10 മുതല്‍ 15 വരെ അടി ഉയരത്തില്‍ മണ്ണ്.. പുത്തുമലയില്‍ ഇനി കണ്ടെത്താനുള്ളത് 8 പേരെ
വയനാട്: പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ ഊര്‍ജ്ജിതമാക്കും. ഇതുവരെ 9 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇനി എട്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. തിരച്ചിലിനായി ജില്ലാ ഭരണകുടത്തിന്‍റെ ആവശ്യപ്രകാരം കേന്ദ്ര സൈന്യത്തിന്‍റെ ഒരു കോളം ഇന്ന് വയനാട്ടില്‍ എത്തും.

ഇന്നലെ തിരച്ചില്‍ തുടരുന്നതിനിടെ മഴ ശക്തി പ്രാപിച്ചതും മണ്ണിടച്ചില്‍ ഉണ്ടായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. 10 മുതല്‍ 15 അടി വരെ മണ്ണ് കൂന്നു കൂടി കിടക്കുകയാണ് ഇവിടെ. അതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതേസമയം ഇന്നും ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചലും മലവെള്ളപ്പാച്ചിലും ശക്തമായതോടെ പുത്തുമലയ്ക്ക് സമാനമായ ഭൂപ്രദേശങ്ങളില്‍ നിന്നുള്ളവരെ രക്ഷാസേന മാറ്റി പാര്‍പ്പിക്കുകയാണ്. ഇന്നലെ മാത്രം ഇത്തരം പ്രദേശങ്ങളില്‍ നിന്ന് രണ്ടായിരത്തോളം പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഫയർഫോഴ്സ്, ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളികൾ, പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
വയനാട്ടില്‍ ഇന്നലെ വരെ 24,990 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 186 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഏറ്റവും അധികം ബാധിച്ച ജില്ലയാണ് വയനാട്.












Click it and Unblock the Notifications