സ്വര്‍ണവില വീണ്ടും താഴോട്ട്; ആഭരണം വാങ്ങാന്‍ നല്ല ദിനം... നാളെ മാറിമറിയാം, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വലിയ കയറ്റം രേഖപ്പെടുത്തിയ പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിനവും വില ഇടിഞ്ഞിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 440 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം, വരുംദിവസങ്ങളില്‍ വിലയില്‍ ഉയര്‍ച്ചയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് സ്വര്‍ണം വാങ്ങുന്നതിന് ഉപയോഗപ്പെടുത്താം.
ഡോളര്‍ സൂചികയില്‍ വലിയ ഇടിവ് വന്നിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ കരുത്ത് കുറയുകയും ചെയ്തു. എണ്ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. അമേരിക്കന്‍ ഫെഡ് റിസര്‍വിന്റെ സുപ്രധാന തീരുമാനങ്ങള്‍ സംബന്ധിച്ച സൂചനകള്‍ ഇന്ന് പുറത്തുവരും. ഇതെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ വിലക്കുറവ് ഉപയോഗപ്പെടുത്തുന്നതാകും ഉചിതം. ഇന്നത്തെ സ്വര്‍ണവില അറിയാം...

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 53680 രൂപയാണ് കേരളത്തില്‍ നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് 280 രൂപയുടെ കുറവുണ്ടായി. തിങ്കളാഴ്ച 160 രൂപ കുറഞ്ഞിരുന്നു. അതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലായി 1040 രൂപ ഉയര്‍ന്നിരുന്നു എന്നത് മറ്റൊരു കാര്യം. വലിയ തോതില്‍ വില ഉയര്‍ന്ന ശേഷം നാമമാത്രമായ ഇടിവ് സംഭവിക്കുകയാണ് ചെയ്യുന്നത്. ഇന്ന് ഗ്രാമിന് 6710 രൂപയാണ് നല്‍കേണ്ടത്.
ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ഇന്ന് 58500 രൂപ വരെ ചെലവ് വന്നേക്കാം. പവന്‍ വിലയില്‍ കുറവ് വരുമ്പോള്‍ ആനുപാതികമായ കുറവ് പണിക്കൂലിയിലും നികുതിയിലും സംഭവിക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാണ്. അതേസമയം, ഡോളര്‍ സൂചിക ഇടിയുന്നത് സ്വര്‍ണവില കൂടാന്‍ കാരണമാകും. 105.02ലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.51ലെത്തി.
സ്വര്‍ണത്തിന് ഉയര്‍ന്ന നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് കുറയ്ക്കണമെന്ന് ജ്വല്ലറി രംഗത്തുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റ് സ്വര്‍ണവിപണി ആശയോടെയാണ് നോക്കുന്നത്. നികുതി കുറയ്ക്കുന്ന തീരുമാനം വന്നാല്‍ സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ് സംഭവിക്കും.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി കുറയ്ക്കണം എന്നാണ് ആവശ്യം ഉയരുന്നത്. ആഭരണം വാങ്ങുമ്പോള്‍ മൂന്ന് ശതമാനം നികുതിയാണ് നല്‍കുന്നത്. പ്രത്യേക ജിഎസ്ടി ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. ഇറക്കുമതി തീരുവ ഉയര്‍ത്തിയതാണ് സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണം എന്ന് ഈ രംഗത്തുള്ളവര്‍ കരുതുന്നു.
ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 85.52 ഡോളറാണ് പുതിയ വില. പലിശ നിരക്ക് സംബന്ധിച്ച നിര്‍ണായക വിവരം അമേരിക്കന്‍ കേന്ദ്രബാങ്ക് ചെയര്‍മാന്‍ യുഎസ് കോണ്‍ഗ്രസിനെ ഇന്ന് ധരിപ്പിക്കും. പലിശ നിരക്ക് കുറയ്ക്കുമെന്ന തീരുമാനമാണ് വരുന്നതെങ്കില്‍ സ്വര്‍ണവില കുതിച്ചുകയറും. അതുകൊണ്ടുതന്നെ ഫെഡ് ചെയര്‍മാന്റെ പ്രതികരണം വളരെ നിര്‍ണായകമാണ്.












Click it and Unblock the Notifications