കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയകാലത്ത് സൂപ്പർ ഹീറോ ആയതിന് പിന്നാലെ പരിഹാസം.. ടൊവിനോ തോമസിന്റെ മറുപടി

Google Oneindia Malayalam News

കൊച്ചി: ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നിന്ന താരമാണ് നടന്‍ ടൊവിനോ തോമസ്. സ്വന്തം നാടായ തൃശൂരും എറണാകുളത്തുമടക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ വിശ്രമില്ലാതെ രംഗത്ത് ഇറങ്ങിയിരുന്നു.

ചിലരൊഴികെ ഭൂരിപക്ഷ താരങ്ങളും ഫേസ്ബുക്ക് പോസ്റ്റിനപ്പുറത്തേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതെ മാറി നിന്നപ്പോളാണ് നാട്ടുകാരില്‍ ഒരാളായി ടൊവിനോ മുന്നിട്ട് ഇറങ്ങിയത്. എന്നാല്‍ ടൊവിനോയുടേത് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്നാണ് ഒരു വിഭാഗം പരിഹസിച്ചത്. നടന്‍ അതിന് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.

തങ്ങളാരും മണ്ടന്മാരല്ല

തങ്ങളാരും മണ്ടന്മാരല്ല

പ്രളയമുഖത്ത് താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് ഇറങ്ങിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്ന പ്രചാരണം തന്നെ വേദനിപ്പിച്ചുവെന്ന് ടൊവിനോ തോമസ് പറയുന്നു. സേവന രംഗത്തേക്ക് ഇറങ്ങിയത് മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ്. ഈ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാനായി തിയറ്ററില്‍ വരുമെന്ന് കരുതാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍.

മതം മനുഷ്യത്വമാണ്

മതം മനുഷ്യത്വമാണ്

ഈ ചെയ്യുന്നതെല്ലാം മനുഷ്യത്ത്വത്തിന്റെ പേരിലാണ്. തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയും മതവുമേ ഉള്ളൂ. അത് മനുഷ്യത്വം ആണ്. അതിന്റെ പേരിലാണ് ഈ ചെയ്യുന്നത്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടിട്ടില്ലെങ്കിലും കുഴപ്പമില്ലെന്നും ടൊവിനോ തോമസ് പറയുന്നു. അല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറയരുത്.

സിനിമ നിങ്ങൾ കാണേണ്ട

സിനിമ നിങ്ങൾ കാണേണ്ട

അങ്ങനെ കേള്‍ക്കുന്നത് സങ്കടകരമാണ്. ഞങ്ങള്‍ക്ക് ഇങ്ങോട്ട് ഒന്നും വേണ്ട. നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണേണ്ട. ഞങ്ങളിത് ചെയ്‌തോളാം എന്നും ടൊവിനോ തോമസ് പറഞ്ഞു. പ്രളയം വിഴുങ്ങിയ തൃശൂരിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളില്‍ സഹായം എത്തിക്കുന്നതിലും നാട്ടുകാര്‍ക്കൊപ്പം ഇറങ്ങിയ ടൊവിനോയുടെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പിന്നാലെ പരിഹാസം

പിന്നാലെ പരിഹാസം

ഗ്യാസ് സിലിണ്ടറും ചാക്ക് കെട്ടുകളും ഇറക്കാന്‍ സഹായിക്കുന്ന ടൊവിനോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സൂപ്പര്‍താരങ്ങള്‍ ടൊവിനോയെ കണ്ട് പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്. എന്നാല്‍ മറുവിഭാഗം ടൊവിനോയെ പരിഹസിച്ച് രംഗത്ത് വന്നു. ചെയ്യുന്ന സേവനം ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നാണ് പരിഹാസം.

ദുരന്ത മുഖത്തെ താരം

ദുരന്ത മുഖത്തെ താരം

അഞ്ച് ദിവസമായി ടൊവിനോ മുഴുവന്‍ സമയവും സേവനത്തിന് വേണ്ടി നീക്കി വെയ്ക്കുകയായിരുന്നു. ആറാട്ടുപുഴയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിയെന്ന് അറിഞ്ഞപ്പോഴാണ് നാടിനെ പ്രളയം വിഴുങ്ങിയെന്ന് ടൊവിനോ മനസ്സിലാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു അത്. പിന്നെ ഒന്നും നോക്കിയില്ല. സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങുന്നതിന് പകരം പുറത്തേക്ക് ഇറങ്ങി.

ക്യാമ്പുകളിലേക്ക് ഓട്ടം

ക്യാമ്പുകളിലേക്ക് ഓട്ടം

ദുരിതബാധിതരെ രക്ഷപ്പെടുത്തുന്നതിനും സഹായിക്കുന്നതിനുമായി നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടൊവിനോ തോമസ് ഇറങ്ങിത്തിരിച്ചത്. പനംകുളത്തെ ക്യാമ്പിലാണ് ആദ്യം ചെന്നത്. അവിടെ തുടക്കത്തില്‍ നാല് കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. അവര്‍ക്കുള്ള ഭക്ഷണമെത്തിച്ച ശേഷം നടനും കൂട്ടരും മടങ്ങി.

നാട്ടുകാർക്കൊപ്പം സജീവം

നാട്ടുകാർക്കൊപ്പം സജീവം

പിന്നീടുള്ള ദിവസങ്ങളില്‍ പുല്ലൂറ്റ് എസ്എന്‍ഡിപി എല്‍പി സ്‌കൂള്‍, ലിസി സ്‌കൂള്‍, നടവരമ്പ് ഗവ. എച്ച്എസ്, സെന്റ് മേരീസ് തുടങ്ങിയ ക്യാമ്പുകളിലെല്ലാം ടൊവിനോ അവശ്യ സാധനങ്ങളെത്തിച്ചു. കാറില്‍ സാധനങ്ങളുമായി വന്നിറങ്ങി കൊടുത്ത് തിരിച്ച് പോവുകയല്ല നടന്‍ ചെയ്തത്. അവ വാഹനത്തില്‍ നിന്ന് ഇറക്കാനും വിതരണം ചെയ്യാനുമടക്കം സഹായിക്കുകയും ചെയ്തു. ദുരിതത്തിലായവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയമൊരുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞും താരം കയ്യടി നേടിയിരുന്നു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08


keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Flood 2018: Actor Tovino Thomas about criticism against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X