സ്വര്‍ണവില കുത്തനെ വര്‍ധിച്ചു; കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് നിരക്ക്, ആഗോള വിപണിയില്‍ കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് നിരക്ക്. ആഗോള വിപണിയില്‍ വില അല്‍പ്പം താഴ്ന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ വില ഉയരുകയാണ് ചെയ്തത്. തിങ്കളാഴ്ച രാത്രി വന്‍തോതില്‍ വില ഉയര്‍ന്ന പിന്നാലെയാണ് ഇന്ന് രാവിലെയും കേരളത്തില്‍ വില കൂടിയത്. ആഗോള വിപണിയില്‍ വില കുറയുമ്പോള്‍ കേരളത്തില്‍ വില ഉയരുന്നത് അപൂര്‍വമാണ്.
കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം രൂപയുടെ മൂല്യം ഇടിഞ്ഞതാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് രൂപയ്ക്ക് തിരിച്ചടിയായി. രൂപ മൂല്യം ഇടിഞ്ഞതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് കൂടി. മാത്രമല്ല, ഡോളര്‍ രൂപ മൂല്യവ്യത്യാസം വര്‍ധിച്ചതും സ്വര്‍ണത്തിന് പാരയായി. രൂപ മൂല്യം മെച്ചപ്പെടുത്തിയാല്‍ സ്വര്‍ണവില താഴും.

ഡോളര്‍ സൂചിക 98.15 എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ മൂല്യം 95.63 എന്ന വലിയ വീഴ്ചയിലേക്ക് എത്തി. ക്രൂഡ് ഓയില്‍ ബാരല്‍ വില 105 ഡോളറിലാണ്. അമേരിക്കയും ഇറാനും തമ്മില്‍ സമവായം വൈകുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതെല്ലാമാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. സ്വര്‍ണവില ഉയര്‍ന്നാല്‍ ആഭരണ വിപണി കൂടുതല്‍ പ്രതിസന്ധിയിലാകും.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം പവന്‍ വില 112920 രൂപ
18 കാരറ്റ് സ്വര്‍ണം പവന്‍ വില 92800
14 കാരറ്റ് സ്വര്‍ണം പവന്‍ വില 72240
9 കാരറ്റ് സ്വര്‍ണം പവന്‍ വില 46600
വെള്ളി ഗ്രാം വില 290 രൂപ
സ്വര്‍ണം ഔണ്‍സ് വില 4721 ഡോളര്‍
സ്വര്‍ണം ഒരു പവന് തിങ്കളാഴ്ച രാവിലെ 160 രൂപ താഴ്ന്നിരുന്നു. എന്നാല്‍ രാത്രി 960 രൂപ ഉയരുകയാണ് ചെയ്തത്. ഇന്ന് രാവിലെ 400 രൂപ വീണ്ടും വര്‍ധിച്ചു. വെള്ളിയുടെ വിലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. 15 രൂപയുടെ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. രൂപയുടെ മൂല്യം മെച്ചപ്പെടാതെ ഇനി സ്വര്‍ണത്തിന് വലിയ തോതിലുള്ള തിരിച്ചുവരവ് അസാധ്യമാകും.
സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളി സൂചിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ വിദേശ കരുതല്‍ ധനം ചോരുന്ന വഴികളാണ് ക്രൂഡ് ഓയിലിന്റെയും സ്വര്‍ണത്തിന്റെയും ഇറക്കുമതി. ഇവ രണ്ടു കുറയ്ക്കാനുള്ള നിര്‍ദേശങ്ങളാണ് മോദി മുന്നോട്ട് വച്ചത്.
തൊട്ടുപിന്നാലെ സ്വര്‍ണവില കുത്തനെ കുറയുമെന്ന പ്രചാരണമുണ്ടായി. കേരളത്തില്‍ അടക്കം വലിയ തോതില്‍ പഴയ സ്വര്‍ണം വിറ്റഴിക്കുന്ന പ്രവണതയും കണ്ടു. ഇനിയും വില കുറഞ്ഞേക്കുമെന്ന് കണ്ടായിരുന്നു വിറ്റഴിക്കല്‍. എന്നാല്‍ പിന്നീട് പൊടുന്നനെ വില കൂടുകയാണ് ചെയ്തത്. ഇതോടെ പഴയ സ്വര്‍ണം വിറ്റഴിച്ചവര്‍ക്ക് തിരിച്ചടിയായി.
'സ്വര്‍ണം റീസൈക്ലിങ് പ്രോല്‍സാഹിപ്പിക്കണം'
ഇന്ത്യയുടെ കറൻസി ദുർബലമായി 95 ൽ എത്തിയ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല പകരം ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണം പുനരുപയോഗത്തിന് സാധ്യമാകുന്ന രീതിയിൽ നയപരമായ തീരുമാനങ്ങളാണ് എടുക്കേണ്ടതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.
ഏകദേശം 800 ടൺ സ്വർണ്ണം ഒരു വർഷം ഇറക്കുമതി ചെയ്യുമ്പോൾ 12 ലക്ഷം കോടി രൂപയാണ് ഒരോ വർഷവും ചെലവാകുന്നത്. റി സൈക്ലിംഗ് കൃത്യമായി പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഒരു ക്രമബദ്ധമായ ബുള്ളിയൻ ബാങ്കിംഗ് സംവിധാനം രൂപീകരിച്ച് നിയമപരവും സുതാര്യവുമായ രീതിയിൽ ഫലപ്രദമായി നടപ്പിലാക്കുകയാണെങ്കിൽ,അനാവശ്യമായ സ്വർണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും, രാജ്യത്തിന്റെ വിദേശനാണയ ചെലവ് ലാഭിക്കാനും, അതേ സമയം ആഭരണ മേഖലയിലെ ബിസിനസ് തുടർച്ചയും തൊഴിലും ഉറപ്പാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.
ലോക സ്വർണ്ണ കൗൺസിലിന്റെ (WGC) കണക്കുപ്രകാരം ലോകത്ത് ഇതുവരെ ഖനനം ചെയ്യപ്പെട്ട ആകെ സ്വർണ്ണം ഏകദേശം 2,19,890 ടൺ ആണ്. അതിൽ ഏകദേശം 25,000 മുതൽ 30,000 ടൺ വരെ സ്വർണം ഇന്ത്യയിലെ കുടുംബങ്ങൾ, ട്രസ്റ്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോക സ്വർണ്ണ ശേഖരത്തിന്റെ ഏകദേശം 12-15 ശതമാനം വരും.
ഇന്ത്യയിൽ സ്വർണ്ണം ആഭരണമായി അണിയുന്നതിന് മാത്രമല്ല, അത് സമ്പാദ്യം, സുരക്ഷ, ആഗോള കറൻസി ,നിക്ഷേപം, സംസ്കാരം, സ്ത്രീ ശാക്തീകരണം, തൊഴിൽ, ദശലക്ഷക്കണക്കിന് കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വലിയ സാമ്പത്തിക ആവാസവ്യവസ്ഥയാണ്. സ്വർണ്ണം ഒരു ആഗോള കറൻസിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വർണ്ണം വാങ്ങുന്നതിനെ നിയന്ത്രിക്കുന്നതല്ല, മറിച്ച് രാജ്യത്തിനുള്ളിലെ സ്വർണ്ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന നയങ്ങൾ സർക്കാർ സ്വീകരിക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ സ്വർണ്ണ കരുത്ത് കൃത്യമായി ഉപയോഗിച്ചാൽ സ്വർണ്ണ ഇറക്കുമതി പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.














Click it and Unblock the Notifications