ഒരു പവന്‍ സ്വര്‍ണത്തിന് 112960 രൂപ; ഒരു പവന്‍ ആഭരണത്തിന് അതു മതിയാകില്ല, എത്രയാകുമെന്ന് അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 112960 രൂപ. ഇന്നലെ വൈകീട്ടുള്ള വില തുടരുകയാണ്. ഇന്നലെ രാവിലെ 112160 രൂപയായി വില കുറഞ്ഞിരുന്നു. വൈകീട്ട് 112960 രൂപയായി ഉയരുകയാണ് ചെയ്തത്. അതേ വിലയില്‍ തന്നെയാണ് ഇന്നും ജ്വല്ലറി വ്യാപാരം. എന്നാല്‍ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല എന്നതാണ് എടുത്തു പറയേണ്ടത്.
ജ്വല്ലറിയിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെയും പവന്റെയും വിലയാണ്. സ്വര്‍ണവില മാത്രമാണത്. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ അനുബന്ധമായ ചെലവ് കൂടി ഉള്‍പ്പെടും. ഏതൊക്കെയാണ് ആ ചെലവുകള്‍, എങ്ങനെയാണ് ജ്വല്ലറി വ്യാപാരികള്‍ അത് കണക്കാക്കുന്നത് എന്ന് പറയാം.

24 കാരറ്റ് ബാര്‍-കോയിന്‍ വാങ്ങുമ്പോള്‍ നേരിയ പണിക്കൂലിയാണ് വരിക. ജിഎസ്ടി 3 ശതമാനമാണ്. എന്നാല്‍ 22 കാരറ്റ് ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി അല്‍പ്പം കൂടും. ഏറ്റവും ചുരുങ്ങിയ പണിക്കൂലി അഞ്ച് ശതമാനമാണ്. പണക്കൂലി ഇനത്തിലാണ് ജ്വല്ലറി വ്യാപാരികള്‍ വലിയ ലാഭം കൊയ്യുന്നത്. ഇത് കുറയ്ക്കാന്‍ ഉപഭോക്താവ് വില പേശേണ്ടി വരും.
ലോകത്ത് എല്ലായിടത്തും സ്വര്‍ണത്തിന് ഒരേ വിലയാണ്. കറന്‍സി മൂല്യത്തില്‍ ചില വ്യത്യാസമുണ്ടാകാം. കേരളത്തില്‍ എല്ലാ ജ്വല്ലറികളിലും ഒരേ വിലയായിരിക്കും. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ ഇളവ് നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ജ്വല്ലറികള്‍ ശ്രമിക്കാറുണ്ട്. ഇതുതന്നെയാണ് ഉപഭോക്താവ് വില കുറച്ച് സ്വര്‍ണം കിട്ടാന്‍ പയറ്റുന്ന തന്ത്രവും.
ഒരു പവന്‍ ആഭരണത്തിന്റെ വില ഇങ്ങനെ
ഒരു പവന് 20000 രൂപ വിലയുണ്ടായിരുന്ന വേളയില്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 1000 രൂപയായിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയെത്തിയപ്പോള്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 5000 രൂപയായി. ഇതാണ് ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം. അഞ്ച് ശതമാനം എന്നത് കുറഞ്ഞ പണിക്കൂലിയാണ്. അല്‍പ്പം ഡിസൈന്‍ കൂടി ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. 8, 10, 20 ശതമാനം പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങളുമുണ്ട്.
പഴയ കാലത്ത് കൈ ഉപയോഗിച്ചാണ് ആഭരണം നിര്‍മിച്ചിരുന്നത്. ഇന്ന് യന്ത്രങ്ങളുടെ സഹായത്തോടെയാണ് നിര്‍മാണം. അതുകൊണ്ടുതന്നെ സ്വര്‍ണത്തില്‍ നഷ്ടം വരാതെ ആഭരണം നിര്‍മിക്കാന്‍ സാധിക്കും. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 112960 രൂപയാണ് എന്ന് പറഞ്ഞുവല്ലോ. വള പോലുള്ള ഡിസൈന്‍ കുറഞ്ഞ ആഭരണത്തിന് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കുമ്പോള്‍ 5648 രൂപ അധികം നല്‍കണം.
മാത്രമല്ല, സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും തുക ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. അതായത് വീണ്ടും 3558 രൂപ കൂടി അധികം നല്‍കണം. പിന്നെ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്ന നിലയില്‍ ചെറിയ തുക ഈടാക്കും. ഇതെല്ലാം ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന് വില കണക്കാക്കുക. എന്നാല്‍ ഇതേ ആഭരണം ദിവസങ്ങള്‍ കഴിഞ്ഞ് മടക്കി വില്‍ക്കുമ്പോള്‍ അനുബന്ധ വിലകളെല്ലാം നഷ്ടമാകും. മാത്രമല്ല, സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വില കിട്ടുകയുമില്ല.












Click it and Unblock the Notifications