ഏഴ് ജില്ലകളില്‍ ഇന്നും കനത്ത മഴ; റെഡ് അലര്‍ട്ട്! അരലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍
തിരുവനന്തപുരം: ദുരന്തം വിതച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടുരുന്നു. ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്റര്‍ വരുന്ന അതിതീവ്രമഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പുണ്ട്. അതേസമയം ഉരുള്‍പൊട്ടിയ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്.
കവളപ്പാറയില്‍ ഇന്ന് രാവിലെയോടെ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും. മുപ്പതിലധികം വീടുകള്‍ ഇവിടെ മണ്ണിനടയില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ട് മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. വയനാട്ടിലെ പുത്തുമലയിലും രാവിലെയോടെ തിരച്ചില്‍ പുനരാരംഭിക്കും. ഇവിടെ അമ്പതോളം പേര്‍ ദുരന്തത്തില്‍പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കാസര്‍ഗോഡ് മലയോര പ്രദേശങ്ങളിലും അട്ടപാടിയിലും കനത്ത മഴ തുടരുകയാണ്. മഴ കനത്തതോടെ ബാണാസുര സാഗര്‍ ഡാം 10 മണിക്ക് തുറക്കും. അണക്കെട്ടിന് സമീപത്തുള്ളവര്‍ക്ക് ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മലമ്പുഴ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തെ ദുരിതപെയ്ത്തില്‍ ഇതുവരെ 44 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേർ കഴിയുന്നുണ്ട്.












Click it and Unblock the Notifications