സ്വര്‍ണവില വന്‍ ഇടിവില്‍; ഇന്ന് 800 രൂപയിലധികം കുറഞ്ഞു... ആഭരണം വാങ്ങുന്നോ, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ തോതില്‍ കുറയുന്നു. ഇന്നും 800 രൂപയിലധികം കുറഞ്ഞു. ഈ മാസം ഇതുവരെ 3600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വന്‍തോതില്‍ ഉയര്‍ന്ന് പവന് 65000ത്തിലേക്ക് വൈകാതെ എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാം മാറിമറിഞ്ഞ് വില കുത്തനെ ഇടിയുന്നതാണ് പുതിയ ട്രെന്‍ഡ്.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. ആഭരണം വാങ്ങുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വരുംദിവസങ്ങളിലും വില കുറയാന്‍ സാധ്യതയുണ്ട്. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ വില കുറയുന്ന ദിവസം വാങ്ങാന്‍ സാധിക്കും. വില കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. പുതിയ സ്വര്‍ണവില സംബന്ധിച്ച് അറിയാം....

കേരളത്തില്‍ ഇന്ന് 55480 രൂപയാണ് ഒരു പവന്റെ വില. 880 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 6935 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5720 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയായി. സെപ്തംബര്‍ 21ന് രേഖപ്പെടുത്തിയ വിലയിലേക്ക് സ്വര്‍ണം കുറഞ്ഞിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ടത്.
ആഗോള വിപണിയില്‍ സ്വര്‍ണവില കുത്തനെ കുറയുകയാണ്. ഔണ്‍സ് സ്വര്‍ണത്തിന് 2562 ഡോളറാണ് പുതിയ വില. നേരത്തെ 2800 രൂപയിലേക്ക് അടുത്തിരുന്നു. വില കുത്തനെ വര്‍ധിച്ച വേളയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നു. ഉയര്‍ന്ന വിലയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിറ്റഴിക്കല്‍. മാത്രമല്ല, അമേരിക്കയിലെ ഭരണമാറ്റം സ്വര്‍ണവില ഇടിയാന്‍ കാരണമാകുമെന്നും നിക്ഷേപകര്‍ മുന്‍കൂട്ടി കണ്ടു.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപയില്‍ താഴെയാകും ചെലവ് വരിക. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. നേരത്തെ വലിയ വില കൊടുത്ത് സ്വര്‍ണം വാങ്ങിയവര്‍ സ്വാഭാവികമായും ഇന്ന് നിരാശയിലാകും. അതേസമയം, വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ദിവസമാണിന്ന്.
ഡോളര്‍ കരുത്ത് വര്‍ധിക്കുന്നത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. ഏറെ കാലത്തിന് ശേഷം ഡോളര്‍ സൂചിക 106.66 എന്ന നിരക്കിലെത്തി. അതേസമയം, ഇന്ത്യന്‍ രൂപ വലിയ തോതില്‍ ഇടിഞ്ഞു. ഡോളറിനെതിരെ 84.41 എന്ന നിരക്കിലാണ് രൂപ. ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് ചെലവേറാന്‍ ഇത് കാരണമാകും. മാത്രമല്ല, രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും ചെയ്യും.
ക്രൂഡ് ഓയില്‍ വില വലിയ മാറ്റമില്ലാതെ നില്‍ക്കുന്നു എന്നതാണ് എണ്ണ വിപണിയിലെ ഇന്നത്തെ വിവരം. ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറാണ് വില. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നുണ്ടെങ്കിലും ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി എത്തുന്നതോടെ യുദ്ധം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് നിക്ഷേപകരില്‍ പ്രതീക്ഷ വളര്‍ത്തുന്ന ഘടകമാണ്. ബിറ്റ് കോയിന്‍ വില 93000 ഡോളര്‍ കടന്ന് കുതിക്കുന്നതും സ്വര്‍ണവില ഇടിയാന്‍ കാരണമാണ്.












Click it and Unblock the Notifications