സ്വര്‍ണം വാങ്ങാമെന്ന മോഹം ഉപേക്ഷിക്കേണ്ടി വരുമോ..? റെക്കോഡില്‍ നിലയുറപ്പിച്ച് ഇന്നത്തെ വില
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ ഓരോ ദിവസവും നിരീക്ഷിക്കുന്നവരാണ് മലയാളികള്‍. ആഭരണപ്രേമം എന്നതിലുപരിയായി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലക്ക് സ്വര്‍ണത്തെ കാണുന്നതിനാലാണ് ഇത്. നിക്ഷേപ മാര്‍ഗമായി സ്വര്‍ണം സൂക്ഷിച്ച് വെക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് അടുത്ത കാലത്തായി സ്വര്‍ണ വിപണിയില്‍ നിന്ന് പുറത്ത് വരുന്നത്.
എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ നിരക്കിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം ഇന്നലെ വ്യാപാരം നടത്തിയിരുന്നത്. ഇന്നും അതേ വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5735 രൂപ നല്‍കണം. ഒരു പവന്‍ സ്വര്‍ണത്തിന് ഒടുക്കേണ്ടത് 45880 രൂപയാണ്.

ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ അരലക്ഷം രൂപ ഒരു പവന് നല്‍കേണ്ടി വരും. അതുകൊണ്ട് തന്നെ സാധാരണക്കാരെ സംബന്ധിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നത് അപ്രാപ്യമായിരിക്കും എന്ന് പറയുന്നത് അതിശയോക്തിയാകില്ല. അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തിയത്. യുഎസ് ഡോളറിലുണ്ടായ ഇടിവാണ് വില വര്‍ധനക്ക് കാരണം.
ഡോളര്‍ സൂചിക 0.1% ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിന് അടുത്താണ് ഡോളര്‍ ഇപ്പോള്‍. അതേസമയം യു എസില്‍ പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകള്‍ കാണിക്കുന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഫെഡറല്‍ സാമ്പത്തിക വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ തുടങ്ങുമെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഡിസംബറില്‍ ഫെഡറല്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് വ്യാപാരികള്‍ പരക്കെ പ്രതീക്ഷിക്കുന്നു. അതേസമയം സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. ഈ മാസത്തെ പൊതുവെ ഉള്ള ട്രെന്‍ഡ് സൂചിപ്പിക്കുന്നതും അതാണ്. നവംബറില്‍ സ്വര്‍ണത്തിന് ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് 13-ാം തിയതിയായിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 5545 രൂപയായിരുന്നു അന്ന് വില. പവന് 44360 രൂപയും. ഈ മാസം 20 ദിവസവും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5600 രൂപക്ക് മുകളിലായിരുന്നു. ഈ വര്‍ഷം കഴിയാന്‍ ഒരു മാസം മാത്രമെ ഉള്ളൂ എന്നിരിക്കെ ഈ ട്രെന്‍ഡ് തന്നെ തുടരാനാണ് സാധ്യത. നവംബര്‍ 11 മുതല്‍ സ്വര്‍ണ വില ഇടിഞ്ഞിട്ടുമില്ല.












Click it and Unblock the Notifications