ഒരു പവന് സ്വര്‍ണം 68000 രൂപയ്ക്ക്; 14 കാരറ്റ് ജന്‍സികള്‍ക്കിടയില്‍ പ്രിയമേറുന്നു, പ്രത്യേകത അറിയാം
കൊച്ചി: സ്വര്‍ണവില ഒരു ലക്ഷത്തിന് മുകളിലാണ്. ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട് എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. വരും ദിവസങ്ങൡ നേരിയ മുന്നേറ്റം നടത്തിയ ശേഷം സെപ്തംബറില്‍ വില കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്തംബറില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന് കരുതുന്നു.
22 കാരറ്റ് സ്വര്‍ണം ഒരു പവന് 106280 രൂപയാണ് ഇന്നത്തെ വില. മാസങ്ങള്‍ക്ക് മുമ്പ് 1.32 ലക്ഷം രൂപ വരെ എത്തിയിരുന്നു. പിന്നീട് കുറഞ്ഞ് ഒരു ലക്ഷത്തിന് താഴേക്ക് വീണു. വീണ്ടും ഏറിയും കുറഞ്ഞുമാണ് ഇന്നത്തെ വിലയില്‍ എത്തിയത്. വില ഇത്രയും ഉയര്‍ന്നു നില്ക്കുന്ന വേളയില്‍ 14 കാരറ്റ് സ്വര്‍ണത്തിന് വിപണിയില്‍ പ്രിയമേറുന്നു എന്ന് ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിച്ചു. എന്താണ് 14 കാരറ്റ് സ്വര്‍ണം എന്നറിയാം...

കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളത് 22 കാരറ്റാണ്. കൂടാതെ 18, 14, 9 കാരറ്റുകളും വിപണിയില്‍ ലഭ്യമാണ്. നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ തിരഞ്ഞെടുക്കേണ്ടത് 24 കാരറ്റാണ്. സമ്പൂര്‍ണമായ സ്വര്‍ണമാണിത്. 22 കാരറ്റില്‍ 91.6 ശതമാനമാണ് സ്വര്‍ണം, ബാക്കി മറ്റു ലോഹങ്ങളാണ്. 18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനവും 9 കാരറ്റില്‍ 37.5 ശതമാനവും.
24 കാരറ്റില്‍ കോയിനും ബാറും മാത്രമേ കിട്ടൂ. 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും ലഭിക്കും. ഇതിന് താഴേക്കുള്ള കാരറ്റുകളില്‍ ആഭരണം മാത്രമേ കിട്ടൂ. കേരളത്തില്‍ വില്‍ക്കുന്ന എല്ലാ തരം സ്വര്‍ണവും ഹാള്‍മാര്‍ക്കിങ് ചെയ്യണം എന്ന് നിര്‍ബന്ധമുണ്ട്. സ്വര്‍ണത്തിന്റെ തൂക്കം, വാങ്ങിയ സ്ഥാപനം, പരിശുദ്ധി എന്നിവയെല്ലാം കൃത്യമായി അറിയാന്‍ സഹായിക്കുന്നതാണ് ഹാള്‍മാര്‍ക്കിങ്.
14 കാരറ്റില്‍ 58 ശതമാനം സ്വര്‍ണം കഴിഞ്ഞാല്‍ ബാക്കി ചെമ്പ്, വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ ചേര്‍ത്താണ് ആഭരണം നിര്‍മിക്കുക. അതുകൊണ്ടുതന്നെ നല്ല കരുത്തുള്ള ആഭരണം കിട്ടും. എന്നാല്‍ സ്വര്‍ണത്തിന്റെ അംശം താരതമ്യേന കുറയുന്നതിനാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ തിളക്കം കുറഞ്ഞേക്കാം. ഈ വേളയില്‍ തിളക്കം കൂട്ടുന്നതിന് ജ്വല്ലറി വ്യാപാരികളുടെ സഹായം തേടേണ്ടി വരും.
ഇന്ന് 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8505 രൂപയാണ് വില. 68040 രൂപയാണ് ഒരു പവന് നല്‍കേണ്ടത്. ഇത് സ്വര്‍ണത്തിന്റെ മാത്രം വിലയാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും കൂടെ ഉള്‍പ്പെടും. കുറഞ്ഞ കാരറ്റിലെ ആഭരണങ്ങള്‍ക്ക് പണിക്കൂലി അല്‍പ്പം കൂടുമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. ഈ തരം ആഭരണം എല്ലാ ജ്വല്ലറികളും ലഭിക്കണം എന്നില്ല. എങ്കിലും ബ്രാന്റഡ് ജ്വല്ലറികളിലെല്ലാം ലഭിക്കും. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളാണ് ലഭിക്കുക. വില കുറയുന്നത് കൊണ്ടുതന്നെ ജെന്സിക്കാര്ക്കിടയില് ഈ സ്വര്‍ണത്തിന് പ്രിയമേറുന്നുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇത്തരം ആഭരണങ്ങള്‍ ബാങ്ക് വായ്പയ്ക്ക് സ്വീകരിക്കില്ല.





Click it and Unblock the Notifications