കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ പ്രളയത്തിൽ വീടുകൾ ഒലിച്ച് പോയി, ഇത്തവണ ഗ്രാമങ്ങൾ! സർക്കാരിനോട് തിരുത്തൽ ആവശ്യപ്പെട്ട് വിഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊടും പേമാരിയും വെള്ളപ്പൊക്കവും കേരളത്തിന് പൊതുവേ പരിചയം ഇല്ലാത്ത സാഹചര്യങ്ങളാണ്. എന്നാല്‍ തുടർച്ചയായ രണ്ടാം തവണയും പ്രളയമുണ്ടായതോടെ സംസ്ഥാനത്തിന്‌റെ പരിസ്ഥിതി നയങ്ങളെ കുറിച്ച് ഗൗരവപൂർണമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണം അടക്കമുളള നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

പ്രളയ ദുരന്തത്തിന്റെ കാരണങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും എന്നാല്‍ ജനപ്രതിനിധികള്‍ക്ക് മനസ്സിലായിട്ടില്ലെന്നും വിഎസ് കുറ്റപ്പെടുത്തുന്നു. വേണ്ട തിരുത്തലുകള്‍ വരുത്താന്‍ ഇനിയൊരു പ്രളയം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ല . ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ എല്ലാ നടപടികളും കര്‍ശനമായി വിലക്കപ്പെടുക തന്നെ വേണമെന്നും വിഎസ് പറയുന്നു.

എല്ലാം അവഗണിക്കപ്പെട്ടു

എല്ലാം അവഗണിക്കപ്പെട്ടു

വിഎസ്സിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: '' കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം ശാസ്ത്രീയമായ പഠനങ്ങളും നടന്നിട്ടുണ്ട്. പക്ഷെ, ശാസ്ത്രീയ പഠനങ്ങളെ ചില സൗകര്യങ്ങളുടെ പേരില്‍ നാം അവഗണിക്കുകയായിരുന്നു. അതിവര്‍ഷവും വരള്‍ച്ചയും തുടര്‍ച്ചയായി അനുഭവിക്കേണ്ടിവരുന്ന കേരളത്തിന്, ഓരോ വര്‍ഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളത്.

ഏത് കൊച്ചു കുട്ടിക്കും അറിയാം

ഏത് കൊച്ചു കുട്ടിക്കും അറിയാം

ഈ ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ പറഞ്ഞു തന്നിട്ടുണ്ട്. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട്. വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്‍റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് ഇതപര്യന്തമുള്ള പ്രതികരണങ്ങളില്‍നിന്ന് ജനങ്ങള്‍ വായിച്ചെടുക്കുന്നത്.

ജനം നിസഹ്ഹായർ

ജനം നിസഹ്ഹായർ

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നല്‍കുന്നതും അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളാവുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോവുകയാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പക്ഷെ, അനുമതി നല്‍കിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതും അതെല്ലാം ദുരന്തകാരണമായതും എന്ന വസ്തുത മറന്നുകൂട.

അടുത്ത പ്രളയത്തിന് കാക്കേണ്ട

അടുത്ത പ്രളയത്തിന് കാക്കേണ്ട

അതിനാല്‍, ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ എല്ലാ നടപടികളും കര്‍ശനമായി വിലക്കപ്പെടുകതന്നെ വേണം. പാറമടകള്‍ ജനവാസ മേഖലയില്‍നിന്നും ഇരുനൂറ് മീറ്ററെങ്കിലും ദുരം പാലിക്കണം എന്നും, പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തണമെന്നും, കുന്നിന്‍ മുകളിലെ തടയണകളും ഇതര നിര്‍മ്മിതികളും പൊളിച്ചുമാറ്റണമെന്നുമെല്ലാം തീരുമാനിക്കാന്‍ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല.

ഒലിച്ച് പോയത് ഗ്രാമങ്ങൾ

ഒലിച്ച് പോയത് ഗ്രാമങ്ങൾ

കഴിഞ്ഞ പ്രളയത്തില്‍ വീടുകളാണ് ഒലിച്ചു പോയതെങ്കില്‍, ഇത്തവണ ഗ്രാമങ്ങള്‍തന്നെ ഒലിച്ചുപോയി. മാധവ് ഗാഡ‍്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തെ കേരളമാക്കി നിലനിര്‍ത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളില്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികള്‍'' എന്നാണ് വിഎസ് അച്യുതാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

English summary
Kerala Floods: VS Achuthanandan wants the government to change its environment policies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X