തുടരെത്തുടരെ വീഡിയോകളുമായി മോഹൻലാൽ... കെടുതിയിൽ പെട്ടവർക്കായി മാതാപിതാക്കളുടെ ട്രസ്റ്റും ഫാൻസും
തിരുവനന്തപുരം: കേരളത്തെ മുക്കിയ പ്രളയക്കെടുതിയില്‍ കൂടെയുണ്ട് നമ്മുടെ സിനിമ താരങ്ങളും. മോഹന്‍ലാല്‍ ആദ്യം തന്നെ 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
ഇപ്പോഴിതാ, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി വീണ്ടും എത്തുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പേജില്‍ മൂന്ന് വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അപ് ലോഡ് ചെയ്തത്.
തോല്‍ക്കാന്‍ മനസ്സില്ലാത്ത വീരന്‍മാരുടെ നാടാണ് നമ്മുടെ കേരളം എന്നാണ് മോഹന്‍ലാല്‍ ഒരു വീഡിയോയില്‍ പറയുന്നത്. ഒരു മലയാളി എന്ന നിലയില്‍ താനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഒറ്റയ്ക്കല്ല മടങ്ങുന്നത് എന്നും നമ്മള്‍ ഒരുമിച്ചാണ് മടങ്ങുന്നത് എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

നമുക്കത് സാധിക്കും
പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ മുന്‍പത്തേക്കാളേറെ ഇന്ന് സ്‌നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും നമുക്കേ സാധിക്കൂ.

നിങ്ങള്‍ മടങ്ങുന്നത് ഒറ്റയ്ക്കല്ല
പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്‌നേഹത്തിന്റെ കൈകള്‍ അത് ഇന്ന് അവസാനിക്കുന്നതല്ല. എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്.

കുറച്ചുകൂടി നല്ല മനുഷ്യര്‍
ഈ പ്രളയം നമ്മെ പഠിപ്പിച്ച കാര്യം അതാണ്. മണ്ണിനെ മനുഷ്യനെ പ്രകൃതിയെ സ്‌നേഹിച്ച് കൊണ്ട് അല്‍പം കാരുണ്യത്തോടെ ജീവിക്കാന്‍, കുറച്ചുകൂടി നല്ല മനുഷ്യരായി ജീവിക്കാന്‍ ഇനി നമുക്ക് കഴിയും.

എത്ര മഹത്തായ കാഴ്ചകള്‍
പ്രളയം, ഒരു പാലത്തില്‍ തങ്ങിയ മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക് തള്ളാന്‍ചിലര്‍ ശ്രമിച്ചപ്പോള്‍, അരുത് എന്ന് ഉറക്കെ പറയാന്‍ ആയിരം നാവുകള്‍ ഉയരുന്നത് നാം കണ്ടില്ലേ... നോന്പ് നോറ്റ മുസ്ലീം സഹോദരങ്ങള്‍, പ്രളയം മുക്കിയ ക്ഷേത്രം കഴുകി വൃത്തിയാക്കുന്നത് നാം കണ്ടില്ലേ... വിശന്ന നായക്കുട്ടിക്ക് കുപ്പിപ്പാല് കൊടുക്കുന്ന സ്നേഹം, ആ നായക്കുട്ടിയുടെ കണ്ണുകള്‍... അതും നാം കണ്ടില്ലേ...

മഹാവിപ്ലവത്തിന്‍റെ സമരമുഖത്ത്
ഈ പ്രളയം നമ്മളെ മാറ്റിത്തീര്‍ത്തത് ഇങ്ങനെയൊക്കെ ആണ്. എനിക്ക് ഉറപ്പുണ്ട് എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോവുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് ഇപ്പോള്‍ നമ്മള്‍. പൊരുതുക ഒപ്പം ചേരാന്‍ ഞാനുണ്ട്.

ഫാന്‍സ് അസോസിയേഷന്‍റെ 15 ലക്ഷം- രണ്ടാമത്തെ വീഡിയോ
കേരളം നേരിട്ട വലിയ വിപത്തില്‍ എന്‍റെ സഹോദരങ്ങളായ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, അഹോരാത്രം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ദുരിത ബാധിതര്‍ക്ക് പതിനഞ്ച് ലക്ഷത്തോളം രൂപയുടെ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളെല്ലാം വിലമതിക്കാന്‍ ആകാത്തതാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എന്‍റെ പ്രിയപ്പെട്ട അനിയന്‍മാര്‍ക്ക് ഹൃദയംഗമമായ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു.

വിശ്വശാന്തി ഫൗണ്ടേഷന്‍- മൂന്നാം വീഡിയോ
ഒരു നൂറ്റാണ്ടിനിടയ്ക്ക് കേരളം കണ്ട മഹാ പ്രളയത്തില്‍, ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്‍റെ സ്നേഹാദരങ്ങള്‍. എന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ സന്നദ്ധ പ്രവര്‍ത്തകര്‍, വയനാട്ടിലെ ഉള്‍ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്ന് ഇറങ്ങുകയാണ്. ആദ്യഘട്ടത്തില്‍ വയനാട്ടിലെ രണ്ടായിരം കുടംബങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ആണ് ഞങ്ങളുടെ പരിശ്രമം. ഒരുകുടുംബത്തിന് ഒരു ആഴ്ചയ്ക്കുള്ള അവശ്യസാധനങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. ഒരുപാട് പേരുടെ സഹായ ഹസ്തങ്ങളിലൂടെ നമ്മുടെ കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കും. അതിനായി നമുക്ക് ഒത്തുചേരാം... ഡു ഫോര്‍ കേരള.

കേരളത്തെ വീണ്ടെടുക്കാന്‍ ധനസഹായം ചെയ്യാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍....
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications