സ്വര്‍ണവില ഇന്ന് എത്ര? ഇന്ത്യന്‍ രൂപ തകര്‍ന്നടിഞ്ഞു... ക്രൂഡ് എണ്ണ വിലയില്‍ വന്‍ കുതിപ്പ്, വിപണി മാറ്റം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് വിലയിലാണുള്ളത്. ഇനിയും കൂടുമെന്ന പ്രവചനങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം. ഈ മാസം അഞ്ച് ദിവസത്തിനിടെ മാത്രം 600 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. വില കൂടി എന്നതു കൊണ്ട് വില്‍പ്പനയില്‍ വലിയ കുറവ് വരില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇനിയും വില കൂടുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുകയാണ്.
ആഗോള വിപണിയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡോളര്‍ മൂല്യം വന്‍ തോതില്‍ ഉയരുകയാണ്. ഇന്ത്യന്‍ രൂപ തകരുന്നു. അസംസ്‌കൃത എണ്ണവില കുതിക്കുന്നത് ഇന്ത്യയ്ക്കും ആശങ്കയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയില്ലെങ്കില്‍ എല്ലാ വസ്തുക്കള്‍ക്കും വില കൂടുന്ന സ്ഥിതിയുണ്ടാകും. ഏറ്റവും പുതിയ പവന്‍, ഗ്രാം വില എത്ര എന്ന് നോക്കാം...

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‍ വില 56960 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. 22 കാരറ്റ് ഗ്രാമിന് 7120 രൂപയും 18 കാരറ്റ് ഗ്രാമിന് 5885 രൂപയുമാണ് നല്‍കേണ്ടത്. വെള്ളിയുടെ വില ഗ്രാമിന് 100 രൂപയില്‍ തുടരുകയാണ്. ഇനി തിങ്കളാഴ്ചയാകും വിലയില്‍ മാറ്റമുണ്ടാകുക. അടുത്താഴ്ച സ്വര്‍ണം പവന് 57000 കടക്കുമോ എന്നാണ് അറിയേണ്ടത്.
22 കാരറ്റ് ഗ്രാമിനേക്കാള്‍ 1250 രൂപയോളം കുറവാണ് 18 കാരറ്റ് സ്വര്‍ണത്തിന്. എങ്കിലും 18 കാരറ്റ് അത്ര ജനപ്രിയമല്ല. പണയം വയ്ക്കാന്‍ സാധിക്കാത്തതും വില്‍ക്കുമ്പോള്‍ മൂല്യം ലഭിക്കാത്തതുമാണ് ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാത്തത്. എന്നാല്‍ ആഭരണം എന്ന നിലയില്‍ മാത്രം കാണുന്നവര്‍ക്ക് വ്യത്യസ്ത ഡിസൈനുകള്‍ മിക്ക ജ്വല്ലറികളിലും ഒരുക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ നിക്ഷേപകരും വിവിധ സര്‍ക്കാരുകളും ആശങ്കയിലാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ഇവര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനിയും വില വര്‍ധിച്ചേക്കുമെന്നാണ് വിവരം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2652 ഡോളറാണ് പുതിയ വില. നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്.
ഡോളര്‍ സൂചിക 102.49 എന്ന നിരക്കിലേക്ക് എത്തി. ഏറെ കാലത്തിന് ശേഷമാണ് ഡോളര്‍ ഇത്രയും കരുത്ത് കാട്ടുന്നത്. ഇനിയും കരുത്ത് വര്‍ധിപ്പിച്ചാല്‍ ഇന്ത്യന്‍ രൂപയ്ക്ക് വലിയ തിരിച്ചടിയാകും. 84.03 എന്ന നിരക്കിലേക്ക് രൂപ ഇടിഞ്ഞിട്ടുണ്ട്. 84ലേക്ക് രൂപ ഇടിഞ്ഞത് രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിപ്പിക്കും. അതേസമയം, ഡോളര്‍ മൂല്യം കൂടുന്നത് സ്വര്‍ണവില കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ വിപണിക്ക് മറ്റൊരു തിരിച്ചടിയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 78 ഡോളര്‍ എന്ന വിലയിലേക്ക് ഉയര്‍ന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവാണ് ക്രൂഡ് ഓയില്‍. ഇതിന് വില കൂടിയാല്‍ ഇന്ത്യന്‍ പണം കൂടുതലായി വിദേശത്തേക്ക് ഒഴുകുന്ന സാഹചര്യം വരും. മാത്രമല്ല, അവശ്യവസ്തുക്കള്‍ക്ക് വില ഉയരാനും ഇതിടയാക്കും.












Click it and Unblock the Notifications