സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്‍, ഗ്രാം വില
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് കേരളത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് കാണുന്നത്. ആഗോള വിപണിയില്‍ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി കേരള വിപണിയിലും മാറ്റം പ്രകടമാകുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ രംഗത്ത് കാതലായ മാറ്റം വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ ഇറാനും ഇസ്രായേലും പരസ്പരം ആക്രമണം നടത്തുന്നുമുണ്ട്.
കേരളത്തില്‍ ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 2760 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 345 രൂപയും വര്‍ധിച്ചു. ഇതോടെ പവന്‍ വില 107560 രൂപയും ഗ്രാം വില 13445 രൂപയുമായി. വെള്ളിയുടെ വില ഗ്രാമിന് 235 രൂപയില്‍ നിന്ന് 250 രൂപയിലേക്ക് എത്തി. ഉച്ചയ്ക്ക് ശേഷം വീണ്ടും ചിത്രം മാറി. സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.

ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. അതായത്, ഒരു ഗ്രാമിന് 13525 രൂപയും പവന് 108200 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 11115 രൂപയായി വര്‍ധിച്ചു. 14 കാരറ്റ് ഗ്രാമിന് 8655 രൂപയായി. 9 കാരറ്റ് ഗ്രാമിന് 5585 രൂപയുമായി. ഇനിയും വില കൂടിയേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
ഇറാനും അമേരിക്കയും ചര്‍ച്ച നടക്കുന്നു എന്ന വിവരം വന്ന ശേഷം വിപണിയില്‍ സംഭവിച്ച മാറ്റങ്ങള്‍ അറിയാം:-
1. സ്വര്‍ണവില ഉയര്‍ന്നു, ഔണ്‍സ് സ്വര്‍ണത്തിന് 4585 ഡോളറാണ് പുതിയ വില. ഇതില്‍ ഇനിയും മാറ്റം വന്നേക്കാം.
2. ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമുണ്ടായി. നിഫ്റ്റിയും സെന്‍സെക്‌സും ഉയര്‍ന്നു. ജപ്പാനിലേത് ഉള്‍പ്പെടെയുള്ള ഓഹരി വിപണികളും മുന്നേറി.
3. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 98 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡിന് 86 ഡോളറും മര്‍ബണ്‍ ക്രൂഡിന് 100 ഡോളറുമായി.
4. ഡോളര്‍ സൂചിക 99.27 എന്ന നിരക്കിലാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. 94.03 എന്ന നിരക്കിലാണ് രൂപയുള്ളത്.
5. സ്വര്‍ണവില പവന് 99480 രൂപ വരെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ 3 ദിവസത്തിനിടെ 9720 രൂപയാണ് ഉയര്‍ന്നത്.
ആഗോള വിപണിയില്‍ വില കൂടിയതാണ് കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ ഒരു കാരണം. മറ്റൊന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതാണ്. രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും വില ഉയരും. ആഗോള വിപണിയില്‍ ക്രൂഡ് വില കുറഞ്ഞിട്ടുണ്ടെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ഇന്ത്യയ്ക്ക് ഇറക്കുമതി ചെലവ് കൂടും. ഡോളര്‍ വിട്ട് കൂടുതല്‍ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്കും സ്വര്‍ണത്തിലേക്കും എത്തുന്നു എന്നതാണ് പുതിയ മാറ്റം.












Click it and Unblock the Notifications