സ്വര്‍ണം കുതിച്ചുകയറി; പണി കിട്ടിയത് അമേരിക്കയില്‍ നിന്ന്... സ്വര്‍ണവില പിടിവിടുമെന്ന് ഉറപ്പ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചുകയറി. കഴിഞ്ഞ ദിവസം വലിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ വര്‍ധനവ്. വിപണിയിലെ അസ്ഥിരത കാരണം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. നിക്ഷേപകര്‍ ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണനയം നിരാശപ്പെടുത്തുന്നതായിരുന്നു.
ബാങ്കിന്റെ തീരുമാനം വന്ന പിന്നാലെ ഓഹരി വിപണികളില്‍ നഷ്ടം രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍. അറിയാം ഇന്നത്തെ വില ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍...

ഇന്നത്തെ സ്വര്‍ണവില അറിയാം
ചൊവ്വാഴ്ച സ്വര്‍ണം പവന് 44000 രൂപയാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച വലിയ കുറവ് രേഖപ്പെടുത്തി 43360 രൂപയിലെത്തി. എന്നാല്‍ ഇന്ന് 43840 രൂപയായി ഉയര്‍ന്നു. 480 രൂപയുടെ വര്‍ധനവാണ് പവന്‍ വിലയിലുണ്ടായിരിക്കുന്നത്. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5480 രൂപയായി. വരും ദിവസങ്ങളിലും വിലയില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.

പണി വന്നത് അമേരിക്കയില്‍ നിന്ന്
അമേരിക്കയിലെ ബാങ്കിങ് മേഖലയിലുള്ള പ്രതിസന്ധിയാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്. രണ്ട് പ്രധാന ബാങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നിരിക്കുന്നത്. സിലിക്കണ്‍ വാലി ബാങ്ക് 160 വര്‍ഷം പഴക്കമുള്ളതാണ്. ഇതിനെ യുബിഎസ് ബാങ്ക് ഏറ്റെടുത്തതിനാല്‍ നേരിയ ആശ്വാസമുണ്ടായിരുന്നു എങ്കിലും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിലക്ക് ഉയര്‍ത്തിയതോടെ നിക്ഷേപകര്‍ വീണ്ടും ആശങ്കയിലായി.

എന്തിനാണ് പലിശ നിരക്ക് ഉയര്‍ത്തിയത്
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധന അവലോകന യോഗം ബുധനാഴ്ച ചേര്‍ന്നിരുന്നു. കാല്‍ ശതമാനം പലിശ നിരക്ക് കൂട്ടാനാണ് യോഗം തീരുമാനിച്ചത്. പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനാണ് ബാങ്ക് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ഒമ്പത് തവണയായി ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ഇതോടെ നിക്ഷേപകര്‍ വീണ്ടും ആശങ്കയിലായി. ഓഹരി വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി.

ഇനിയും തീര്‍ന്നില്ല, വീണ്ടും നിരക്ക് ഉയര്‍ത്തും
ഓഹരി വിപണിയില്‍ നഷ്ടം രേഖപ്പെടുത്തിയതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയരുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില ഉയരും. ഫെഡ് റിസര്‍വിന്റെ പുതിയ തീരുമാനത്തോടെ പലിശ നിരക്ക് 4.75നും 5 ശതനമാത്തിനും ഇടയിലായി. അടുത്ത അവലോകന യോഗത്തിലും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് സൂചനകള്‍.

സ്വര്‍ണവില എന്ന് കുറയും
ഡൗ ജോണ്‍സ് ഓഹരി സൂചിക 530 പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്. നാസ്ഡാക് സൂചിക ഒന്നര ശതമാനം ഇടിഞ്ഞു. നിക്ഷേപകരുടെ ആശങ്കയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇതോടെ സുസ്ഥിര നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത. ആഗോള സാമ്പത്തിക രംഗത്തെ ഭീതി വിട്ടൊഴിഞ്ഞാല്‍ മാത്രമേ സ്വര്‍ണവിലയില്‍ ഇടിവ് വരൂ.












Click it and Unblock the Notifications