കേരളത്തില്‍ മഴ കുറഞ്ഞു.... ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചു.....രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും
കൊച്ചി: കേരളത്തില്‍ ദുരിത ദിനങ്ങള്‍ക്ക് ശേഷം മഴ കുറയുന്നു. തെളിഞ്ഞ കാലാവസ്ഥയിലേക്ക് കേരളം മാറിയതായി കാലാവസ്ഥ നിരീക്ഷ വകുപ്പ് വ്യക്തമാക്കി. അതേസമയം രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. ഏറെ ദുരിതം വിതച്ച ഇടുക്കിയിലും മഴ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുകയാണ് ഇപ്പോഴത്തെ തീരുമാനം. പാണ്ടനാട്ടിലാണ് രക്ഷാപ്രവര്‍ത്തനം സജീവമായിരിക്കുന്നത്.
ഇടുക്കിയില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇവിടെ നിയന്ത്രണ വിധേയമാണ്. ചെറുതോണിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാറിന്റെ എട്ടു ഷട്ടറുകള്‍ താഴ്ത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൂട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതം
മഴ കുറഞ്ഞ് തുടങ്ങിയെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍. തുടങ്ങിയ ജില്ലകളില്‍ പ്രശ്‌നം രൂക്ഷമാണ്. ഇവിടെ നിരവധിയാളുകള്‍ പലയിടത്തായി കുടുങ്ങി കിടക്കുകയാണ്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചേക്കും. ചെങ്ങന്നൂരിലെ പാണ്ടനാട്, വെണ്‍മണി, ഇടനാട്, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന ്ഇനിയും ആളുകളെ രക്ഷപ്പെടുത്താനുണ്ട്. ചില പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ഇടുക്കിയില്‍ ശാന്തം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും കനത്ത നാശം വിതച്ച ഇടുക്കിയില്‍ മഴ കുറഞ്ഞിട്ടുണ്ട്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കുറിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ 140 അടി വെള്ളമാണുള്ളത്. ഇതോടെ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളില്‍ എട്ടെണ്ണം പൂര്‍ണമായും താഴ്ത്തിയിട്ടുണ്ട്. മറ്റുള്ളവ ഭാഗികമായും താഴ്ത്തിയിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു
കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകാന്‍ സാധ്യതയില്ലാത്തതിനെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം എല്ലാ ജില്ലകളിലെയും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴ പെയ്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. പ്രത്യേക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടുമില്ല. ഇനി കേരളത്തില്‍ ചാറ്റല്‍ മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം വ്യക്തമാക്കി. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഗുണകരമാണ്.

രക്ഷാപ്രവര്‍ത്തനം സജീവം
രക്ഷാപ്രവര്‍ത്തനം വളരെ വേഗത്തിലാണ് നടക്കുന്നത്. എറണാകുളം ജില്ലയില്‍ പറവൂര്‍ പൂവത്തുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ ഇതുവരെ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. മഴ മാറിയതോടെ ഇവരെയും പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ആലുവ, തൃശൂരിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലകള്‍ എന്നിവ ഇപ്പോഴും വെള്ളത്തിലാണ്. തീരദേശ മേഖലകളും വെള്ളപ്പൊക്കത്തിലാണ്.

ചെറുതോണിയില്‍ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ചെറുതോണി ഉപ്പുതോട്ടില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇനിയും രണ്ടും മൃതദേഹം കൂടി കണ്ടെത്താനുണ്ട്. അതേസമയം ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകളെ കുറിച്ച് കുപ്രചാരണം നടത്തിയ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ജോയ്‌സ് ജോര്‍ജ് എംപിയുടെ കട്ടപ്പനയിലെ ക്യാമ്പിനെ കുറിച്ചായിരുന്നു കുപ്രചാരണം. തുടര്‍ന്ന് എംപി പരാതി നല്‍കിയിരുന്നു.

മലപ്പുറത്ത് പ്രശ്‌നങ്ങളില്ല
മലപ്പുറം ഏറെ കുറെ ശാന്തമായ അവസ്ഥയിലാണ്. മഴയും നിന്നിട്ടുണ്ട്. ശുചീകരണത്തിനായി ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ശുചീകരണത്തിനായി ജനകീയ കര്‍മസേനയുമുണ്ട്. അതേസമയം ആളുകള്‍ കുറഞ്ഞ് തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചുപൂട്ടും. ഭാരതപ്പുഴയിലെ ജലനിരപ്പും കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അതേസമയം മൂന്നിയൂര്‍ പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Recommended Video


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications