ദുരിതബാധിതർക്ക് വേണ്ടി സ്വാഹയുടേയും കുഞ്ഞനുജന്റെയും സംഭാവന.. 50 ലക്ഷം വിലയുള്ള സ്ഥലം
Recommended Video

കണ്ണൂര്‍: നിങ്ങളുടെ ചുറ്റിലും ഇപ്പോഴൊന്ന് നോക്കൂ.. പ്രളയവും വെള്ളപ്പൊക്കവും കണ്ണീരും ദുരിതവും മാത്രമല്ല കാണുക. ഈ ദുരന്തത്തെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പിക്കുന്ന, നമ്മള്‍ തോറ്റ് പോയ ജനതയല്ലെന്ന ആത്മവിശ്വാസം നൽകുന്ന, തകര്‍ന്ന് പോയൊരു നാടിനെ വീണ്ടും കെട്ടിപ്പൊക്കാന്‍ കരുത്ത് പകരുന്ന ഒട്ടേറെ നന്മയുടെ കാഴ്ചകള്‍ കൂടി കാണാം.
കയ്യിലുള്ള മുഴുവന്‍ പുതപ്പുകളും കേരളത്തിന് നല്‍കിയ മധ്യപ്രദേശുകാരന്‍ വിഷ്ണുവും പണക്കുടക്ക പൊട്ടിച്ച് കുഞ്ഞു സമ്പാദ്യം മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ കുഞ്ഞുങ്ങളും സ്വര്‍ണം ഊരി നല്‍കുന്ന അമ്മമാരും പെന്‍ഷന്‍ കാശ് മുഴുവനായും ദുരിതാശ്വാസത്തിന് നല്‍കുന്ന വൃദ്ധജനങ്ങളും.. അങ്ങനെ നന്മയുടെ വലിയൊരു കടല്‍ കാണാം ചുറ്റിലും

കണ്ണൂർക്കാര് വേറെ ലെവലാണ്
ആത്മാര്‍ത്ഥയുടെ കാര്യത്തില്‍ പണ്ടേ ഒരൽപം മുന്നിലാണ് കണ്ണൂര്‍ക്കാര്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരുകാരി സ്വാഹ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സ്വന്തം നാട് സഹായത്തിന് വേണ്ടി കേഴുമ്പോള്‍ പണം കെട്ടിപ്പിടിച്ച് ഇരിക്കേണ്ടവരല്ല നമ്മളെന്ന ബോധമുണ്ട് ഈ കൗമാരക്കാരിക്ക്. അതുകൊണ്ട് തന്നെ ഈ തീരുമാനമെടുക്കാന്‍ സ്വാഹയ്ക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.

50 ലക്ഷത്തിന്റെ സ്ഥലം
തനിക്കും കുഞ്ഞനുജനായ ബ്രഹ്മയ്ക്കും വേണ്ടി ഭാവിയിലേക്ക് അച്ഛന്‍ കരുതി വെച്ച സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ഒരുക്കത്തിലാണ് ഈ മിടുക്കി. 50 ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലമാണ് ദുരിതബാധിതരെ സഹായിക്കാനായി സ്വാഹയും ബ്രഹ്മയും നല്‍കുന്നത്. അച്ഛന്റെ അനുവാദത്തോടെ തന്നെ.

സ്വാഹയുടെ കത്ത്
പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സ്വാഹ. അതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയാണ് അനുജന്‍ ബ്രഹ്മ. സ്ഥലം സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് സ്വാഹ ഒരു കത്തും എഴുതിയിട്ടുണ്ട്. തങ്ങളിനി എന്ത് ചെയ്യണം എന്ന് ചോദിക്കുന്ന ആ കത്ത് ഇങ്ങനെയാണ്:

അച്ഛൻ കരുതി വെച്ച സ്വത്ത്
സര്‍, അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നല്ലേ.. നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍( നൂറ് സെന്റ്) സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത് ?വിനീത വിധേയര്‍, സ്വാഹ, ബ്രഹ്മ

ഇത്തരം കുഞ്ഞുങ്ങളാണ് സ്വത്ത്
സോഷ്യല്‍ മീഡിയ ഈ കുട്ടികളുടെ നന്മയ്ക്ക് മേല്‍ അഭിനന്ദന പ്രവാഹമാണ് ചൊരിയുന്നത്. കുട്ടികള്‍ എഴുതിയ കത്തും ചിത്രവും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. നാടും വീടും സ്‌കൂളും ഈ കുട്ടികളുടെ തീരുമാനത്തെ അത്ഭുതത്തോടെയാണ് കേട്ടത്. നാടിനായ് നാടിന്ടെ മാറ്റത്തിനായ്
ഈ കുട്ടിയെ പോലെ ആയിരം മക്കള്‍ ഉണ്ടായാല്‍ പിന്നെ നമ്മുടെ നാട് പഴയ കേരളമാവും....തീര്‍ച്ച എന്നാണ് ഒരാൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications