പിടിവിട്ട സ്വര്‍ണം റെക്കോര്‍ഡില്‍; ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര രൂപ എന്ന് അറിയാം... ഇന്നത്തെ ഗ്രാം വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. ഇനിയും വില ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം അത്ര സുന്ദരമല്ല എന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡോളര്‍ മൂല്യം ഉയരുന്നത് സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ഇന്ത്യന്‍ രൂപ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ശേഷം അല്‍പ്പം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ക്രൂഡ് ഓയില്‍ വിലയിലും വലിയ മാറ്റം സംഭവിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയാല്‍ എണ്ണ-സ്വര്‍ണ വിലകളില്‍ വലിയ മാറ്റം സംഭവിക്കും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56960 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 7120 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റ് ഗ്രാമിന് 5885 രൂപയാണ് വില. വെള്ളിയുടെ വില ഗ്രാമിന് 98 രൂപയില്‍ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണം ഒരേ വിലയിലാണ് നില്‍ക്കുന്നത്. കുറയുമ്പോള്‍ വാങ്ങാമെന്ന് കരുതി മാറ്റി വയ്ക്കുന്നത് ഉചിതമല്ല. ആഭരണം വാങ്ങാന്‍ മോഹിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കാം.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 62000 രൂപ ചെലവ് വരും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. അപ്പോള്‍ മൊത്ത വിലയും കൂടും. മിക്ക ആഭരണങ്ങള്‍ക്കും 5 ശതമാനം പണിക്കൂലിയാണ് ഈടാക്കുക. വാങ്ങുന്ന സ്വര്‍ണത്തിന്റെ വിലയുടെ അഞ്ച് ശതമാനം പണിക്കൂലിയായി നല്‍കണം. സ്വര്‍ണവില, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാസം ജിഎസ്ടിയായും നല്‍കണം. എല്ലാ തുകയും ചേര്‍ത്താണ് ജ്വല്ലറികള്‍ ബില്ല് തയ്യാറാക്കുക.
സ്വര്‍ണം വാങ്ങാന്‍ ആലോചിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ പണിക്കൂലി, വാങ്ങുമ്പോള്‍ തരേണ്ട വില, പിന്നീട് വില്‍ക്കുമ്പോള്‍ എത്ര കിട്ടും തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചറിയണം. വില കൂടി വരുന്ന സാഹചര്യത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിലുള്ള ആഭരണത്തിന് ജനപ്രീതി ഏറി വരുന്നു എന്ന് ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു.
ചെമ്പ് കൂടുതുള്ള ആഭരണങ്ങളാണ് 18 കാരറ്റിലുള്ളത്. പണയം വയ്ക്കാന്‍ തടസങ്ങള്‍ നേരിട്ടേക്കാം. വില്‍ക്കുന്ന വേളയില്‍ വേണ്ടത്ര മൂല്യം കിട്ടണമെന്നുമില്ല. ഇതാണ് 18 കാരറ്റ് വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കുന്ന ഘടകങ്ങള്‍. അതേസമയം, 22, 24 കാരറ്റ് ആഭരണങ്ങള്‍ക്കാണ് കൂടുതല്‍ ഉപഭോക്താക്കളും താല്‍പ്പര്യം പ്രകടിപ്പിക്കുക. വില്‍ക്കുമ്പോഴും ഉയര്‍ന്ന മൂല്യം കിട്ടുമെന്നാണ് ഇതിന്റെ പ്രത്യേകത.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2656 ഡോളര്‍ ആണ് വില. ക്രൂഡ് എണ്ണയ്ക്ക് ബ്രെന്റ് ഇനം ബാരലിന് 78 ഡോളര്‍ ആണ് പുതിയ നിരക്ക്. ഡോളര്‍ സൂചിക 103 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ രൂപ 84.08 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസം 84.17 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. ആദ്യമായി രൂപ 84 കടന്നു വീണത് കഴിഞ്ഞാഴ്ചയാണ്.












Click it and Unblock the Notifications