സ്വര്‍ണവില കുറഞ്ഞു; സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം, ഇന്നത്തെ വിവിധ കാരറ്റ് വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. കഴിഞ്ഞ കുറച്ച് ദിവസം വില കൂടി വരികയായിരുന്നു. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 280 രൂപ എന്ന നിരക്ക് തുടരുകയാണ്. പത്ത് ഗ്രാമിന് 2800 രൂപ നല്‍കണം. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഔണ്‍സിന് 4542 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം.
അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞു വന്ന ക്രൂഡ് ഓയില്‍ വില ഇനിയും ഉയരുമോ എന്നാണ് ആശങ്ക. ക്രൂഡ് ഓയില്‍ വില കൂടിയാല്‍ ഡോളര്‍ സൂചിക ഉയരും. ഇതോടെ ഇന്ത്യന്‍ രൂപ താഴുകയും ചെയ്യും. ഇന്ന് രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞ് 95.45 ആയിട്ടുണ്ട്. ഡോളര്‍ സൂചിക 99 എന്ന നിരക്കിലാണ്. ഇതെല്ലാം സ്വര്‍ണവില നിര്‍ണയിക്കുമ്പോള്‍ അടിസ്ഥാനമാക്കുന്ന ഘടകങ്ങളാണ്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14565 രൂപയായി. പവന് 360 രൂപ താഴ്ന്ന് 116520 രൂപയുമായി. അതേസമയം, 18 കാരറ്റ് ഗ്രാമിന് 11965 രൂപയും പവന് 95720 രൂപയുമാണ് പുതിയ വില. 14 കാരറ്റ് ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 6010 രൂപയും പവന് 48080 രൂപയുമാണ് നല്‍കേണ്ടത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.25 ലക്ഷത്തിന് മുകളില്‍ ചെലവ് വരാനാണ് സാധ്യത. പഴയ സ്വര്‍ണം തിരിച്ചെടുക്കാന്‍ പല ജ്വല്ലറികളും പ്രത്യേക പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. ഏത് ജ്വല്ലറിയുടെ സ്വര്‍ണവും തിരിച്ചെടുക്കുമെന്നാണ് ചില പരസ്യങ്ങള്‍. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളിലെത്തി വിശദമായി ചോദിച്ചറിഞ്ഞ ശേഷം മാത്രം അന്തിമ തീരുമാനം എടുക്കണം.
പഴയ സ്വര്‍ണം തങ്കത്തിന്റെ മൂല്യം അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ വില നിശ്ചയിക്കുക. തങ്കത്തിനും വില ഉയര്‍ന്നിരിക്കുന്നതിനാല്‍ വലിയ മൂല്യ വ്യത്യാസം ഉണ്ടാകില്ല. എങ്കിലും വിപണി വില ലഭിക്കുമോ, എത്ര രൂപ കുറവ് വരും, സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ എത്ര രൂപ അധികം നല്‍കേണ്ടി വരും തുടങ്ങിയ കാര്യങ്ങളെല്ലാം ഉപഭോക്താവ് വിശദമായി ചോദിച്ചറിഞ്ഞ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ.
ക്രൂഡ് ഓയില്‍ വില ഇനിയും കുതിച്ചേക്കുമെന്നാണ് വിവരം. ബ്രെന്റ് ക്രൂഡ് ബാരലിന് 98 ഡോളറാണ് പുതിയ നിരക്ക്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ നാല് തവണ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയിരുന്നു. സിഎന്‍ജി വിലയും ഉയര്‍ത്തുകയാണ്. ഇന്നും രണ്ടു രൂപ കൂട്ടി. ആഗോള വിപണിയില്‍ വില കുറയുന്ന വേളയില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നു എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.















Click it and Unblock the Notifications