സ്വർണപ്രേമികള്‍ക്ക് സന്തോഷിക്കാം: ഇന്ന് വാങ്ങിയാല്‍ ലാഭം, നാല് ദിവസംകൊണ്ട് കുറഞ്ഞ് 2000 രൂപ
തിരുവനന്തപുരം: സ്വർണപ്രേമികളെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത മാസമാണ് മെയ്. സംസ്ഥാനത്ത ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലേക്ക് സ്വർണ വിലയെത്തി. പവന്‍ വില ആദ്യമായി 50000 ത്തിന് മുകളിലേക്ക് കുതിച്ചത് മെയ് 20 നായിരുന്നു. 55120 രൂപയായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ തുടർന്നുള്ള ദിനങ്ങളില്‍ ആശ്വാസമെന്നോണം സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ആഴ്ചയിലെ അവസാന വിപണി ദിനമായ ഇന്ന് സ്വർണ വിലയില്‍ ഏറ്റക്കുറിച്ചില്‍ രേഖപ്പെടുത്തിയില്ല. ഇതോടെ ഇന്നലത്തെ നിരക്കിലാണ് ഇന്നും സ്വർണ വിപണി പ്രവർത്തിക്കുന്നത്. ഗ്രാമിന് 6640 രൂപയും പവന് 53120 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. ഇതേ നിരക്കില്‍ ഇന്നും വ്യാപാരം തുടരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി വിലയിലുണ്ടായ വലിയ ഇടിവാണ് സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായി മാറിയത്. വെള്ളിയാഴ്ച പവന് 720 രൂപയും വ്യാഴാഴ്ച 800 രൂപയും ഇടിഞ്ഞു. 1520 രൂപയുടെ ഈ ഇടിവ് സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. നാല് ദിവസത്തെ കണക്ക് എടുക്കുകയാണെങ്കില്‍ ഗ്രാമിന് 200 രൂപയും പവന് 2000 രൂപയും കുറഞ്ഞു.
പതിനെട്ട് കാരറ്റിലും ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടില്ല. 55120 രൂപയാണ് പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ നിരക്ക്. രണ്ട് ദിവസം മുന്‍പ് വെള്ളിയുടെ വില ഗ്രാമിന് 100 രൂപ വരെ എത്തിയിരുന്നെങ്കില്‍ ഇന്നത്തെ വില 96 രൂപയാണ്.മെയ് ഒന്നാം തിയതി പവന് 52440 എന്ന നിരക്കിലായിരുന്നു ഈ മാസത്തെ സ്വർണ വിപണി ആരംഭിച്ചത്. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. പിന്നീട് വിവിധ തവണകളായി റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചാണ് മെയ് ഇരുപതിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്.
നിലവില്‍ വിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വരും ദിവസങ്ങളില്‍ വില വർധിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വില കുറഞ്ഞിരിക്കുന്ന സമയത്ത് സ്വർണം ബുക്ക് ചെയ്യുന്നത് ഗുണകരമായിരിക്കും.
പവന് 53120 രൂപയാണെങ്കിലും ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങാന്‍ ഏകദേശം 57,000 രൂപ നൽകേണ്ടി വരും. ആഭരണം വാങ്ങുമ്പോള്‍ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍എന്നിവയെല്ലാം ചേര്‍ത്താണ് വില ഈടാക്കുക. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും ഈടാക്കും.
രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ഇപ്പോള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. യു എസിലെ അടക്കം പണപ്പെരുപ്പ നിരക്കുകൾ കുറയാത്തതാണ് സ്വർണ വില കുറയാനുള്ള പ്രധാന കാരണം. ഫെഡ് ഒഫിഷ്യലുകൾക്ക് പിന്നാലെ ഫെഡ് മിനുട്സും ബോണ്ട് യീൽഡിന് പിന്തുണ നൽകിയതോടെ നിക്ഷേപകർ വലിയ തോതില്‍ സ്വർണത്തില്‍ ലാഭമെടുക്കാന്‍ തുടങ്ങി. രാജ്യാന്തര സ്വർണവില 2366 ഡോളറിലാണ് വ്യാപാരം തുടരുന്നത്. രാജ്യാന്തര വിപണിയിലേയും സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.












Click it and Unblock the Notifications