സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി വില താഴ്ന്നു വരികയാണ്. വലിയ ഇടിവ് സംഭവിക്കുന്നില്ലെങ്കിലും ഓരോ ദിവസവും വില താഴ്ന്നത് ഒരാഴ്ച്ചത്തെ നിലവാരം നോക്കുമ്പോള്‍ നേട്ടമാകും. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ വിലയേക്കാള്‍ 10000 രൂപ കുറവാണ് ഇന്ന്. പണിക്കൂലിയും മറ്റു അനുബന്ധ ചെലവുകള്‍ കൂടി പരിശോധിച്ചാല്‍ വലിയ നേട്ടമാകും.
സാധാരണ യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില ഉയരേണ്ടതാണ്. നിക്ഷേപം നടക്കില്ലെന്ന് ബോധ്യമാകുന്ന വന്‍കിട നിക്ഷേപകരും രാജ്യങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചെയ്യുക. ആവശ്യക്കാര്‍ ഏറി വരുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില കൂടും. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞു വരികയാണ്.

എല്ലാ രാജ്യങ്ങളും അവശ്യവസ്തുക്കളും മറ്റും ശേഖരിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കാണ് പരിഗണന എന്നത് സ്വര്‍ണത്തിന് ആവശ്യം കുറയ്ക്കുന്നു. മറ്റൊന്ന് പണപ്പെരുപ്പം ഉയരുമെന്നും ബാങ്കുകള്‍ പലിശ കൂട്ടുമെന്നും മുന്‍കൂട്ടി കണ്ട് മിക്ക നിക്ഷേപകരും ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണവില കുറയാന്‍ രണ്ടാമത്തെ കാരണം.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില അറിയാം
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14590 രൂപയായി. ഒരു പവന് 116720 രൂപയുമായി. 18 കരറ്റ് സ്വര്‍ണം ഗ്രാമിന് 11985 രൂപയും പവന് 95880 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9335 രൂപയും പവന് 74680 രൂപയുമായി. 9 കാരറ്റ് ഒരു ഗ്രാമിന് 6020 രൂപയും പവന് 48160 രൂപയുമായി. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാമിന് 270 രൂപയായി. പത്ത് ഗ്രാമിന് 2700 രൂപയും.
ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 126920 രൂപയായിരുന്നു. ഇന്നത്തേക്കാള്‍ 10000 രൂപയില്‍ അധികം കൂടുതലായിരുന്നു അന്ന്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5020 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ 5300ന് മുകളില്‍ ആയിരുന്ന വില ഘട്ടങ്ങളായി കുറഞ്ഞാണ് ഈ നിരക്കിലെത്തിയത്. ഇതിന്റെ ആനുപാതികമായ കുറവാണ് കേരളത്തിലെ സ്വര്‍ണവിപണിയിലും കാണുന്നത്.
സ്വര്‍ണവില 75000 രൂപയാകുമോ?
ഡോളര്‍ സൂചിക കയറിയതും സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. 100.24 എന്ന നിരക്കിലാണ് ഡോളര്‍ സൂചികയുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.47 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് ഇന്ത്യന്‍ രൂപ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്നത്. ക്രൂഡ് ഓയില്‍ വില കൂടിയാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇനിയും ഇടിയും.
അതേസമയം, സ്വര്‍ണവിലയില്‍ വലിയ ഇടിവ് വന്ന് പവന് 75000 രൂപയിലേക്ക് എത്തുമോ എന്ന ചോദ്യം സജീവമാണ്. ഇത്രയും വലിയ ഇടിവ് പ്രതീക്ഷിക്കുന്നില്ലെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം മാറിയാല്‍ സ്വര്‍ണം തിരിച്ചുകയറും. അതുവരെ നേരിയ ഇടിവ് മാത്രം പ്രതീക്ഷിച്ചാല്‍ മതി.












Click it and Unblock the Notifications