പൊന്ന് തൊട്ടാൽ പൊള്ളും, പവന് വില അരലക്ഷത്തിലേക്കോ? 10 വർഷം കൊണ്ട് ഉയർന്നത് ഇത്ര , കണ്ണ് തള്ളും കണക്ക്
നാൾക്ക് നാൾ സ്വർണ വില കൂടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സ്വർണത്തിന്റെ കുതിപ്പിന് കാരണമായത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇനിയും സ്വർണത്തിൻറെ വില റോക്കറ്റ് പോലെ കുതിക്കുമെന്നാണ് കരുതപ്പെടുന്നത്.
ലോകത്ത് സ്വർണാഭരണങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാന്റുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ വർഷം കൂടുന്തോറും സ്വർണത്തിന്റെ ആവശ്യകത രാജ്യത്ത് ഉയർന്ന് കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.കേരളത്തിലെ സ്ഥിതി പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പൊന്നില്ലാതെ കേരളത്തിൽ എന്ത് വിവാഹം.

എന്നാൽ വിവാഹ സീസണിലേക്ക് അടുക്കുമ്പോൾ വിപണിയിൽ നിന്നും വരുന്ന വാർത്തകൾ അത്ര ആശ്വാസകരമല്ല. ഈ വർഷം അവസാനത്തോടെ സ്വർണ പവന് അരലക്ഷത്തിലേക്ക് അടുക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഇതിനോടകം തന്നെ സംസ്ഥാനത്ത് സ്വർണ വില 45,000 തൊട്ട് കഴിഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സ്വർണത്തിന് വൻ വില വർധനവാണ് ഉണ്ടായത്. 2013 ഏപ്രിൽ അഞ്ചിന് ഒരു പവൻ സ്വർണത്തിന് വില 21, 720 രൂപയായിരുന്നു. എന്നാൽ ഇന്നത് 45,000 ത്തിലെത്തി. അതായത് ഏകദേശം 107. 18 ശതമാനം വർധനവ്. 10 വർഷത്തിനിടയിലെ വ്യത്യാസം 23, 280 രൂപ.
2020 തുടങ്ങുമ്പോൾ സ്വർണം പവന് വില 30,200 രൂപയായിരുന്നു. ആ വർഷം പകുതിയായപ്പോഴേക്കും വില 35,000 തൊട്ടു. രണ്ട് മാസം കൊണ്ടാണ് വൻ കുതിപ്പ് വന്നത്. ജുലൈയിൽ പവന് 35,000 ഉണ്ടായിരുന്നത് ജുലൈയിൽ എത്തിയപ്പോഴേക്കും 40,000 ആയി. ആഗസ്റ്റിൽ 2000 വർധിച്ച് 42,000 ത്തിലെത്തി.
2023 ന്റെ തുടക്കം മുതൽ തന്നെ സ്വർണം കുതിപ്പ് തുടരുകയാണ്. മാർച്ച് 17 ന് പവന് നൽകേണ്ടി വന്നത് 43,040 രൂപയായിരുന്നു. ഒറ്റ ദിവസം കൊണ്ട് അതായത് മാർച്ച് 18 ന് വില വീണ്ടും ഉയർന്ന് 44,240 ൽ എത്തി. ഇപ്പോഴിതാ 45,000ത്തിലും എത്തി നിൽക്കുന്നു.

സ്വർണാഭരണങ്ങളുടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയും കൂടി ചേർത്ത് ആഭരണങ്ങൾ വാങ്ങുമ്പോൾ നിലവിൽ 49,000 രൂപയെങ്കിലും ഒരു പവന് നൽകേണ്ടി വരുന്നുണ്ട്. വ്യത്യസ്ത ഡിസൈനുകൾ തേടിപോയാൽ പണിക്കൂലി വീണ്ടും കൂടും.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2011 ഡോളറാണ് നിലവില വില. ഇത് 2100 ന് മുകളിലെത്തിയാൽ കേരളത്തിലും സ്വർണ വില 50,000 കടക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നാൽ സ്വർണത്തിന്റെ ഡിമാന്റ് വർധിക്കാനും വർഷാവസാനത്തോടെ സ്വർണ വില 70,000 കടന്നാൽ അത്ഭുതപ്പെടാനാകില്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരിയ ആശ്വാസം
സംസ്ഥാനത്ത് സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. 80 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 44,640 രൂപയാണ് വില. ഗ്രാമിന് പത്ത് രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 5580 രൂപയാണ് വില.
അതേസമയം വിവാഹ സീസണിലേക്ക് അടുക്കുന്തോറും വില ഉയരുന്നത് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സ്വർണ വ്യാപാരികൾ പങ്കുവെയ്ക്കുന്നത്. മാത്രമല്ല പുതിയ എച്ച് യു ഐ ഡി നമ്പറില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്ന കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ തീരുമാനവും തിരിച്ചടിയായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. ജുലൈ 1 വരെ ഹാൾമാർക്കിങ് പൂർത്തിയാക്കാൻ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും തിടുക്കപ്പെട്ട് ഹാൾമാർക്കിങ് നടപ്പാക്കുന്നത് ചെലവേറിയതാണെന്നും വ്യാപികൾ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications