കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കണ്ണൂരില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തും. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ വി ധര്‍മ റെഡ്ഡി, ഗ്രാമ വികസന മന്ത്രാലയം ഡയരക്ടര്‍ ധരംവീര്‍ ഝാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ സന്ദര്‍ശനത്തിനെത്തുക. മഴക്കെടുതി കൂടുതലുണ്ടായ ഇരിട്ടി താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും.

കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷം ജില്ലയിലെത്തുന്ന സംഘം ഇവിടെ നിന്ന് വൈകുന്നേരത്തോടെ വയനാട്ടിലേക്ക് തിരിക്കും. നാല് കേന്ദ്ര സംഘങ്ങളാണ് സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയുള്ള തീയതികളില്‍ കേരളത്തിലെ പ്രളയബാധിത ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നത്.

കണ്ണൂരില്‍ നഷ്ടം 731 കോടി

കണ്ണൂരില്‍ നഷ്ടം 731 കോടി

ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 731.4 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കണക്കുകള്‍. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഴക്കെടുതി അവലോകന യോഗത്തില്‍ ഇതേക്കുറിച്ചുള്ള അന്തിമ കണക്കുകള്‍ അവതരിപ്പിച്ചു.

30 പേര്‍ക്ക് ജീവന്‍ നഷ്ടമായി

30 പേര്‍ക്ക് ജീവന്‍ നഷ്ടമായി

കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ സംഭവങ്ങളിലായി ജില്ലയില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 122 വീടുകള്‍ പൂര്‍ണമായും 3429 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കോടിയിലേറെ രൂപയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്നതിലൂടെ മാത്രം ജില്ലയില്‍ കണക്കാക്കിയിരിക്കുന്നത്.

മഴക്കെടുതികള്‍ ബാധിച്ചത് 8639 കര്‍ഷകരെ

മഴക്കെടുതികള്‍ ബാധിച്ചത് 8639 കര്‍ഷകരെ

കാര്‍ഷികമേഖലയില്‍ 993.3 ഹെക്ടര്‍ കൃഷിയിടങ്ങളെ മഴക്കെടുതി ബാധിച്ചു. 27.80 കോടിയുടെ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. 8639 കര്‍ഷകരെ മഴക്കെടുതി നേരിട്ട് ബാധിച്ചു. കാറ്റിലും മഴയിലുമായി 566 ഹെക്ടറിലധികം നെല്‍കൃഷിയും 12.5 ഹെക്ടര്‍ പച്ചക്കറി കൃഷിയും 2.8 ലക്ഷം വാഴകള്‍, 7606 കവുങ്ങുകള്‍, 20000 റബ്ബര്‍, 4733 തെങ്ങ്, 3819 കശുമാവ്, 32.4 ഹെക്ടര്‍ കപ്പ, 2303 കുരുമുളക് വള്ളികള്‍, 94 ജാതിക്ക എന്നിവയും നശിച്ചു. ഇരിട്ടി താലൂക്കില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പലയിടങ്ങളിലും കൃഷിഭൂമി അപ്പാടെ ഒലിച്ചുപോയ സംഭവങ്ങളുമുണ്ടായി.

ഏറ്റവും വലിയ നാശം റോഡുകള്‍ക്ക്; 622 കോടി

ഏറ്റവും വലിയ നാശം റോഡുകള്‍ക്ക്; 622 കോടി

റോഡുകള്‍ തകര്‍ന്നാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 889.47 കിലോമീറ്റര്‍ റോഡുകള്‍, കള്‍വര്‍ട്ടുകള്‍, പാര്‍ശ്വഭിത്തികള്‍ എന്നിവ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന് 418 കോടി രൂപയുടെ നഷ്ടവും പാലങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ കാരണം 20 കോടി രൂപയുടെ നഷ്ടവുമാണ് കണക്കാക്കിയിരിക്കുന്നത്. ദേശീയപാതാ വിഭാഗത്തില്‍ 80.5 കിലോമീറ്റര്‍ റോഡും രണ്ട് പാലങ്ങളും ഭിത്തികളും തകര്‍ന്ന് 40.1 കോടി രൂപയുടെ നഷ്ടമുണ്ടായി. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡില്‍ മണ്ണിടിഞ്ഞ് 18.05 കോടിയുടെയും ഇരിട്ടി-നെടുമ്പൊയില്‍ റോഡില്‍ 6.75 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാശം

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാശം

ജില്ലയിലെപഞ്ചായത്തുകളുടെ കീഴിലുള്ള 879 കിലോമീറ്റര്‍ റോഡുകളാണ് ശക്തമായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നത്. 102 കോടി രൂപയുടെ നഷ്ടം ഇതുവഴിയുണ്ടായി. 10 സ്‌കൂളുകള്‍, 15 അംഗണവാടികള്‍, 10 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയ്ക്കും ഭാഗികമായ നാശനഷ്ടങ്ങളുയി. ഇതുവഴി 1.75 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. കണ്ണൂര്‍ കോര്‍പറേഷനില്‍ 86 കിലോമീറ്ററും നഗരസഭകളിലെ 210 കിലോമീറ്ററും റോഡുകള്‍ തകര്‍ന്ന് 24.2 കോടിയുടെ നഷ്ടമുണ്ടായി.

പുഴകളും തോടുകളും തകര്‍ന്നു

പുഴകളും തോടുകളും തകര്‍ന്നു

കേരള വാട്ടര്‍ അതോറിറ്റിയുടെ പാറക്കാമല, മുണ്ടയാംപറമ്പ് എന്നിവിടങ്ങളിലെ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍, ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പട്ടുവം ഭാഗത്തുള്ള വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, നാവിക അക്കാദമിയിലെ കുടിവെള്ള പദ്ധതി എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളിലായി 10.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഫിഷറീസ് വകുപ്പിന് 79.73 ലക്ഷത്തിന്റെ നാശനഷ്ടങ്ങളാണ് മഴക്കെടുതി കാരണം ഉണ്ടായത്. 36 ഇടങ്ങളിലായി 3.4 കിലോമീറ്റര്‍ നീളത്തില്‍ പുഴകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പിന് 16.5 കോടിയുടെ നഷ്ടമുണ്ടായി. ചെക്ക്ഡാമുകള്‍, കടല്‍ ഭിത്തികള്‍ എന്നിവയ്ക്ക് 19.38 കോടി രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. മൈനര്‍ ഇറിഗേഷന് ആര്‍സിബികള്‍ക്ക് 5 ലക്ഷത്തിന്റെ കേടുപാടുകളുണ്ടായി. പഴശ്ശി കനാല്‍ പദ്ധതിയുടെ 100 കിലോമീറ്റര്‍ പ്രധാന കനാലിനുണ്ടായ നാശം കാരണം 35 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ജലവിതരണ കനാലുകളില്‍ മൂന്നിടങ്ങളിലുണ്ടായ പൊട്ടല്‍ കാരണം 17 ലക്ഷം രൂപയുടെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അക്വാഡക്റ്റുകള്‍, സൂപ്പര്‍ പാസ്സേജുകള്‍, അണ്ടര്‍ കനാലുകള്‍, കനാല്‍ റോഡുകള്‍, ഷട്ടറുകള്‍ എന്നിവ തകര്‍ന്നതു കാരണം 5.32 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.

കെ.എസ്.ബി.ഇക്ക് 11 കോടി നഷ്ടം

കെ.എസ്.ബി.ഇക്ക് 11 കോടി നഷ്ടം

11 കോടിയുടെ നാശനഷ്ടങ്ങളാണ് കെ.എസി.ഇ.ബിക്ക് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. അഞ്ച് ട്രാന്‍സ്ഫോമറുകള്‍, 3650 തൂണുകള്‍, 150 കിലോമീറ്റര്‍ ലൈനുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റിംഗ് സ്റ്റേഷന്‍ എന്നിവ തകര്‍ന്നു. മണ്ണ് സംരക്ഷണ വിഭാഗത്തിനു കീഴില്‍ എട്ട് പഞ്ചായത്തുകളിലായുള്ള 12 പദ്ധതികളുടെ ചെക്ക്ഡാമുകള്‍, സംരക്ഷണ ഭിത്തികള്‍, കുളങ്ങള്‍ തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടം കാരണം 2.77 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. വനം വകുപ്പിന് 68.5 ലക്ഷം രൂപയുടെ നഷ്ടമാണ് മഴക്കെടുതിയെ തുടര്‍ന്നുണ്ടായത്. അടക്കാത്തോടുള്ള ആനമതില്‍, സൗരോര്‍ജ മതില്‍, ഗള്ളി പ്ലഗ്ഗിംഗുകള്‍ തുടങ്ങിയവ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. മൃസംരക്ഷണ വകുപ്പിന് കന്നുകാലികള്‍, കോഴികള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍, തൊഴുത്തുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശം കാരണം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

രണ്ട് ഘട്ടങ്ങളിലായാണ് കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. 2018 ജൂണ്‍ 12നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകത്തോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ആഗസ്ത് എട്ട് മുതലാണ് മഴക്കെടുതി ജില്ലയില്‍ ശക്തമായത്. ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളെയാണ് കാര്യമായി മഴക്കെടുതികള്‍ ബാധിച്ചത്.

English summary
Central team will visit various flood affected parts of Kannur today to asses damages due to heavy rains and landslide and flood followed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X