സ്വർണവില പുതിയ റെക്കോർഡില്‍, കണ്ണുതള്ളി ആഭരണ പ്രേമികള്‍: ഒരു പവന് ഇന്ന് എത്ര നല്‍കണം
കൊച്ചി: ഏപ്രില്‍ മാസത്തിന്റെ തുടർച്ചയെന്നോണം സ്വർണ വിലയില്‍ വലിയ വർധനവാണ് മെയ് മാസത്തിലും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും അക്ഷയതൃതീയ ദിനത്തിലെ ഇരട്ട വർധനവോടെ റെക്കോർഡ് നിരക്കിന്റെ അരികിലേക്ക് സ്വർണ വില തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ ഇന്ന്, സ്വർണ വില സർവ്വകാല റെക്കോർഡ് തിരുത്തിയിരിക്കുകയാണ്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ പവന് 54720 രൂപയ്ക്കാണ് ഇന്ന് സ്വർണം വില്‍ക്കുന്നത്. 640 രൂപയുടെ വർധനവോടെയാണ് പവന്റെ വില പുതിയ റെക്കോർഡ് ഭേദിച്ചത്. ഗ്രാമിന് 80 രൂപ വർധിച്ച് 6840 രൂപയുമായി. കഴിഞ്ഞ ദിവസം ആശ്വസമെന്നോണം പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഇതോടെ യഥാക്രമം 54720, 54080 എന്നിങ്ങനെയായിരുന്നു പവന്‍, ഗ്രാം വില.

കഴിഞ്ഞ മാസം 19 ന് കുറിച്ച റെക്കോർഡാണ് ഇന്നത്തെ വർധനവോടെ പഴങ്കഥയായി മാറിയിരിക്കുന്നത്. ഗ്രാമിന് 6815 രൂപയും പവന് 54520 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ പിന്നീട് സ്വർണ വില വലിയ തോതില്‍ അല്ലെങ്കിലും കുറഞ്ഞിരുന്നു. മെയ് 3 ന് വില 52600 രൂപയിലേക്ക് എത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
ഈ മാസം ഇതുവരെ കേരളത്തില്‍ മാത്രം പവന് കൂടിയത് 2,280 രൂപയാണ്. ഗ്രാമിന് 285 രൂപയും ഉയര്‍ന്നു. അന്താരാഷ്ട്ര രംഗത്തെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ഒറ്റയടിക്ക് ട്രോയ് ഔണ്‍സിന് 35.69 ഡോളര്‍ വര്‍ധിച്ച് 2,413.93 ഡോളറിലുമെത്തി. സാമ്പത്തിക പ്രതിസന്ധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നുണ്ട്. ഇതുമൂലം ഉണ്ടാകുന്ന ഡിമാന്റാണ് വർധനവിന്റെ പ്രധാന കാരണം.
അമേരിക്കയിലെ പണപ്പെരുപ്പം കുറഞ്ഞതോടെ ഫെഡറല്‍ റിസര്‍വ് ഈവര്‍ഷം കുറഞ്ഞത് രണ്ടുതവണയെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില നേട്ടത്തിലെത്തുകയും ചെയ്തു. ഇതിനിടെയാണ് ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന രക്ഷാ പാക്കേജ് പ്രഖ്യാപിക്കുന്നത്.
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ രക്ഷാപാക്കേജ് സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കുതിപ്പേകി. പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാനുള്ള 300 ബില്യണ്‍ യുവാന്റെ (ചൈനീസ് കറന്‍സി) പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ സഹായിക്കും. ചൈനയുടെ ഈ നടപടി സ്വര്‍ണമടക്കം എല്ലാ ലോഹങ്ങളുടെയും (Metals) വിലക്കുതിപ്പിന് വഴിയൊരുക്കി. ചൈനീസ് കേന്ദ്രബാങ്കും നിക്ഷേപകരും സുരക്ഷിത നിക്ഷേപമെന്നോണം കൂടുതല്‍ സ്വർണം വാങ്ങിക്കൂട്ടാന്‍ തുടങ്ങി.
ഇന്നത്തെ വർധനവോടെ ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞ പണിക്കൂലും ജിഎസ്ടിയും അടക്കം 59235 രൂപ നല്‍കേണ്ടി വരും. ഇന്നലത്തെ നിരക്കിലായിരുന്നെങ്കില്‍ നല്‍കേണ്ടിയിരുന്നത് 58485 രൂപയായിരുന്നു. എന്നാല്‍ ഇന്നാണെങ്കില്‍ ഇതേ അളവിലുള്ള ആഭരണം വാങ്ങാന്‍ 750 രൂപ അധികം നല്‍കണം.












Click it and Unblock the Notifications