സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഒരു പവന് 3000 രൂപയോളം വര്‍ധിച്ചു. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് നിഗമനം. ആഗോള വിപണിയില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. സ്വര്‍ണത്തിന് മാത്രമല്ല, വെള്ളിയുടെ വിലയും ഇന്ന് കേരളത്തില്‍ വര്‍ധിച്ചു.
ഇറാനുമായി ചര്‍ച്ച നടക്കുന്നു, പാകിസ്താന്‍ മധ്യസ്ഥത വഹിക്കും, 15 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു തുടങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉദ്ധരിച്ച് വരുന്ന റിപ്പോര്‍ട്ടുകളാണ് വിപണിയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണം. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയാണ്. ഓഹരി വിപണി കുതിക്കുകയും ചെയ്തു. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിയുകയാണ്.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 2760 രൂപ വര്‍ധിച്ച് 107550 രൂപയിലെത്തി. ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13445 രൂപയുമായി. 99000 രൂപ വരെ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയത്. ആഗോള വിപണിയില്‍ കാറ്റ് മാറിവീശാന്‍ തുടങ്ങിയതോടെ സ്വര്‍ണവില ഇനി വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11050 രൂപയായി ഉയര്‍ന്നു. പവന് 88400 രൂപയുമായി. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8605 രൂപയിലെത്തി. പവന് 68840 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 5550 രൂപയും പവന് 44400 രൂപയിലുമെത്തി. വെള്ളി വിലയിലും ഇന്ന് വലിയ കുതിപ്പുണ്ടായി. ഗ്രാമിന് 250 രൂപയും പത്ത് ഗ്രാമിന് 2500 രൂപയുമാണ് ഇന്നത്തെ വെള്ളി വില.
പഴയ സ്വര്‍ണം വിറ്റാല്‍ എത്ര രൂപ കിട്ടും?
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4570 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 5100 വരെ താഴ്ന്നിരുന്നു. ആഗോള വിപണിയില്‍ വില കൂടാന്‍ തുടങ്ങിയതോടെയാണ് കേരളത്തിലും കുതിപ്പ്. അതേസമയം, ഡോളര്‍ സൂചിക 99.30 എന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം 93.91 ആയി ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില ഇടിയുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 99 ഡോളറായിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.16 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.07 ലക്ഷം രൂപയ്ക്ക് അടുത്ത് ലഭിച്ചേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് എല്ലാ ജ്വല്ലറികളും പഴയ സ്വര്‍ണം തിരിച്ചെടുക്കുക. ഇതില്‍ ഏത് സമയവും മാറ്റം വരുന്നതിനാല്‍ വില്‍ക്കുന്ന വേളയിലെ നിരക്ക് പരിശോധിച്ചാണ് മൂല്യം കണക്കാക്കുന്നത്.
ഇറാന്‍ യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില ഇനിയും താഴുമെന്നും പ്രതീക്ഷിക്കുന്നു. വിട്ടുവീഴ്ച ചെയ്തുള്ള ഒരു ചര്‍ച്ചയ്ക്കും ഇല്ല എന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇന്നും അവര്‍ ജിസിസി രാജ്യങ്ങളിലേക്കും ഇസ്രായേലിലേക്കും ആക്രമണം തുടര്‍ന്നു. അതേസമയം, ഇസ്രായേല്‍ ഇറാനിലും ആക്രമണം നടത്തി. ചര്‍ച്ച നടക്കുന്നു എന്ന് അമേരിക്ക പറയുകയും ചെയ്യുന്നു.












Click it and Unblock the Notifications