പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ സഹായ പ്രവാഹം; 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ഇന്നെത്തും
Recommended Video

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ കേരളത്തിന് കൈത്താങ്ങായി സഹായപ്രവാഹമാണ്. സാധാരണക്കാർ മുതൽ വിവിധ സംസ്ഥാന സർക്കാരുകളും ജീവനക്കാരും ഉൾപ്പെടെയുള്ലവർ സഹായ വാഗ്ദാനവുമായി രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്രസർക്കാർ 50000 മെട്രിക് ഭക്ഷ്യധാന്യങ്ങൾ തിങ്കളാഴ്ച കേരളത്തിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
100 മെട്രിക് ടൺ പയറുവർഗങ്ങൾ, 22 ലക്ഷം ലിറ്റർ ശുദ്ധജലം, 9300 ലിറ്റർ മണ്ണെണ്ണ, 60 ടൺ തുടങ്ങിയവയും ലഭ്യമാക്കും. പുതപ്പുകളും കിടക്കവിരികളുമായി പ്രത്യേക ട്രെയിൻ അയക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 3734 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,46,680 ആളുകളാണ് കഴിയുന്നത്.

2500 ടൺ അരി
ചത്തീസ്ഗഢ് സർക്കാർ പ്രഖ്യാപിച്ച 2500 ടൺ അരിയുമായി റെയിൽ വേയുടെ പ്രത്യേക തീവണ്ടി റായ്പ്പൂരിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. യാതൊരു ചാർജും ഈടാക്കാതെയാണ് റെയിൽവേ ഈ സർവീസ് നടത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം 60 ടൺ അവശ്യ വസ്തുക്കൾ ഇന്ന് കേരളത്തിൽ എത്തിക്കും. 14 ലക്ഷം ലിറ്റർ കുടിവെള്ളവും എത്തിക്കും. 8 ലക്ഷം ലിറ്റർ കുടിവെള്ളവുമായി നേവിയുടെ ഐ എൻ എസ് ദീപകും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിൽ നിന്നും
മഹാരാഷ്ട്ര സർക്കാർ 30 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ 5 ടൺ തിങ്കളാഴ്ച എത്തും. 6.5 ടൺ നേരത്തെ തന്നെ കേരളത്തിൽ എത്തിയിരുന്നു. ഭക്ഷ്യധാന്യങ്ങൾ, സാനിറ്ററ നാപ്കിനുകൾ, മരുന്നുകൾ ഉൾപ്പെടെയാണിത്.

ഒരു ദിവസത്തെ ശമ്പളം
ഉത്തർപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയിലേയും രാജസ്ഥാനിലെയും ഐ എ എസ് ഉദ്യോഗസ്ഥരും ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഒഡീഷയിൽ നിന്നും
കേന്ദ്ര ഭക്ഷ്യ, പൊതു വിതരണ മന്ത്രാലയം 50000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് കേരളത്തിലേക്ക് എത്തിക്കുക. ഉപഭോക്ത കാര്യമന്ത്രാലയം 100 മെട്രിക് ടൺ ധാന്യങ്ങളും എത്തിക്കും. 245 ഫയർ സർവീസ് ഉദ്യോഗസ്ഥരെയും 75 പവർ ബോട്ടുകളുമാണ് ഒഡീഷ സർക്കാർ കേരളത്തിലേക്ക് അയച്ചത്. 5 കോടി രൂപയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

സഹായപ്രവാഹം
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി 10 കോടി രൂപയാണ് ഇന്നലെ വാഗ്ദാനം ചെയ്തത്. സിനിമാ താരങ്ങളും, ബിസിനസ്സുകാരും, പ്രവാസികളും സാധാരണക്കാരായ ജനങ്ങളും ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്വലിയൊരു തുക ഇതിനോടകം കൈമാറിയിട്ടുണ്ട്. ഇരുപതിനായിരം കോടിയിൽ അധികം രൂപയുടെ നാശ നഷ്ടങ്ങളാണ് കേരളത്തിനുണ്ടായത്.

നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications