സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്‍, പിന്നെ രൂപയും, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വലിയ തോതില്‍ കുറയുകയും പിന്നീട് ഉയരുകയും ചെയ്ത സ്വര്‍ണവില ആഗോള രാഷ്ട്രീയത്തിന് അനുസരിച്ച് ചാഞ്ചാടുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ചര്‍ച്ച നടക്കുന്നു എന്ന് പറഞ്ഞതോടെയാണ് യുദ്ധം തീരുമെന്ന് കരുതി സ്വര്‍ണവില കയറിയത്. എന്നാല്‍ ചര്‍ച്ച നടക്കുന്നില്ലെന്ന ഇറാന്റെ പുതിയ പ്രതികരണം സ്വര്‍ണവില താഴോട്ട് പോകാന്‍ കാരണമായി.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് കാണുന്നത്. സമാനമായ ഇടിവ് കേരളത്തിലും വന്നിട്ടുണ്ട്. എന്നാല്‍ രൂപയുടെ മൂല്യം നഷ്ടപ്പെടുന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. സ്വര്‍ണം ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില നല്‍കേണ്ട സാഹചര്യമാണിപ്പോള്‍. രൂപ കരുത്ത് കൂടിയിരുന്നു എങ്കില്‍ ഇന്ന് വലിയ തോതില്‍ സ്വര്‍ണവില കുറയുമായിരുന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. പവന് 480 രൂപയും കുറഞ്ഞു. 13465 രൂപയാണ് ഇന്നത്തെ ഗ്രാം വില. പവന് 107720 രൂപയാണ് നല്‍കേണ്ടത്. ഇത് സ്വര്‍ണത്തിന്റെ മാത്രം വിലയാണ്. എന്നാല്‍ ആഭരണം ഈ വിലയ്ക്ക് കിട്ടില്ല. അതിന് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ഉപഭോക്താവ് നല്‍കണം. അപ്പോള്‍ ഒരു പവന് 1.16 ലക്ഷത്തിന് അടുത്ത് ചെലവുണ്ടാകും.
കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 250 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2500 രൂപയും. എന്നാല്‍ കുറഞ്ഞ കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇന്ന് ഇടിവ് വന്നിട്ടുണ്ട്. 18 കാരറ്റ് ഗ്രാമിന് 11065 രൂപയും പവന് 88520 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8620 രൂപയും പവന് 68960 രൂപയുമാണ് വില. 9 കാരറ്റ് ഗ്രാമിന് 5560 രൂപയും പവന് 44480 രൂപയുമാണ് നല്‍കേണ്ടത്.
സ്വര്‍ണത്തിന് തിരിച്ചടി രൂപയുടെ ഇടിവ്
സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ പ്രധാനമാണ് ഡോളര്‍ സൂചിക. ഇന്ന് ഡോളര്‍ സൂചികയില്‍ കാര്യമായ മാറ്റമില്ല. 99.60 എന്ന നിരക്കിലാണുള്ളത്. അതേസമയം, വ്യാപാരം തുടരുന്നതിനാല്‍ ഡോളര്‍ മുന്നേറാന്‍ സാധ്യതയുണ്ട്. ഈ വേളയില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ മൂല്യം നഷ്ടപ്പെടും. ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 94.11 എന്ന ചരിത്ര നഷ്ടത്തിലാണ്.
രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. എന്നാല്‍ നാട്ടില്‍ അവശ്യ വസ്തുക്കള്‍ക്ക് വില കൂടിയാല്‍ പ്രവാസികള്‍ അയക്കുന്ന പണം വേണ്ടത്ര ഉപകാരപ്പെടാതെ പോകും. ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും വില കൂടും എന്നതാണ് രൂപയുടെ മൂല്യം നഷ്ടപ്പെട്ടാലുള്ള മാറ്റം. ക്രൂഡ് ഓയില്‍ വില കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
വിപണിയിലെ ഓരോ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ക്രൂഡ് ഓയില്‍ പ്രതിസന്ധി വരുന്നു എന്ന് മനസിലാക്കിയാല്‍ കൂടുതല്‍ പേര്‍ എണ്ണ വാങ്ങാന്‍ എത്തും. ഈ വേളയില്‍ ക്രൂഡ് വില ഉയരും. ഡോളറിലാണ് ക്രൂഡ് ഇടപാട് എന്നതിനാല്‍ ഈ വേളയില്‍ ഡോളര്‍ മൂല്യം ഉയരും. ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ മൂല്യം ഈ വേളയില്‍ ഇടിയുകയും ചെയ്യും.












Click it and Unblock the Notifications