ദിദാണ് കേരള മോഡൽ.. ദുരിതാശ്വാസ ക്യാമ്പിൽ അന്യായ ഡപ്പാംകൂത്ത്.. ആസിയ താത്തയും ആൽബി ചേട്ടനും
ചേരാനെല്ലൂര്‍: പ്രളയ ദുരന്തത്തില്‍ നിന്നും കേരളം കരകയറിത്തുടങ്ങിയിരിക്കുകയാണ്. എല്ലായിടത്തും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ലക്ഷങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവരാണ് അവരില്‍ ഭൂരിപക്ഷവും.
എങ്കിലെന്താ, തളരാത്ത പൊരുതാനുറപ്പിച്ച ഒരു മനസ്സുണ്ട് മലയാളിക്ക് എന്ന് കാണിച്ച് തരുന്നു ചില ദൃശ്യങ്ങള്‍. ഒരു പ്രളയത്തിനും തോല്‍പ്പിക്കാനാവില്ല ഈ ജനതയെ എന്ന ആത്മവിശ്വാസം പകരുന്ന ദൃശ്യങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളിലെ മാത്രമല്ല, കേരളത്തിന്റെ മൊത്തം താരങ്ങളായി മാറിയിരിക്കുകയാണ് ആസിയ താത്തയും ആല്‍ബി ചേട്ടനും. എങ്ങനെയെന്നല്ലേ..

ഈ മനുഷ്യരെന്തൊരു മനുഷ്യരാണ്
സ്വന്തം വീട് പോലാവില്ല ഒരാള്‍ക്കും മറ്റൊരിടം. അതും സമ്പാദ്യമടക്കം എല്ലാം നഷ്ടപ്പെട്ട്, മുന്നോട്ടുള്ള ജീവിതം എന്താകുമെന്ന് ഒരു പിടിയുമില്ലാതെ നില്‍ക്കുന്നവര്‍ക്ക്. എങ്കിലും ജീവിതം തിരിച്ച് പിടിക്കാനാവും കേരളത്തിന് എന്ന് പ്രതീക്ഷ നല്‍കുന്ന ചിലരുണ്ട് നമുക്ക് ചുറ്റും. ഏത് വലിയ വിഷമത്തിനിടയിലും ചങ്കൂറ്റത്തോടെ നില്‍ക്കുന്ന ചില സാധാരണ മനുഷ്യര്‍.

ക്യാമ്പാണ് പോലും ക്യാമ്പ്
സംസ്ഥാനത്ത് അങ്ങിങ്ങായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിതവും കഷ്ടപ്പാടും മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. അവിടെ പാട്ടും ഡാന്‍സും ചിരിയും കളികളും കൂടിയുണ്ട്. അത്തരം ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അതിലൊന്ന് ചേരാനെല്ലൂര്‍ വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ളതാണ്.

ദിദാണ് കേരള മോഡൽ
കളക്ടര്‍ ബ്രോ പ്രശാന്ത് നായരാണ് ഈ ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോ ഫേസ്ബുക്കില്‍ പങ്ക് വെച്ചത്. ദുരിതാശ്വാസ ക്യാമ്പ് : കേരള മോഡൽ. മറ്റുള്ളവർക്ക് കണ്ട് പഠിക്കാൻ ഒരു പാഠം കൂടി. ചേരനല്ലൂർ വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ആസിയ ബീവി & പിള്ളേർ സെറ്റ് എന്ന് വീഡിയോക്ക് താഴെ പ്രശാന്ത് നായര്‍ കുറിച്ചു.

ഡാൻസ് വേണോ.. ദാ പിടിച്ചോ
സംഭവം നല്ല അസ്സല്‍ ഡാന്‍സ് ആണ്. ജിമിക്കി കമ്മല്‍ ഡാന്‍സ്. ആസിയ ബീവിയെന്ന താത്ത തലയിലെ തട്ടം മുറുക്കിക്കെട്ടി, ഉടുത്തിരിക്കുന്ന മാക്സിയൊന്ന് കയറ്റിക്കുത്തി ക്യാമ്പിലെ പിള്ളേര്‍ സെറ്റിനൊപ്പം ജിമിക്കി കമ്മല്‍ പാട്ടിന് നല്ല പൊളപ്പന്‍ ചുവട് വെയ്ക്കുന്ന ദൃശ്യം. ആവേശം മുറുകുമ്പോള്‍ ക്യാമ്പിലുള്ള മറ്റൊരു സ്ത്രീയും ഇവര്‍ക്കൊപ്പം ചേരുന്നതും കാണാം.

ബ്രോയ്ക്കും ആവാം രണ്ട് സ്റ്റെപ്പ്
ആസിയ താത്തയെ സോഷ്യല്‍ മീഡിയ അങ്ങേറ്റെടുത്തിരിക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്നിരിക്കുന്ന ഒരു ജനതയ്ക്ക് അത്രയേറെ ആത്മവിശ്വാസം പകരുന്ന ദൃശ്യമെന്ന് സോഷ്യല്‍ മീഡിയ ഒരേ സ്വരത്തില്‍ പറയുന്നു. കളക്ടര്‍ ബ്രോയുടെ പോസ്റ്റിന് താഴെയും അഭിനന്ദന പ്രവാഹമാണ്. ഒരു ഭംഗിക്ക് കളക്ടര്‍ ബ്രോടെ രണ്ട് സ്‌റ്റെപ്പും കൂടുണ്ടാരുന്നേല്‍ പൊളിച്ചേനെ എന്നാണൊരാളുടെ കമന്റ്.

ആൽബി ചേട്ടൻ മുത്താണ്
കോമഡി ഷോയില്‍ ഇടാനല്ലേ എന്ന രസകരമായ മറുപടിയും ഇതിന് പ്രശാന്ത് നായര്‍ നല്‍കിയിരിക്കുന്നു. ആസിയ താത്തയ്ക്ക് പിന്നാലെ മറ്റൊരു താരത്തേയും ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആല്‍ബി ചേട്ടനാണത്. എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലാണ് ആല്‍ബി ചേട്ടന്റെ ഡപ്പാം കൂത്ത് ഡാന്‍സ്.

പ്രളയമോ.. പോയി നാളെ വാ
ജിങ്കിലുമണി എന്ന തമിഴ് പാട്ടിനാണ് ആല്‍ബി ചേട്ടന്റെ തകര്‍പ്പന്‍ നൃത്തം. മൂലമ്പള്ളിക്കാരനാണ് ഈ ഡപ്പാംകൂത്തുകാരന്‍. ആല്‍ബി ചേട്ടനേയും സോഷ്യല്‍ മീഡിയ സ്‌നേഹം കൊണ്ട് പൊതിയുന്നു. ദുരിതത്തിലായ ആളുകളില്‍ ആത്മവിശ്വാസം പകരാന്‍ പല ക്യാമ്പുകളിലും വളന്റിയര്‍മാരടക്കം ചേര്‍ന്ന് ഇത്തരത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളം അതിജീവിക്കും എന്നതിന് തെളിവാണ് ആസിയ താത്തയേയും ആല്‍ബി ചേട്ടനേയും പോലുള്ളവര്‍.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications