
'സ്വര്‍ണം കൊടുത്തയച്ചതാര്? കിട്ടിയത് ആര്‍ക്ക്?'; പ്രതിപക്ഷത്തിന് ഇതൊന്നും അറിയണ്ടേ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. തീയില്ലാതെ പുക കണ്ടെത്തി എന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷവും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ എന്തോ പുതിയ കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നാല് ഏജന്‍സികള്‍ രണ്ട് വര്‍ഷം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസാണ് സ്വര്‍ണ കടത്ത് കേസ്. ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ പ്രമേയാവതാരകന്റെ പാര്ട്ടിക്കാര് ഇവിടെ ആരെയെങ്കിലും ബാക്കിവെക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെയാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ വനിത ആരോപണവുമായി രംഗത്തെത്തിയത്.
അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍

രഹസ്യമൊഴിയില്‍ ഉള്ളതായി പറയുന്ന കാര്യങ്ങള്‍ എങ്ങനെയാണ് പ്രതിപക്ഷത്തിന് ലഭിച്ചത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കേസില്‍ പ്രതിയായ വനിതയ്ക്ക് എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് ഒരു സംഘടനയാണ് എന്നും ആ സംഘടനയ്ക്ക് വ്യക്തമായ സംഘപരിവാര്‍ ബന്ധമുണ്ട് എന്നും മുഖ്യമന്ത്രി ആരോപിച്ചു. ആരോപണം ഉന്നയിച്ച വനിതയ്ക്ക് ജോലിയും സുരക്ഷയും വക്കീലും എല്ലാം അവരുടെ വകയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കേണ്ട എന്ന താല്പര്യം ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമത്തിന്റെ വഴിയിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സഞ്ചരിച്ചിട്ടുള്ളത് എന്നും അദ്ദേഹം അവകാശപ്പെട്ടു. സുതാര്യമായ ഒരു അന്വേഷണമാണ് ആരോപണങ്ങള്‍ സംബന്ധിച്ച് നടക്കുന്നത് എന്നും വസ്തുതകള്‍ ന്യായയുക്തമായി പുറത്തുവരണം എന്ന ആഗ്രഹമാണ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതില്‍ നിന്ന് മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും ഇവരുടെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാര്‍ എന്നും പിണറായി ആരോപിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഈ കേസിലെ ഇടനിലക്കാരന് എന്നു പറയുന്ന ആളുമായി ഫോണില്‍ സംസാരിച്ചു എന്ന ആരോപണവും ഇവിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന്റെ കുറ്റം സര്‍ക്കാരിനു മേല്‍ കെട്ടിവെക്കാനാണ് ശ്രമം നടന്നത് എന്നും ഒരു ഘട്ടത്തിലും ഇടനിലക്കാരെ നിയോഗിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വഴിവിട്ട നടപടിയോ വീഴ്ചയോ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ മടിയില്ല എന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ സ്ഥാപനത്തിന്റെ വക്കീലിന്റെ ചരടുവലിക്കൊത്ത് നീങ്ങുന്നവരുടെ ശബ്ദം പ്രതിപക്ഷം ആവുന്നത്ര ഉച്ചത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു. സ്വര്‍ണം കൊടുത്ത് അയച്ചതാര്, സ്വര്‍ണം കിട്ടിയത് ആര്‍ക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും കോണ്‍ഗ്രസില്‍ നിന്നോ ബി ജെ പിയില്‍ നിന്നോ പ്രതീക്ഷിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

കാരണം, ഇതിനൊക്കെ ഉത്തരം പറയേണ്ടത് ബി ജെ പിയും അന്വേഷണ ഏജന്‍സികളുമാണ് എന്നും അദ്ദേഹം പറഞ്ഞു. അത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിലൂടെ വിഷമത്തിലാകുന്നത് ബി ജെ പിയാണ് എന്നും അവര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളൊന്നും പ്രതിപക്ഷത്ത് നിന്ന് ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയും പ്രതിപക്ഷവും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ഇവിടെ വെളിവായത് എന്നും ആ വനിതയെ സംരക്ഷിക്കും വിധത്തിലാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും അടിയന്തര പ്രമേയ നോട്ടീസിന്റെ ഉള്ളടക്കവും എന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള മാസങ്ങളില്‍ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നത് എന്നും കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നെങ്കില്‍ അത് കേന്ദ്ര ഏജന്‍സികളുടെ വീഴ്ചയാണ് എന്നും പിണറായി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാത്തത് ആരുടെ കുറ്റമാണ് എന്നും അദ്ദേഹം ചോദിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി രക്ഷാകവചം തീര്‍ക്കുന്ന ജോലി എന്തിനാണ് കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുമ്പോള്‍ അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന രീതിയല്ല ഞങ്ങള്‍ സ്വീകരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വൈരനിര്യാതനത്തിന് ദുരുപയോഗിക്കുന്നു എന്ന നിലപാട് തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടനിലക്കാരെ ഏര്‍പ്പെടുത്തി എന്ന ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി എന്ത് പറയണം, ഏത് പറയണം എന്ന് ഇടനിലക്കാര്‍ വഴി തീരുമാനിക്കുന്നതിന് ബി ജെ പിയും അതിന്റെ കൂടെ പ്രതിപക്ഷവും ചേരുന്നു എന്നല്ലേ സംശയിക്കേണ്ടത് എന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം തകരാന്‍ അധികസമയം വേണ്ടിവരില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
'വിജയ് ബാബു ഉള്ളിലും ഷമ്മി തിലകന് പുറത്തും... ശുദ്ധ മാഫിസം!'; അമ്മക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി