന് കത്തെഴുതുകയും ചെയ്തു.

പ്രളയ സഹായമായി എഫ് സി ഐയില്‍ നിന്ന് അനുവദിച്ച അരിയുടെ വില അടിയന്തരമായ തിരിച്ചടച്ചില്ല എങ്കില്‍ അടുത്ത വര്‍ഷത്തെ എസ് ഡി ആര്‍ എഫിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായ വിഹിതമായി വരുന്ന തുകയില്‍ നിന്ന് കുറവ് വരുത്തും എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ അരിയുടെ പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിടുകയും ചെയ്തു.

നേരത്തേ 2018 ലേയും 2019 ലേയും മഹാപ്രളയ കാലത്ത് നാവിക സേനയുടെയും വ്യോമ സേനയുടെയും സഹായത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സമീപിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി പല തവണ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഇതിനെ തുടര്‍ന്ന് ഫീസ് ഈടാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. ഇത് പരിഗണിച്ച് അരിയുടെ കാര്യത്തിലും കത്ത് അയച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു.












Click it and Unblock the Notifications