77000 ത്തില്‍ നിന്ന് 86000 ത്തിലേക്ക്, ഒറ്റമാസം കൂടിയത് 10000 രൂപയോളം! സ്വര്‍ണത്തിന്റെ കുതിപ്പ് ഇങ്ങനെ
സമീപകാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള കുതിപ്പാണ് സ്വര്‍ണവിലയില്‍ ഈ മാസം ഉണ്ടായിരിക്കുന്നത്. സെപ്തംബര്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള സ്വര്‍ണ വിലയിലെ കണക്കെടുത്താല്‍ ഏകദേശം 10000 രൂപയാണ് പവന്‍ വിലയില്‍ മാത്രം വര്‍ധിച്ചിരിക്കുന്നത്. കൊവിഡിന് ശേഷം ഒരു മാസത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ മാസം മാത്രം 18 തവണയാണ് സ്വര്‍ണം വിലയിലെ സര്‍വകാല റെക്കോഡ് തിരുത്തിയത്. അതായത് 30 ദിവസങ്ങളുള്ള ഈ മാസത്തില്‍, വിലയില്‍ മാറ്റമുണ്ടാകാത്ത ഞായറാഴ്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ ഏറെക്കുറെ ഭൂരിഭാഗം ദിവസങ്ങളിലും സ്വര്‍ണം വിലയിലെ റെക്കോഡ് തിരുത്തിക്കൊണ്ടേയിരുന്നു എന്ന് സാരം. സെപ്തംബര്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ സ്വര്‍ണ വില എങ്ങനെയാണ് വ്യത്യാസപ്പെട്ടത് എന്ന് നോക്കാം.

സെപ്തംബര്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 77640 രൂപയായിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും സ്വര്‍ണവില വലിയ കുതിപ്പ് തന്നെയാണ് നടത്തിയത്. 78000, 79000, 80000, 81000, 82000, 83000, 84000, 85000, 86000 എന്നീ റെക്കോഡുകളിലേക്ക് സ്വര്‍ണമെത്തിയത് ഈ മാസമാണ്. സെപ്തംബര്‍ മൂന്നിനാണ് സ്വര്‍ണം ആദ്യമായി 78000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്.
സെപ്തംബര്‍ ആറിന് 79000 ത്തിലേക്കും സ്വര്‍ണവില എത്തി. സെപ്തംബര്‍ ഒമ്പതിനായിരുന്നു ആദ്യമായി 80000 എന്ന മാര്‍ക്ക് സ്വര്‍ണ വില താണ്ടിയത്. പിറ്റേ ദിവസം തന്നെ സ്വര്‍ണ വില 81000 വും കടന്നു. എന്നാല്‍ അതിന് ശേഷം സ്വര്‍ണ വിലയുടെ കുതിപ്പ് മന്ദഗതിയിലായി. ആറ് ദിവസം കഴിഞ്ഞാണ് സ്വര്‍ണ വില 82000 എന്ന നിലയിലേക്ക് എത്തിയത്. അതിന് ശേഷം മൂന്ന് ദിവസം വില കുറഞ്ഞ് 81000 ത്തിലേക്ക് തന്നെ വീണു.
എങ്കിലും സെപ്തംബര്‍ 20 ന് വീണ്ടും സ്വര്‍ണ വില കുതിച്ച് 82000 ത്തിലേക്ക് എത്തി. സെപ്തംബര്‍ 23 ന് തന്നെ 83000, 84000 എന്നീ നിലകളിലേക്ക് സ്വര്‍ണം എത്തുന്ന കാഴ്ചയും കണ്ടു. ഇന്നലെയാണ് സ്വര്‍ണം ആദ്യമായി 85000 പിന്നിട്ടത്. ഇന്ന് 86000 ത്തിലും എത്തിയതോടെ സ്വര്‍ണം ഏറ്റവും കുതിപ്പ് നടത്തിയ മാസമായി 2025 സെപ്തംബര്‍ മാറി. ഈ മാസം നാല് പ്രാവശ്യം ഒരു ദിവസം രണ്ട് തവണ വില മാറ്റം സംഭവിച്ചത്.
എട്ടാം തിയ്യതി രാവിലെ പവന്‍ വില 79480 രൂപയും ഉച്ചയ്ക്ക് 79880 രൂപയുമായി മാറി. സെപ്തംബര്‍ 22 ന് രാവിലെ 82560 രൂപയും ഉച്ചയ്ക്ക് ശേഷം 82920 രൂപയുമായി. 23 ന് രാവിലെ 83840 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം 84840 രൂപയില്‍ എത്തി. ഇതിന് പുറമെ ഇന്നലെയും രണ്ടു തവണ വില മാറി. 9120 രൂപയാണ് ഈ ഒരൊറ്റ മാസം കൊണ്ട് മാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത്.
അതായത് ഈ മാസം ആദ്യം സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് വിറ്റാല്‍ പോലും ഏകദേശം 10000 രൂപയ്ക്ക് അടുത്ത് ലാഭം കിട്ടും. അതേസമയം അടുത്ത കാലത്തൊന്നും സ്വര്‍ണ വില താഴേക്ക് വീഴില്ല എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. സ്വര്‍ണ വിലയെ ഉത്തേജിപ്പിക്കുന്ന ഒന്നിലധികം ഘടകങ്ങള്‍ പോസിറ്റീവ് സമീപനമാണ് കാണിക്കുന്നത് എന്നതിനാലാണ് ഇത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഈ ആഴ്ച തന്നെ 90000 പിന്നിട്ടേക്കും.












Click it and Unblock the Notifications