കുതിച്ചുചാടി സ്വര്‍ണം; വിപണിയില്‍ തിളക്കം പഴയ സ്വര്‍ണത്തിന്... ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ സജീവം
കൊച്ചി: കേരളത്തില്‍ കുറഞ്ഞുവന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 43760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5470 രൂപയും. ഈ മാസം 18ന് സര്‍വകാല റെക്കോര്‍ഡ് വിലയായ 44240 രൂപ രേഖപ്പെടുത്തിയിരുന്നു. പിന്നീട് വിലയില്‍ ചാഞ്ചാട്ടമുണ്ടായെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി വില കുറഞ്ഞുവരികയാണ്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപയായിരുന്നു വില. ഇന്ന് 160 രൂപ വര്‍ധിച്ച 43760 രൂപയായി. വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരുമെന്നാണ് പ്രതീക്ഷ.
അതേസമയം, സ്വര്‍ണവില പിടിവിട്ടതോടെ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ കൂടി വന്നിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പഴയ സ്വര്‍ണം വില്‍ക്കാനും മാറ്റി വാങ്ങാനും എത്തുന്നവരാണ് ജ്വല്ലറികളില്‍ കൂടുതലും. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ലാഭം കിട്ടുന്നു എന്നതാണ് ഇതിന് കാരണം. ഒരു വര്‍ഷം മുമ്പ് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വിറ്റാല്‍ പോലും വലിയ ലാഭം കിട്ടുന്നു എന്നതാണ് എടുത്തുപറയേണ്ടത്. അപ്പോള്‍ പിന്നെ ഏറെ കാലം മുമ്പ് വാങ്ങിയ സ്വര്‍ണത്തിന്റെ കാര്യം പറയേണ്ടല്ലോ.

കഴിഞ്ഞ വര്‍ഷം ജനുവരിയിലെ കണക്കു പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് 35600 രൂപയായിരുന്നു വില. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ആഭരണം വാങ്ങുമ്പോള്‍ 38000 രൂപ ചെലവ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് മാത്രം 44000ത്തോളം രൂപയാണ് വില. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ 1000 രൂപ കുറച്ച് ജ്വല്ലറികള്‍ സ്വീകരിക്കുന്നുണ്ട്. അപ്പോള്‍ 5000 രൂപ ലാഭം കിട്ടും. മാറ്റി വാങ്ങുമ്പോഴും ലാഭം തന്നെയാണ്.
അതേസമയം, സ്വര്‍ണത്തിന് ആറക്ക ഹാള്‍മാര്‍ക്കിങ് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എച്ച് യുഐഡി നമ്പര്‍ ഇല്ലാത്ത സ്വര്‍ണം വില്‍ക്കുന്നത് നിയമ വിരുദ്ധമാണ്. രണ്ട് ഗ്രാം മുതലുള്ള ഏത് സ്വര്‍ണ ആഭരണത്തിനും ഈ ഹാള്‍മാര്‍ക്കിങ് ആവശ്യമാണ്. നേരത്തെ നാലക്ക ഹാള്‍മാര്‍ക്കിങ് ആയിരുന്നു. ഇതാണ് ആറക്ക ആല്‍ഫാ ന്യൂമെറിക് ഹാള്‍മാര്‍ക്കിങ് ആക്കി മാറ്റിയിരിക്കുന്നത്.
കൊച്ചിയില്‍ അഞ്ച് ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളാണുള്ളത്. സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രമായ തൃശൂരില്‍ 45 സെന്ററുകളുണ്ട്. കനത്ത സുരക്ഷിയിലാണ് ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ബയോമെട്രിക് സംവിധാനത്തിലൂടെ വാതില്‍ തുറന്നാണ് ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക. വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ ശേഷമാണ് ജ്വല്ലറികളിലെ സ്വര്‍ണം ഈ കേന്ദ്രത്തിലെത്തിക്കേണ്ടത്.
സ്വര്‍ണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്ന സ്‌കാനര്‍ മെഷീന്‍, സ്വര്‍ണത്തില്‍ മുദ്ര പതിപ്പിക്കുന്ന ലേസര്‍ വിദ്യ എന്നിവയാണ് കേന്ദ്രത്തില്‍ പ്രധാനമായുമുള്ളത്. വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്ന വേളയില്‍ എത്ര സ്വര്‍ണമാണ് എത്തിക്കുന്നത് എന്ന് വ്യക്തമാക്കണം. ഇതോടെ രാജ്യത്തെ എല്ലാ സ്വര്‍ണത്തിന്റെയും കൃത്യമായ കണക്ക് ബിഐഎസ് സൈറ്റില്‍ ലഭ്യമാകും. ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തിലെത്തിയാല്‍ സാംപിള്‍ പരിശോധനയ്ക്ക് അയക്കും. പരിശോധനയ്ക്ക് ശേഷം ഓരോ സ്വര്‍ണത്തിനും പതിപ്പിക്കേണ്ട നമ്പര്‍ ബിഐഎസ് തന്നെ നല്‍കും. സ്വര്‍ണം പരിശുദ്ധി കുറഞ്ഞാല്‍ നമ്പര്‍ ലഭിക്കില്ല.












Click it and Unblock the Notifications