സ്വർണ വില: സന്തോഷ ദിനങ്ങള്‍ തുടരുന്നു, തുടർച്ചയായ മൂന്നാം ദിനവും വില ഇടിഞ്ഞു, പുതിയ നിരക്ക് അറിയാം
കൊച്ചി: സ്വർണ പ്രേമികളുടെ ഉള്ളില്‍ ആശങ്കയുടെ തീ കോരിയിട്ട മാസമായിരുന്നു ഡിസംബർ. വിലയില്‍ പല തവണ റെക്കോർഡുകള്‍ തിരുത്തിയ സ്വർണം സംസ്ഥാന ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത നിരക്കിലേക്കും ഡിസംബറില്‍ ഉയർന്നു. മാസം അവസാനത്തെ ദിനങ്ങളില്‍ മാത്രമതായിരുന്ന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്.
2024 ആദ്യ ദിവസം മാറ്റമില്ലാതെ തുടർന്ന വില രണ്ടാം തിയതി ഉയർന്നതോടെ സ്വർണ വില വീണ്ടും കുതിപ്പിന് ഒരുങ്ങുകയാണോയെന്ന ആശങ്കയും ശക്തമായി. 47000 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയും ഇത് തന്നെ എന്നാല്‍ ജനുവരി മൂന്നിനും നാലിനും ആശ്വാസമായി വില കുറഞ്ഞു. ഇതേ പ്രവണതയാണ് സ്വർണ വിലയില്‍ ഇന്നും ഉണ്ടായിരിക്കുന്നത്.

വലിയ കുറവില്ലെങ്കിലും ഡിസംബറിലെ റെക്കോർഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസം നല്‍കുന്ന നിരക്കാണ് ഇന്നത്തേത്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 46400 രൂപ എന്നതിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. കഴിഞ്ഞ ദിവസം 46480 രൂപയായിരുന്നു വില.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ 5810 ല്‍ നിന്നും 5800 ലേക്ക് എത്തി. 24 കാരറ്റ് സ്വർണത്തിലും 18 കാരറ്റ് സ്വർണത്തിലും സമാനമായ നിരക്ക് ഇടിവുണ്ടായിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന്റെ വില പവന് 88 രൂപ കുറഞ്ഞ് 50616 ലേക്ക് എത്തി. 18 കാരറ്റിന് 72 രൂപ കുറഞ്ഞ് 37960 രൂപയുമായി.
ഡിസംബർ 28 നായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വില എത്തിയത്. 47120 രൂപയായിരുന്നു അന്നത്തെ നിരക്ക്. അന്നത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ വിലയില്‍ 720 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യത ഉള്ളതിനാല്‍ തന്നെ ഈ വിലയിടിവ് ആശ്വാസമായിട്ടാണ് കാണുന്നത്.
2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. 2023 ജനുവരി 24ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയും പവന്റേത് 42,000 രൂപയും ആയിരുന്നു. പിന്നീട് ഇത് 13 തവണ കൂടി. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 1150 യുഎസ് ഡോളറായിരുന്നു. ഇത് 2023 ഡിസംബർ 27ന് 2063 ഡോളറായി ഉയർന്നു. ഒരു ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ 80 ശതമാനത്തിന്റെ വർധനവാണുണ്ടായത്.












Click it and Unblock the Notifications