കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവന്‍ കൈയ്യില്‍ പിടിച്ച്, കുത്തൊഴുക്കിലൂടെ കാലടിയിലേക്ക്... നേരിട്ടുകണ്ട, ചെയ്തുതീര്‍ത്ത കാര്യങ്ങൾ

Google Oneindia Malayalam News

മഹാപ്രളയത്തില്‍ പെട്ടവര്‍ക്ക് താങ്ങായവര്‍ ഒരുപാട് പേരുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ മാത്രം ആയിരിക്കും പുറം ലോകം അറിഞ്ഞിട്ടുണ്ടാവുക. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട വിവരങ്ങള്‍ സമാഹരിക്കാന്‍ വേണ്ടി ഉറക്കമിളച്ച് ഓണ്‍ലൈനില്‍ ഇരുന്നവരും അരയും തലയും മുറുക്കി വെള്ളത്തിലിറങ്ങിയവരും ഒരുപാടാണ്.

രണ്ടും കല്‍പിച്ച് രക്ഷാപ്രവര്‍ത്തനിറങ്ങിയവരുടെ അനുഭവങ്ങള്‍ പുറത്ത് വന്ന് തുടങ്ങുന്നതേയുള്ളൂ. അത്തരം ഒരു അനുഭവം ആണ് മനോജ് കെ ശ്രീധര്‍ പങ്കുവയ്ക്കുന്നത്. ചുംബന സമരംതൊട്ട് ഒരുപാട് സാമൂഹ്യ വിഷയങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ആളുകളാണ് മനോജും ജീവിത പങ്കാളിയായ രഹ്ന ഫാത്തിമയും. കാലടി സര്‍വ്വകലാശാലയില്‍ പെട്ടുപോയ നൂറുകണക്കിന് ആളുകളുടെ അടുത്തേക്ക് എത്തിപ്പെടാന്‍ തന്നെ മനോജും സുഹൃത്തും ഒരുപാട് കഷ്ടപ്പെട്ടു. ആ അനുഭവക്കുറിപ്പ് വായിക്കാം...

കേരളത്തിന് സഹായം വേണ്ടെന്ന വിവാദ ഓഡിയോ; സുരേഷ് കൊച്ചാട്ടില്‍ ബിജെപി ഐടി സെല്‍ അംഗമെന്ന്കേരളത്തിന് സഹായം വേണ്ടെന്ന വിവാദ ഓഡിയോ; സുരേഷ് കൊച്ചാട്ടില്‍ ബിജെപി ഐടി സെല്‍ അംഗമെന്ന്

പ്രളയാനുഭവങ്ങള്‍...

പ്രളയാനുഭവങ്ങള്‍...

എല്ലാവരെയും പോലെ ഞാനും ആദ്യം കൗതുകത്തോടെയാണ് വെള്ളപൊക്കവും ഡാം തുറന്നതുമായ വാർത്തകൾ കണ്ടുകൊണ്ടിരുന്നത്, മാധ്യമങ്ങൾ വാർത്തകൾ പെരുപ്പിച്ചു കാണിക്കുന്നതാണ് എന്നാണ് വിചാരിച്ചത് . എന്നാൽ ആലുവയിൽ വെള്ളം കയറി എന്നും എറണാകുളം തൃശൂർ റൂട്ടിൽ ട്രെയിനും ബസ്സും സർവീസ് നിറുത്തിയെന്നും അറിഞ്ഞപ്പോൾ ആണ് കാര്യത്തിന്റെ ഗൗരവം മനസിലായത്. അതിനിടയിൽ കാലടി യൂണിവേഴ്സിറ്റി വെള്ളം കയറി എന്നും 400 ഓളം കുട്ടികളെ ആൺ-പെൺ ഹോസ്റ്റലുകളിൽനിന്നും താത്കാലികമായി അടുത്തുള്ള മൂന്ന് നില കെട്ടിടത്തിലേക്ക് മാറ്റിയെന്നും അവർക്ക് ഭക്ഷണമോ വെള്ളമോ ഇല്ലെന്നും ജയശ്രീക്ക് ഫോൺവരുന്നത്. അടുത്തുള്ള ഏതെങ്കിലും റിലീഫ് കേന്ദ്രത്തിൽ പോയി കുറച്ചു ബ്രഡ് വാങ്ങി കൊടുത്ത്, വെള്ളത്തിൽ നിന്ന് രണ്ട് സെൽഫിയും എടുത്തു വരാൻ നിന്ന എന്നെ അവളാണ് കാലടിയിലേക്ക് പോയെ പറ്റൂ എന്ന് നിർബന്ധം പിടിച്ചു കൂടെ കൂട്ടിയത്. അപ്പോഴും മാധ്യമങ്ങൾ കാണിച്ചത്തിന് അപ്പുറമാണ് യാഥാർഥ്യം എന്ന് അറിയില്ലായിരുന്നു.

കുറച്ചു ബ്രഡും രണ്ട് കുല പഴവും അത്യാവശ്യ മെഡിസിനും 10 പാക്കറ്റ് സാനിറ്ററി നാപ്കിൻ കൂടെ കുറെ ബേക്കറി ഐറ്റംസും വാങ്ങി പാക്ക് ചെയ്തു ഒരു ലൈഫ് ജാക്കറ്റും 20 മീറ്റർ കയറും കത്തിയും ടോർച്ചും ലൈറ്ററും തുടങ്ങി പെട്ട് പോയാലും രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനും പറ്റിയ അവശ്യ സാധനങ്ങളുമായാണ് ബൈക്കിൽ രണ്ടു പേരും കൂടി എറണാകുളത്തു നിന്ന് ബൈക്കിൽ NH47 വഴി കാലടിക്ക് തിരിച്ചത് .

 കളമശ്ശേരിയില്‍ എത്തിയപ്പോള്‍...

കളമശ്ശേരിയില്‍ എത്തിയപ്പോള്‍...

കളമശ്ശേരി കഴിഞ്ഞപ്പോൾ തന്നെ പ്രളയത്തിന്റെ ഭീകരത വെളിവായി തുടങ്ങി. ആലുവ കമ്പനി പടി എത്തിയപ്പോൾ റോഡിൽ അരക്കൊപ്പം വെള്ളം പിന്നീട് അങ്ങോട്ട് ബൈക്കിൽ പോക്ക് നടക്കില്ല എന്ന് മനസിലായി. വണ്ടി ഉയരം കൂടിയ, റോഡിന്റെ ഒരു സൈഡിൽ പൂട്ടിവെച്ചു. ഒരു ലോറിയിൽ കയറിപറ്റി .അതിൽ വെള്ളത്തിലൂടെ ആലുവപാലം ക്രോസ് ചെയ്തു അത്താണി എയർ പോർട്ട് റോഡിൽ എത്തിച്ചേർന്നു.അതിനിടയിൽ റോഡും ഇരുവശത്തെ വീടുകളും വെള്ളത്തിൽ മുങ്ങിയത് കാണാമായിരുന്നു. അത്താണിയിൽ വെള്ളത്തിൽ പെട്ട് ഒരു ബസ് ഓഫ് ആയി പോയത് കാരണം റോഡ് മൊത്തം ബ്ലോക്ക് ആയി പിനീട് അങ്ങോട്ട് ലോറിയും പോകാൻ പറ്റാത്തവസ്ഥ ആയി. അവിടുന്ന് ലോറിയിൽ നിന്ന് ഇറങ്ങി 300 മീറ്ററോളം വെള്ളത്തിൽ കൂടി സന്നദ്ധ പ്രവർത്തകർ സഹായിച്ചും മീഡിയനിൽ പോസ്റ്റിൽ നിന്ന് പോസ്റ്റിലേക്ക് കെട്ടിയിട്ടിരുന്ന വടത്തിൽ പിടിച്ചു പിടിച്ചും ഒരുവിധം വെള്ളക്കെട്ടില്ലാത്ത റോഡിൽ എത്തിപ്പെട്ടു.

 അങ്കമാലിയിലേക്ക്

അങ്കമാലിയിലേക്ക്

അവിടെ നിന്ന് വാഹനങ്ങൾ കുറവായിരുന്നു. അങ്കമാലിക്ക് നടന്നു കൊണ്ടിരുന്നപ്പോൾ ആണ് കൈ കാണിച്ച ഒരു ബൈക്ക് നിറുത്തി ഞങ്ങൾ രണ്ടു പേരെയും മൂന്ന് കിലോമീറ്റർ അപ്പുറം വരെ എത്തിച്ചു തന്നത്. അവിടെ നിന്ന് ഒരു ഫാമിലി സഞ്ചരിച്ചിരുന്ന ഒരു ഇന്നോവ കാർ ഞങ്ങൾക്ക് അങ്കമാലി വരെ ലിഫ്റ്റ് തന്നു. അങ്കമാലിയിൽ നിന്ന് കാലടിക്ക് വാഹനങ്ങൾ പോകില്ലായിരുന്നു. ഒരു ഓട്ടോ റിക്ഷ ചേട്ടൻ വെള്ളം നിറഞ്ഞു കുത്തിയൊഴുകുന്ന ഒരു പാലം വരെ എത്തിച്ചു തന്നു.

വെള്ളത്തിന്റെ രൗദ്രഭാവം

വെള്ളത്തിന്റെ രൗദ്രഭാവം

വീണ്ടും മുന്നോട്ട് പോകാൻ വഴി ഇല്ലാതെ വെള്ളത്തിൻറെ രൗദ്ര ഭാവം കണ്ടു പകച്ചു നിന്നപ്പോൾ ആണ് ചിലർ കൈകൾ കോർത്ത് പിടിച്ചു ഒഴുക്ക് വകവെക്കാതെ പാലത്തിലൂടെ അക്കരെ കടക്കാൻ ശ്രമിക്കുന്നത് കണ്ടത്. അവരോടൊപ്പം കൂടി അതി സാഹസികമായി അക്കരെ കടന്നു .അവിടെ വെള്ളക്കെട്ട് കാരണം നിറുത്തി ഇട്ടിരുന്ന ഒരു കാറുകാരനോട് ഞങ്ങൾക്ക് കാലടി പോകണമെന്ന് പറഞ്ഞപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തി എങ്കിലും ഞങ്ങൾക്ക് എത്തിയെ തീരൂ എന്നും മാധ്യമങ്ങളോ രക്ഷാ പ്രവർത്തകരോ പോലുമെത്തിപ്പെടാനാവാത്ത അവസ്ഥയിൽ ആണ് അവിടുള്ള കുട്ടികൾ എന്നും നീന്തി ആണെങ്കിലും എന്തുറിസ്‌ക് എടുത്തും പോയെ തീരൂ എന്ന് വാശി പിടിച്ചപ്പോൾ ഞങ്ങളെ മറ്റൂർ എന്നസ്ഥലംവരെ എത്തിച്ചു തരാൻ ആൾ തയ്യാറായി.

നേവിയുടെ ബോട്ടില്‍ യൂണിവേഴ്സിറ്റിയിലേക്ക്

നേവിയുടെ ബോട്ടില്‍ യൂണിവേഴ്സിറ്റിയിലേക്ക്

മറ്റൂർ നിന്നും കാലടി യൂണിവേഴ്സിറ്റിയിലേക്ക് ഒരു കിലോമീറ്ററോളം ദൂരം വെള്ളത്തിൽ മുങ്ങിയും കുത്തൊഴുക്കും ആയി കിടക്കുകയായിരുന്നു. കാറുകളും ബസുകളും മുങ്ങികിടക്കുന്നത് കാണാമായിരുന്നു. ഒരു ലോറി ഒഴുകി ട്രാൻസ്ഫോമറിന് മേൽ ഇടിച്ചു നിൽക്കുന്നത് ഭീതി ഉളവാക്കി. പിന്നീട് അങ്ങോട്ട് എങ്ങനെ പോകാം എന്ന് പ്ലാൻ ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് നേവിയുടെ ബോട്ടുമായി ആറ് പേര് എത്തിയത്. അവരെ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി അവരുടെബോട്ടിൽ യൂണിവേഴ്സിറ്റിയിൽ എത്തിച്ചേർന്നു

അത്രയും അരക്ഷിതമായ സാഹചര്യം

അത്രയും അരക്ഷിതമായ സാഹചര്യം

പുറത്തു പ്രചരിച്ചിരുന്ന പോലെ സെയിഫ് ആയിരുന്നില്ല അവിടുള്ള അവസ്ഥ. 400ഓളം വിദ്യാർത്ഥികളും 200 ന് അടുത്ത് നാട്ടുകാരും കൂടി ഒരു ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിൽ ബാത് റൂമോ കറന്റോ ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ പെട്ട് ഇരിക്കുകയായിരുന്നു. അവിടെ നിന്ന് അവിടുത്തെ അവസ്ഥ മൊബൈലിൽ വീഡിയോ എടുത്തു ചാനലിന് കൊടുത്തു.സഹായം തേടാനുള്ള നമ്പറുകൾ ഒന്നും വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല അപ്പോഴേക്കും നേവിയുടെ ബോട്ട് കേടായെന്ന് പറഞ്ഞു അവരും തിരിച്ചു പോയി.

 അതീവ റിസ്കില്‍ ചെയ്തു കൂട്ടിയത്

അതീവ റിസ്കില്‍ ചെയ്തു കൂട്ടിയത്

കുറച്ചു കുട്ടികളെ കൂട്ടി വെള്ളത്തിലൂടെ റിസ്ക് എടുത്തുപോയി അടുത്തുള്ള കടകൾ കുത്തി തുറന്നു അരിയും പലവ്യഞ്ജനങ്ങളും ബേക്കറി സാധനങ്ങളും മിനറൽ വാട്ടർ കുപ്പികളും എടുത്തു. മറ്റുചിലർ മെസ്സ് നിൽക്കുന്ന ഹാളിലേക്ക് നീന്തി പോയി ചെരുവങ്ങളും ഗ്യാസും എടുത്തു കൊണ്ട് വന്നു ഒരു ടീച്ചറുടെ മേൽനോട്ടത്തിൽ അരിയും പയറും ചേർത്ത് കഞ്ഞി വെച്ച് ഡിസ്പോസിബിൾ പ്ളേറ്റുകൾ കഴുകി എടുത്തു എല്ലാവര്‍ക്കും കുറച്ചു വെച്ച് കൊടുത്തു. അതിനിടയിലും സഹായത്തിനായി എല്ലാ മേഖലകളിലും നമ്പറുകളിലും വിളിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.

രക്ഷതേടിയുള്ള വിളികള്‍

രക്ഷതേടിയുള്ള വിളികള്‍

അതിനിടയിൽ കാലടിയിൽ ഞാൻ ഉണ്ട് എന്നും പറഞ്ഞു ആരോ എന്റെ നമ്പർ ഫേസ് ബുക്ക് വഴി പബ്ലിഷ് ചെയ്തു. അവിടുന്നങ്ങോട്ട്, രക്ഷിക്കണം വീടിന്റെ രണ്ടാം നിലയിൽ പെട്ടുപോയി എന്നും പറഞ്ഞ് കോളുകളുടെ ബഹളം ആയിരുന്നു. നേവിയെ വിളിക്കൂ എനിക്ക് ഒന്നും ചെയ്യാനാവില്ല എന്നെല്ലാം പറഞ്ഞു നോക്കിയെങ്കിലും ആരും ഫോൺ എടുക്കുന്നില്ല മൊബൈൽ ഇപ്പോൾ ഓഫ് ആകും രക്ഷിക്കൂ പ്ലീസ് എന്നെല്ലാം വീണ്ടും കോളുകൾ നിറുത്താതെ വന്നു തുടങ്ങിയപ്പോൾ വെറുതെ ഇരിക്കാൻ ആയില്ല.

ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം

ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം

വീണ്ടും പുറത്തിറങ്ങി സാഹസികരായ കുറച്ചു സ്റുഡന്റ്സിന്റെ ഒപ്പം മണ്ണെണ്ണ കാൻ വെച്ച് ചങ്ങാടം ഉണ്ടാക്കിയും ഫ്രിഡ്ജിന്‍റെ ഡോർ എടുത്തു കളഞ്ഞു മലർത്തി ഇട്ടു ചങ്ങാടം പോലെ ആക്കിയും പോലീസ് ഉപേക്ഷിച്ചുപോയ ചെറിയൊരു കൊതുമ്പു വള്ളം എടുത്തും യൂണിവേഴ്സിറ്റിയുടെ അടുത്തുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ രക്ഷിച്ചു കൊണ്ട് വന്നു യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് ആക്കി. രാത്രി വരെ ഇത്തരം ശ്രമം തുടർന്നു .പിന്നീട് മഴ കൂടിയതും ഇരുട്ട് വ്യാപിച്ചതും രക്ഷാപ്രവർത്തനം നടത്താൻ ബുദ്ധിമുട്ടുണ്ടാക്കി.പിനീട് വന്ന കോളുകൾക്കെല്ലാം ധൈര്യമായിരിക്കൂ ഇനി വെള്ളം കൂടില്ല രാവിലെ തന്നെ ഞങ്ങൾ വരാം എന്നെല്ലാം പറഞ്ഞു സമാധാനിപ്പിക്കാനേ ആയുള്ളൂ.

നിവൃത്തിയില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും....

നിവൃത്തിയില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും....

പിറ്റേന്ന് രാവിലെ തന്നെ വീണ്ടും കോളുകൾ വന്നു തുടങ്ങി കുറച്ചു കുടി വെള്ളമെങ്കിലും എത്തിച്ചു തരാൻ ആവശ്യപ്പെട്ടുകൊണ്ട്. എന്ത് ചെയ്യണം എന്നറിയേ നിൽക്കുമ്പോൾ ആണ് ഒരു ഫ്രൂട്ട്സ് വണ്ടി പകുതി വെള്ളത്തിൽ ആയി നിറുത്തി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. പിന്നെ ഒന്നും നോക്കിയില്ല വണ്ടിയിൽ നിന്ന് 20 ഓളം ആപ്പിൾ പെട്ടികൾ എടുത്തു യൂണിവേഴ്സിറ്റി ക്യാമ്പിലേക്കും 1200 ഓളം പേരുള്ള ആശ്രമം സ്‌കൂളിലേക്കും ചങ്ങാടത്തിൽ കൊടുത്തുവിട്ടു . എതിർക്കാൻ വന്ന ഡ്രൈവറോട് കളക്ടർ കാശ് തരും എന്ന് സമാധാനിപ്പിച്ചു. അടുത്തുള്ള ബേക്കറി ഹോൾസെയിൽ കടയിൽ നിന്ന് താഴ് പൊട്ടിച്ച് ബിസ്കറ്റും മിനറൽ വാട്ടർ ബോട്ടിലുകളും എടുത്തു കുറച്ചു ആപ്പിളും കൂടി വള്ളത്തിൽ കയറ്റി വഴി അറിയാവുന്ന നാട്ടുകാരെയും കൂടെ കയറ്റി മുങ്ങിപ്പോയ വീടുകളുടെ രണ്ടാംനിലയിൽ കുടുങ്ങിപോയവർക്ക് മിനിമം ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്തു. ചില വീടുകളുടെ മതിൽ കെട്ടിൽ ഇടിച്ചു വള്ളം കേടായി. മതിലിന് മുകളിൽ വെച്ചിട്ടുള്ള കുപ്പിച്ചില്ല് ആണി തുടങ്ങിയവ കൊണ്ട് നീന്തിയുള്ള രക്ഷാ പ്രവർത്തനം ബുദ്ധിമുട്ടായി.

അത്യന്തം സാഹസികമായി

അത്യന്തം സാഹസികമായി

ഉച്ചയോടെ തിരിച്ചു എറണാകുളത്തേക്ക് വരണം എന്ന് കരുതി ഇറങ്ങി. ഒരു ബോട്ട് അറേഞ്ച് ചെയ്താലേ അടുത്ത ഘട്ടം രക്ഷാപ്രവർത്തനം സാധ്യമാകൂ എന്ന് മനസ്സിലായിരുന്നു. തിരിച്ചു വരാൻ ഒരു കിലോമീറ്റർ നീന്തി മറ്റൂർ എത്തണമായിരുന്നു. അത് അത്യന്തം റിസ്ക് ആയിരുന്നു. സാഹസികമായി ആണെങ്കിലും ഇക്കരെ കടക്കാൻ താല്പര്യമുള്ള 10 പേരെ കൂടെ കിട്ടി. എന്റെ കയ്യിൽ ഉണ്ടായിരുന്ന കയർ അരയിൽ കെട്ടി ആദ്യം ഒരാൾ നീന്തി തൊട്ടടുത്ത പോസ്റ്റിൽ കയർകെട്ടി എല്ലാവരെയും കയറിൽ പിടിച്ചു അങ്ങോട്ട് എത്തിച്ചു വീണ്ടും അടുത്ത പോസ്റ്റിലേക്കോ മരത്തിലേക്കോ നീന്തി അങ്ങോട്ട് കയർ കെട്ടി എല്ലാവരെയും സുരക്ഷിതമായി ഇക്കരെ മറ്റൂർ വരെ എത്തിക്കാൻ ആയി. അതിനിടയിൽ ഒരാൾ ഒലിച്ചു പോയെങ്കിലും ഒരു മരത്തിൽ തടഞ്ഞു നിന്നതിനാൽ രക്ഷിക്കാൻ ആയി. പക്ഷെ എന്റെ മൊബൈലും ബാഗും വെള്ളത്തിൽ പോയി.

പിന്നേയും ദുരിതയാത്ര, സഹായത്തിന് അന്യസംസ്ഥാനക്കാര്‍

പിന്നേയും ദുരിതയാത്ര, സഹായത്തിന് അന്യസംസ്ഥാനക്കാര്‍

മറ്റൂർ നിന്ന് അങ്കമാലി എത്താൻ ഒരു വഴിയും ഇല്ലായിരുന്നു നടക്കുകയല്ലാതെ. രണ്ടിടത്ത് വെള്ളകെട്ട് ഉണ്ടായിരുന്നെങ്കിലും നടന്നു ക്രോസ് ചെയ്യാൻ കഴിഞ്ഞു. അങ്കമാലിക്ക് 4 കിലോമീറ്റർ അടുത്തെത്തിയപ്പോൾ ഇങ്ങോട്ട് ക്രോസ് ചെയ്തു വന്ന പാലം തോട് കരകവിഞ്ഞു ഒഴുകി അടുത്ത പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയിരുന്നു ഒഴുക്കും കൂടിയിരുന്നു. അപ്പുറം ഒരു തരത്തിലും കടക്കാൻ ആകാത്ത അവസ്ഥ. അപ്പോഴാണ് കുറച്ചു ബംഗാളികൾ വന്നു എന്നെ പരിചയപ്പെടുന്നത്. നാളെ വെള്ളം ഇറങ്ങിയ ശേഷം പോകാമെന്നും ഇന്ന് അവരുടെ കൂടെ താമസിക്കാനും അടുത്തുള്ള പള്ളി നടത്തുന്ന റിലീഫ് ക്യാമ്പിൽ നിന്ന് ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു എന്നെയും കൂടെ കൂട്ടി.

അവരും മനുഷ്യരല്ലേ...

അവരും മനുഷ്യരല്ലേ...

എന്നാൽ റിലീഫ് ക്യാമ്പിൽ ഭക്ഷണം കഴിക്കാൻ ചെന്ന ബംഗാളികൾക്ക് ഉണ്ടായത് ദുരനുഭവമാണ് .നാട്ടുകാർക്ക് ഉള്ളതേ ഇവിടുള്ളൂ എന്നും പറഞ്ഞ് മൂന്ന് ദിവസമായി പട്ടിണി ആയിരുന്ന ആ ഇതര സംസ്ഥാന തൊഴിലാളികളെ ആട്ടി പായിച്ചു. അവർ 30 ഓളം പേര് ഒരു കെട്ടിടത്തിന് മുകളിൽ ഒറ്റപ്പെട്ട നിലയിൽ ആയിരുന്നു. പെരുന്നാളിന് നാട്ടിൽ പോകാൻ ഇരുന്നവർ ആയിരുന്നു അവർ. അവർക്ക് ഭക്ഷണം പാചകം ചെയ്യാൻ ഗ്യാസോ ഡീസലോ ഇല്ലായിരുന്നു. ഭാഗ്യത്തിന് അടുത്തൊരു ഷോപ്പ് തുറന്നത് കണ്ടു അങ്ങോട്ട് ചെന്നെങ്കിലും അവിടെ ഭക്ഷണ സാധനങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല എങ്കിലും ഒരു ചാക്ക് അവിൽ കിട്ടി. അത് ഞാൻ അവർക്കായി വാങ്ങി കൊടുത്തു .അന്ന് രാവിലെ പിടിച്ചു വെച്ചിരുന്ന മഴവെള്ളവും അവിലും കഴിച്ചു അന്ന് രാത്രി ഞാനും അവർക്കൊപ്പം ബില്‍ഡിങ്ങിന്റെ ടെറസിൽ കൂടി.

ഭക്ഷണ സാധനങ്ങള്‍ക്ക് വേണ്ടി

ഭക്ഷണ സാധനങ്ങള്‍ക്ക് വേണ്ടി

അടുത്ത ദിവസം പാലത്തിന് പുറത്തുകൂടിയുള്ള ഒഴുക്ക് മയപ്പെട്ടപ്പോൾ എന്നെ ബംഗാൾ സഹോദരമാർ കൈകോർത്തു പിടിച്ചു ഇക്കരെ കടത്തി. അവർക്കായി തുറന്നിരുന്ന ഒരു കടയിൽ കടയിൽ നിന്നും ഞാൻ കിട്ടാവുന്ന സാധനങ്ങൾ വാങ്ങിച്ചു കൊടുത്തുവിട്ടു .വീണ്ടും ബൈക്കിൽ ലിഫ്റ്റ് കേറി അങ്കമാലി വരെ എത്തി. അവിടെ നിന്ന് ഒരാൾ ബൈക്കിൽ അത്താണി വെള്ളക്കെട്ട് ഉള്ള ഇടം വരെ എത്തിച്ചു തരാമെന്ന് ഏറ്റു.പരിചയപെട്ടു വന്നപ്പോൾ അദ്ദേഹം 1700 ഓളം പേരുള്ള ഒരു ക്യാമ്പിലേക്ക് ഏതെങ്കിലും കട തുറന്നിട്ടുണ്ടെങ്കിൽ പച്ചക്കറി വാങ്ങാൻ ഇറങ്ങിയതാണ്. ഒരു കടയും തുറന്നിരുന്നില്ല. അതിലെ മാർക്കറ്റിലേക്ക് പോയിരുന്ന ഒരു ലോറിക്ക് വട്ടം വെച്ച് ആവശ്യമായ മൂന്ന് ചാക്ക് പച്ചക്കറി വാങ്ങി കൊടുത്തു ഞാൻ ആലോറിയിൽ തന്നെ കയറി ആലുവ വരെ എത്തി. അപ്പോഴേക്കും മഴ കുറഞ്ഞു വെള്ളം ഇറങ്ങി തുടങ്ങി , മെട്രോ ഓടി തുടങ്ങി ഒരുപാട് നാട്ടുകാരും സന്നദ്ധപ്രവർത്തകരും സേവനത്തിന് ഇറങ്ങിയിരുന്നു.

സെല്‍ഫി എടുക്കാന്‍ ഇറങ്ങിയ ആള്‍... ഒടുവില്‍...

സെല്‍ഫി എടുക്കാന്‍ ഇറങ്ങിയ ആള്‍... ഒടുവില്‍...

ആലുവ കമ്പനിപ്പടി വെള്ളത്തിൽ തന്നെ ആയിരുന്നു. അര കൊലോമീറ്ററോളം ദൂരം. അത് നീന്തി കടന്നു മാത്രമേ എനിക്ക് ബൈക്ക് വെച്ച ഇടത്തേക്ക് എത്താൻ കഴിഞ്ഞുള്ളു. പിന്നീട് ഒരു ഇടത്തുമാത്രമേ റോഡിൽ മുട്ടൊപ്പം വെള്ളം ഉണ്ടായിരുന്നുള്ളൂ. തിരിച്ചു കൊച്ചി എത്തിയപ്പോഴേക്കും കാലടിയിൽ നിന്ന് ആളുകളെ പെരുമ്പാവൂർ കിഴക്കമ്പലം ക്യാമ്പുകളിലേക്ക് ടോറസിൽ മാറ്റി തുടങ്ങി എന്ന ശുഭവാർത്ത കേട്ടു. അതോടെ കയ്യിലും കാലിലും മുറിവ് ഡ്രസ്സ് ചെയ്തു ഒരു ടിടിയും അടിച്ചു ഞാൻ പറവൂർ ക്യാമ്പുകളിലേക്ക് വച്ചുപിടിച്ചു. അടുത്ത ദിവസങ്ങളിൽ ഭക്ഷണം കിട്ടാത്ത ക്യാമ്പുകളിലേക്ക് അവ അറേഞ്ച് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. സെൽഫി എടുക്കാൻ ഇറങ്ങിത്തിരിച്ച എനിക്ക് മൊബൈലും നഷ്ടപ്പെട്ട് മുള്ളാൻ സമയം ഇല്ലാത്ത അവസ്ഥ ആയിപോയി.

എന്നോട് കൂടെ വരാൻ ആഗ്രഹം ഉണ്ടായിട്ടും എന്റെ പാർട്ടണർ പാത്തു അതിലും പ്രധാനം ആളുകൾക്ക് കമ്യൂണികേറ്റ് ചെയ്യാൻ മൊബൈൽ നെറ്റ് വർക്ക് പ്രശനം വരാതെ നോക്കുകയാണെന്ന തിരിച്ചറിവിൽ 22 പേര് വേണ്ട സ്ഥലത്തു നാല് പേര് മാത്രമായി ബിഎസ്എന്‍എല്‍ ഓഫീസിൽ ഓവർ ടൈം ചെയ്യുകയായിരുന്നു. എന്നാലും അവിടിരുന്നുകൊണ്ട് മാക്സിമം വളണ്ടിയേഴ്സിനെയും റെസ്ക്യൂ ടീമിനെയും കോ ഓര്‍ഡിനേറ്റു ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് നഷ്ടപെട്ട ഫോണിന് പകരം 1000 രൂപയുടെ ഒരു ബെയിസ് ഫോണും അവൾ വാങ്ങി തന്നു. ഇപ്പോൾ ഞങ്ങൾ ക്യാമ്പുകളിൽ നിന്ന് തിരിച്ചു പോകുന്നവർക്ക് വേണ്ട വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും കളക്ട് ചെയ്തു കൊടുക്കുന്ന തിരക്കിൽ ആണ്.

എനിക്ക് ആകുമെങ്കില്‍...

എനിക്ക് ആകുമെങ്കില്‍...

ഇതൊക്കെ ഇവിടെ എഴുതാൻ കാരണം ഒരു സാധാരണക്കാരൻ ആയ എനിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റിയെങ്കിൽ എല്ലാവര്‍ക്കും ഇതെല്ലം സാധ്യമാണ് എന്ന് കാണിക്കാനും പലരും ചെയ്ത ഇതിലും വലിയ സേവനങ്ങൾ അറിയപ്പെടാതെ പോകുന്നു എന്ന് കാണിക്കാനും ആണ്. വാർത്തകൾ ആകുന്നതും ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നതും മാത്രമാണല്ലോ നാം അറിയുന്നത്. മലയാളികൾ വളരെ ഒത്തൊരുമയോടെ ഐക്യത്തോടെ ഒരു പ്രകൃതി ദുരന്തം നേരിട്ടതും എല്ലാവരും പരസ്പരം സഹായിച്ചതും സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചുവരുന്നതും മനുഷ്യരിൽ നന്മ വറ്റാത്തതും ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ തരുന്നു.

മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് മനോജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Recommended Video

cmsvideo
നഷ്ടങ്ങൾ നമ്മൾ വിചാരിച്ചതിനുമപ്പുറം | Kerala Floods 2018 | Oneindia Malayalam
കേരളത്തിന് വേണ്ടി സംഭാവന ചെയ്യൂ...

കേരളത്തിന് വേണ്ടി സംഭാവന ചെയ്യൂ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

English summary
Kerala Floods: Manoj K Sreedhar writes about his flood and rescue experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X