അറുപതിനായിരം മനുഷ്യര്‍... മൂന്ന് ദിവസം; കുട്ടനാടിനെ 'ക്ലീന്‍' ആക്കി വാസയോഗ്യമാക്കും... മെഗാ ശുചീകരണം
ആലപ്പുഴ: കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും പ്രളയശേഷം വെള്ളം ഇറങ്ങിക്കഴിഞ്ഞു. ആളുകള്‍ വീടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കുട്ടനാട്ടിലെ സ്ഥിതി അതല്ല. അവിടെ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. സംസ്ഥാന പാതയില്‍ പോലും ഗതാഗതം പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.
പക്ഷേ, കുട്ടനാടിനെ അങ്ങനെ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ശുചീകരണ യജ്ഞത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. വെള്ളം കയറിയ കുട്ടനാടിനെ, മൂന്ന് ദിവസം കൊണ്ട് വാസയോഗ്യമാക്കുകയാണ് ലക്ഷ്യം.
ഒന്നര ലക്ഷത്തോളം ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി കഴിയുന്നത്. കണക്ക് പ്രകാരം അമ്പതിനായിരത്തില്‍ പരം കുടുംബങ്ങള്‍... എങ്ങനെയാണ് കുട്ടനാടിനെ ശുചിയാക്കാന്‍ പോകുന്നത്...

അറുപതിനായിരം മനുഷ്യര്‍
കുട്ടനാട്ടിലെ മെഗാ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുക അറുപതിനായിരം മനുഷ്യര്‍ ആയിരിക്കും. വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന അമ്പതിനായിരം കുടുംബങ്ങളില്‍ നിന്നും ഒരാള്‍ വീതം രംഗത്തിറങ്ങും. അതിന് പുറമേ ജില്ലയില്‍ നിന്ന് മാത്രം അയ്യായിരം പേര്‍ വേറേയും. മറ്റ് ജില്ലകളില്‍ നിന്നുള്ള അയ്യായിരം സന്നദ്ധ പ്രവര്‍ത്തകരം രംഗത്തിറങ്ങും.

മൂന്ന് ദിവസം കൊണ്ട്
മൂന്ന് ദിവസം കൊണ്ട് വെള്ളം കയറി വീടുകളും പരിസരപ്രദേശങ്ങളും വൃത്തിയാക്കി വാസയോഗ്യമാക്കുകയാണ് ലക്ഷ്യം. വീടുകളുടെ അറ്റകുറ്റപ്പണികളും ഇതിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രത്യേക ക്യാമ്പുകള്‍
ഓഗസ്റ്റ് 30 ഓടെ ശുചീകരണം പൂര്‍ത്തിയാക്കും. ഈ സമയം വീടുകളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കുന്നവരെ എല്ലാം ക്യാമ്പുകളില്‍ നിന്ന് വീട്ടുകളിലേക്ക് വിടും. അല്ലാത്തവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ വേറെ തുറക്കുകയും ചെയ്യും.

ഉദ്ഘാടനം മന്ത്രി വക
മെഗാ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ ആണ് നിര്‍വ്വഹിച്ചത്. കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചായിരുന്നു ഉദ്ഘാടനം. ശുചീകരണ യജ്ഞത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ജനപ്രതിനിധികളും കൂടെയുണ്ട്.

റോഡില്ലെങ്കില്‍ ബോട്ട്....
കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലെ 226 വാര്‍ഡുകള്‍ ആണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. പഞ്ചായത്ത് തിരിച്ച് ആളുകളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് ആദ്യം മാറ്റും. അവിടെ നിന്നായിരിക്കും റോഡ് വഴിയോ ബോട്ട് വഴിയോ ഇവരെ വീടുകളില്‍ എത്തിക്കുക.

പ്ലാസ്റ്റിക് വിരുദ്ധ ദിനം
ഓഗസ്റ്റ് 31 ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനം ആചരിക്കാനും തീരുമാനമായിട്ടുണ്ട്. വീടുകളില്‍ തിരിച്ചെത്തുന്നവര്‍ക്കും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്കും ആവശ്യമായ ഭക്ഷണവും ഒരുക്കും.
Recommended Video


നിങ്ങള്‍ക്കും കൈത്താങ്ങാകാം കേരളത്തിന്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications