സ്വർണവില ഇന്നും കുറഞ്ഞ് തന്നെ: പക്ഷെ കാത്തിരിക്കാന്‍ നില്‍ക്കേണ്ട, വരാന്‍ പോകുന്ന വില വർധനവിന്റെ നാളുകള്‍
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 56920 രൂപ എന്ന കഴിഞ്ഞ ദിവസത്തെ നിരക്കിലാണ് ഇന്നും സ്വർണ വില്‍പ്പന നടക്കുന്നത്. ഗ്രാം വില 7115 രൂപ. മാസത്തിലെ ഏറ്റവും കുറഞ്ഞ വില അല്ലെങ്കിലും താരതമ്യേന ഭേദപ്പെട്ട നിരക്കിലാണ് വില്‍പ്പന തുടരുന്നത്. അമേരിക്കയിലെ തൊഴില്‍ കണക്കുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സ്വർണ വിലയില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ച. എന്നാല്‍ കേരള വിപണിയില്‍ ഇന്നലത്തെ വില തന്നെ ഇന്നും തുടരുകയാണ്.
രാജ്യാന്തര വിപണയില്‍ വില ഇടിവ് ഉണ്ടായപ്പോഴും കേരളത്തില്‍ വില കൂടിയില്ലെന്നതും ശ്രദ്ധേയമാണ്. ട്രോയ് ഔണ്‍സിന് 2642 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ നിരക്ക്. ഇത് 2625 ഡോളറിലേക്ക് വരെ ഇടിഞ്ഞു. നിലവില്‍ എട്ട് ഡോളർ കൂടി തിരിച്ച് കയറി 2633 ഡോളർ നിരക്കിലാണ് വില്‍പ്പന തുടരുന്നത്.

കേരളത്തില്‍ 22 കാരറ്റ് സ്വർണത്തിന് പവന് 57200 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. എന്നാല്‍ രണ്ടാം തിയതി സ്വർണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് 480 രൂപയുടെ കുറവോടെ വില 56720 രൂപയിലേക്ക് എത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. മുന്നാം തിയതിയാണ് മാസത്തിലെ ആദ്യ വിലവർധനവ് രേഖപ്പെടുത്തി. 320 രൂപ വർധിച്ചതോടെ വില 57040 ലേക്ക് എത്തി.
നാലാം തിയതി വിലയില്‍ മാറ്റമില്ലാതെ കച്ചവടം തുടർന്നു. ഈ നിരക്കില്‍ നിന്നുമാണ് വ്യാഴാഴ്ച 80 രൂപയുടെ വർധനവോടെ വില 57120 ലേക്ക് എത്തിയത്. എന്നാല്‍ ഇന്നലെ വലിയ ആശ്വാസമായി 200 രൂപയുടെ ഇടിവുണ്ടാകുകയും 56920 എന്നതിലേക്ക് ഇടിയുകയും ചെയ്തു.
സ്വർണ വിലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ഇടിവ് താല്‍ക്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ നവംബർ അവസാന വാരത്തിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ച സാഹചര്യത്തില്‍ ഫെഡറൽ റിസർവ് ഈമാസവും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറച്ചേക്കും. സ്വർണ വില കൂടുന്നതിനായിരിക്കും ഇത് വഴിയൊരുക്കുക.
അന്താരാഷ്ട്ര രംഗത്തെ മറ്റ് സാഹചര്യങ്ങളും വിലവർധനവിന് അനുകൂലമാണ്. ഇറാൻ-ഇസ്രയേൽ, ഹമാസ്-ഇസ്രയേൽ, യുക്രെയ്ൻ-റഷ്യ സംഘർഷങ്ങളും ട്രംപ് അധികാരത്തില്‍ വരുന്നതോടെ പ്രതീക്ഷിക്കാവുന്ന അമേരിക്ക-ചൈന വ്യാപാരപ്പോരും സ്വർണ വിലയെ സ്വാധീനിച്ചേക്കും. അടുത്ത വർഷം അവസാനത്തോടെ സ്വർണ വില ഔണ്‍സിന് 3000 ഡോളർ വരെ എത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ സ്വർണ വില പവന് 65000-70000 രൂപയിൽ എത്തിയേക്കാം.












Click it and Unblock the Notifications