സ്വര്‍ണവില തിരിച്ചുകയറി; കുറഞ്ഞ അത്രയും വില ഉയര്‍ന്നു, ഒരു പവന് എത്ര രൂപയാകും, അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ അത്രയും വില ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയിരിക്കുന്നത്. ആഗോള വിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വര്‍ധനവില്ലെന്ന റിപ്പോര്‍ട്ടുകള്‍ പലിശ നിരക്ക് വര്‍ധന ഉടനെ ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ്. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4010 ഡോളറായി ഉയര്‍ന്നു. ഇന്നലെ 3990ലേക്ക് താഴ്ന്നിരുന്നു. ക്രൂഡ് ഓയില്‍ വില 88 ഡോളറായി ഉയര്‍ന്നു. പശ്ചിമേഷ്യയില്‍ യുദ്ധം ഉടന്‍ തീരില്ലെന്ന് വ്യക്തമായിരിക്കുകയാണ്. മധ്യസ്ഥ ശ്രമങ്ങള്‍ നടക്കാത്തതാണ് ഇതിന് കാരണം. ഡോളര്‍ സൂചിക 100.76 ആയി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 96.53 ആയി ഇടിഞ്ഞു. കേരളത്തിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണിത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 105080 രൂപയാണ് വില. ഒരു ഗ്രാമിന് 13135 രൂപ നല്‍കണം. അതേസമയം, 18 കാരറ്റ് ഗ്രാമിന് 10795 രൂപയും പവന് 86360 രൂപയുമാണ് നല്‍കേണ്ടത്. 14 കാരറ്റ് ഗ്രാമിന് 8410 രൂപയും 9 കാരറ്റ് ഗ്രാമിന് 5425 രൂപയുമായി വില. അതേസമയം, വെള്ളിയുടെ വില ഇന്ന് ഗ്രാമിന് 235 ആയി ഉയര്‍ന്നു. പത്ത് ഗ്രാമിന് 2350 രൂപയുമായി.
സ്വര്‍ണവിലയില്‍ വലിയ വര്‍ധനവോ വലിയ ഇടിവോ ഈ മാസം കാണുന്നില്ല. നേരിയ തോതില്‍ ചാഞ്ചാട്ടമാണ് സംഭവിക്കുന്നത്. ചില ദിവസങ്ങളില്‍ വില കൂടുന്നു. ചിലപ്പോള്‍ കുറയുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ കുതിപ്പായിരുന്നു. ഓരോ ദിവസവും നാല് തവണ വരെ സ്വര്‍ണവിലയില്‍ മാറ്റം വന്നിരുന്നു. പിന്നീട് ഈ സാഹചര്യം മാറി.
22 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണങ്ങളും കോയിനും ലഭിക്കും. ഇതിന് താഴേക്കുള്ള കാരറ്റുകളില്‍ ആഭരണങ്ങള്‍ മാത്രമേ ലഭിക്കൂ. എല്ലാ ആഭരണങ്ങളും ഹാള്‍മാര്‍ക്കിങ് ചെയ്യണം എന്നാണ് ചട്ടം. സ്വര്‍ണത്തിന്റെ തൂക്കം, ജ്വല്ലറിയുടെ കോഡ്, പരിശുദ്ധി എന്നിവയെല്ലാം സൂചിപ്പിക്കുന്ന മാര്‍ക്കാണ് ഹാള്‍മാര്‍ക്കിങ് എന്നത്. ഇതില്ലാതെ ആഭരണങ്ങളോ മറ്റു സ്വര്‍ണങ്ങളോ വില്‍ക്കാന്‍ പാടില്ല എന്നതാണ് പുതിയ നിയമം.
സ്വര്‍ണത്തിന്റെ വിലയില്‍ വലിയൊരു ഭാഗം നികുതിയാണ്. ഇറക്കുമതി നികുതിയായി കൊടുക്കേണ്ടത് 15 ശതമാനമാണ്. മൂന്ന് ശതമാനം ജിഎസ്ടിയും. അതായത്, 18 ശതമാനം നികുതിയായി ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. മറ്റു രാജ്യങ്ങളില്‍ നികുതി കുറവാണ്. പ്രത്യേകിച്ച് യുഎഇയില്‍. അതുകൊണ്ടുതന്നെ പ്രവാസികള്‍ ആഭരണം വാങ്ങുന്നതിന് കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത് യുഎഇ വിപണിയാണ്.


Click it and Unblock the Notifications