ദുരിതം നേരില്‍ കണ്ടും കേട്ടും അറിഞ്ഞ് മുഖ്യമന്ത്രി; ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുന്നു
Recommended Video

ചെങ്ങന്നൂര്‍: മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ അവസാനത്തെ ആളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇനി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും പുനര്‍ നിര്‍മ്മാണത്തിന്റേയും ദിനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ ദേശീയ ആഘോഷമായ ഓണം പടിവാതില്‍ക്കല്‍ എത്തിയിട്ടും 13.5 ലക്ഷം പേര്‍ ഈപ്പോള്‍ വീടുവിട്ട് കഴിയുകയാണ്. എട്ട് ലക്ഷത്തിലേറെ ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ക്യാംപുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ്.

സര്‍വ്വതും നഷ്ടപ്പെട്ടവര്‍
കാല്‍ക്കോടിയിലേറെ ജനങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. ജീവന്‍ നഷ്ടപ്പെട്ടവര്‍ മൂന്നൂറിലേറെ. കഠിനാധ്വാനം കൊണ്ട് ഒരായുസ്സില്‍ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടവര്‍ ആയിരത്തിലേറെ. തകര്‍ന്നടിഞ്ഞ വീടുകള്‍, ഒലിച്ചു പോയ കൃഷിയിടങ്ങള്‍, അങ്ങനെ സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ് പ്രളയ ബാധിതര്‍.

മാനസികമായ പിന്തുണ
ദുരന്തം വരുത്തിവെച്ച മാനസിക ആഘാതത്തില്‍ തകര്‍ന്നുപോയവരുണ്ട്. അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയും ക്യാംപുകളുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താനുമാണ് മുഖ്യമന്ത്രി ദുരിതാശ്വസ ക്യാംപുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്നത്.

മുഖ്യമന്ത്രി
നാല് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും അദ്ദേഹത്തോടൊപ്പം ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടത്

ചെങ്ങന്നൂരില്‍
ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ കോളേജിലെ ദുരിതാശ്വാസ ക്യാംപിലാണ് മുഖ്യമന്ത്രി ആദ്യം സന്ദര്‍ശനം നടത്തിയത്. ചെങ്ങന്നൂരിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിത്തുന്നത് ക്രിസ്ത്യന്‍ കോളേജിലാണ്. ക്യാംപിലെത്തിയ മുഖ്യമന്ത്രി ദുരന്തബാധിതരില്‍ നിന്ന് നേരിട്ട് പരാതികേട്ട അദ്ദേഹം ഇപ്പോള്‍ പത്തനം തിട്ടയിലെ കോഴഞ്ചേരിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

ക്യാംപുകള്‍
കോഴഞ്ചേരിയിലെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി ആലപ്പുഴ ജില്ലകളിലെ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് എറണാകുളം ജില്ലയിലെത്തുന്ന അദ്ദേഹം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച് പ്രദേശങ്ങളിലൊന്നായ നോര്‍ത്ത് പറവൂരിലെ ക്യാംപുകള്‍ സന്ദര്‍ശിക്കും.

അവലോകന യോഗം
എറണാകുളം ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും തൃശ്ശൂര്‍ ജില്ലയെ ചാലക്കുടിയിലെ ക്യാംപുകളില്‍ എത്തും. നാല് ജില്ലകളിലെ സന്ദര്‍ശത്തിന് ശേഷം വൈകിട്ട് മൂന്നോടെ തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തില്‍ നടത്തും.

പരാതി
ക്യാംപുകളിലും ദുരന്തംബാധിച്ച വീടുകളില്‍ ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കേണ്ടതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഭൂരിപക്ഷം ക്യാംപുകളും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചില ക്യാംപുകളില്‍ നിന്നെങ്കിലും പരാതി ഉയരുന്നുണ്ട്.

പരിഹാരം
ഇതിനെല്ലാം കൃത്യമായ പരിഹാരം കണ്ടെത്താനുള്ള തീരുമാനങ്ങള്‍ അവലോകന യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവലോകന യോഗത്തിന് ശേഷം യോഗ വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പത്രസമ്മേളനം നടത്തും.












Click it and Unblock the Notifications