സ്വര്‍ണം വീണ്ടും ഇടിഞ്ഞു; ആഭരണ പ്രേമികള്‍ക്ക് സന്തോഷം, പവന് 90000 രൂപയില്‍ എത്തുമോ?
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ലോകത്തെ എല്ലാ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും കുറഞ്ഞിരിക്കുന്നത്. സ്വര്‍ണത്തിന് ആവശ്യക്കാരില്ലാതാകുകയാണ്. എന്നാല്‍ ഇതൊരു സ്ഥിരം വിപണി സാഹചര്യമാകില്ല. നിലവില്‍ പശ്ചിമേഷ്യയില്‍ യുദ്ധം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണിത്.
ഇന്ത്യന്‍ ഓഹരി വിപണികള്‍ വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നു. ഡോളര്‍ സൂചികയും ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയാണ്. പ്രവാസികള്‍ ഈ വേളയില്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4067 ഡോളറായി താഴ്ന്നു.

കേരളത്തില്‍ ഇന്ന് ഒരു പലന്‍ സ്വര്‍ണത്തിന് 1560 രൂപ കുറഞ്ഞ് 106800 രൂപയായി. മെയ്, ജൂണ്‍ മാസത്തിലെ വില പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍. ഗ്രാമിന് 195 രൂപ കുറഞ്ഞ് ഇന്ന് 13350 രൂപയായിട്ടുണ്ട്. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 4000 രൂപയോളമാണ് കുറഞ്ഞിരുന്നത്. രണ്ട് ദിവസത്തിനിടെ മാത്രം 5500 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. വൈകാതെ ഒരു പവന് 90000 രൂപയിലേക്ക് ഇടിയുമെന്നും പ്രചാരണമുണ്ട്.
കേരളത്തില്‍ എല്ലാ കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10975 രൂപയാണ് വില. പവന് 87800 രൂപയായി. 14 കാരറ്റ് ഗ്രാമിന് 8545 രൂപയും പവന് 68360 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5510 രൂപയും പവന് 44080 രൂപയും നല്‍കണം. ഇന്ന് വെള്ളിയുടെ ഗ്രാം വില 260 രൂപയാണ്. പത്ത് ഗ്രാമിന് 2600 രൂപയും നല്‍കണം.
സ്വര്‍ണവില താഴാന്‍ കാരണം ഇതാണ്
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമായിട്ടുണ്ട്. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്ക ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തി. ബഹ്‌റൈനിലും കുവൈത്തിലും അമേരിക്കയുടെ സേനാ കേന്ദ്രങ്ങളിലേക്ക് ഇറാന്‍ തിരിച്ചടിച്ചു. സമാധാന കരാര്‍ ഉടന്‍ സാധ്യമല്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഹോര്‍മുസ് പാത അനിശ്ചിത കാലത്തേക്ക് ഇറാന്‍ അടച്ചു.
യുദ്ധം കനക്കുമെന്ന് ഉറപ്പായതോടെ വന്‍കിടക്കാര്‍ ബാങ്ക്, ബോണ്ട് നിക്ഷേപത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പം ശക്തമാകുമെന്നും ഇത് നേരിടാന്‍ ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടുമെന്നും ഈ വേളയില്‍ നേട്ടം കൊയ്യാമെന്നുമാണ് അവരുടെ പ്രതീക്ഷ. മാത്രമല്ല, ഡോളര്‍ മൂല്യം ഉയരുന്നതോടെ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറഞ്ഞു. ഇതും സ്വര്‍ണവില കുറയാന്‍ കാരണമാണ്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.15 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.05 ലക്ഷം രൂപ കിട്ടിയേക്കും. ഇന്ന് രൂപയുടെ മൂല്യം 95.52 എന്ന നിരക്കിലാണുള്ളത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ മൂല്യം കിട്ടും. ക്രൂഡ് ഓയില്‍ വില 95 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഡോളര്‍ സൂചിക 99.98 ആയി ഉയര്‍ന്നു.














Click it and Unblock the Notifications