സ്വര്‍ണവില ഇടിഞ്ഞുവീണു; ആഭരണം വാങ്ങാന്‍ നല്ലദിനം, വെള്ളിയാഴ്ച നിര്‍ണായകം, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം വലിയ തോതില്‍ വില ഉയര്‍ന്നത് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. അതിനിടെയാണ് ആശ്വാസമായി വിലക്കുറവ്. എന്നാല്‍ ഇതില്‍ ആശ്വാസം കണ്ടെത്താന്‍ സാധിക്കില്ല എന്നാണ് വിവരം. ഏത് സമയവും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. പശ്ചിമേഷ്യയിലെ യുദ്ധ സാധ്യതകള്‍ ഇപ്പോഴും ആശങ്കയായി നിലനില്‍ക്കുന്നുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ വരുന്നു എന്ന വിവരം വന്നതോടെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നത്. എന്നാല്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങിയെന്നും ഇറാന്‍ തിരിച്ചടിക്ക് ഒരുങ്ങിയെന്നുമുള്ള വിവരം വന്നതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. പശ്ചിമേഷ്യയില്‍ ഈ സാഹചര്യം ഇനിയും തുടര്‍ന്നേക്കും. അതുകൊണ്ടുതന്നെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടവും പ്രതീക്ഷിക്കാം.

സ്വര്‍ണവിലയില്‍ ഇനി നിര്‍ണായകം വെള്ളിയാഴ്ചയാണ്. പാകിസ്താനില്‍ അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. യുദ്ധം അവസാനിക്കാനും വെടിനിര്‍ത്തല്‍ തുടരാനും യോഗത്തില്‍ ധാരണയായാല്‍ സ്വര്‍ണവില ഉയരാന്‍ തുടങ്ങും. ഒരുപക്ഷേ, വെള്ളിയാഴ്ച ഒരു ദിവസത്തെ ചര്‍ച്ചയില്‍ എല്ലാം ധാരണയാകണം എന്നില്ല. തുടര്‍ ചര്‍ച്ചകള്‍ വേണ്ടി വന്നേക്കും.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13885 രൂപയാണ്. ഒരു പവന് 111080 രൂപയും നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 260 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2600 രൂപയും. അതേസമയം, ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4710 ഡോളറാണ് പുതിയ നിരക്ക്.
സ്വര്‍ണം 18, 14, 9 കാരറ്റുകളുടെ വില
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11410 രൂപയും പവന് 91280 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8885 രൂപയും പവന് 71080 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5730 രൂപയും പവന് 45840 രൂപയുമാണ് നല്‍കേണ്ടത്. വില കുറഞ്ഞ സ്വര്‍ണം മതി എങ്കില്‍ ഇവ തിരഞ്ഞെടുക്കാം. ഈ കാരറ്റുകളില്‍ ആഭരണം മാത്രമാണ് ലഭിക്കുക.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷം രൂപ വരെ ചെവവ് പ്രതീക്ഷിക്കുന്നു. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണ് ഈ വിലയില്‍ എത്തുക. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇന്ന് 1.10 ലക്ഷം രൂപ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് വില നിശ്ചയിക്കുക.
ഇന്ത്യന്‍ രൂപയുടെ മൂല്യം കരുത്ത് കൂടിയിട്ടുണ്ട്. ഡോളറിനെതിരെ 92.63 എന്ന നിരക്കിലാണ് രൂപ. അതേസമയം, ഡോളര്‍ സൂചികയില്‍ ഇടിവ് വന്നു. 99 എന്ന നിരക്കിലാണ് ഡോളറുള്ളത്. ക്രൂഡ് ഓയില്‍ വിലയില്‍ ഇന്ന് അല്‍പ്പം മുന്നേറ്റം കാണുന്നുണ്ട്. 96 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് വില്‍പ്പന. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ വില ഇടിവ് ഉണ്ടായേക്കില്ല. ആഭരണം വാങ്ങുന്നവര്‍ വില കുറയുന്ന വേളയില്‍ തന്നെ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്.












Click it and Unblock the Notifications