ഇരുപത് തവണയായി 88.5 കിലോ സ്വർണ്ണം കടത്തി: ഏഴാം പ്രതി വെളിപ്പെടുത്തിയത് നിർണായക വിവരങ്ങൾ
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 88.5 കിലോ സ്വർണ്ണം കടത്തിയെന്ന് വെളിപ്പെടുത്തിയതായി എൻഐഎ കോടതിയിലാണ് അറിയിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയതിൽ തനിക്ക് പങ്കുണ്ടെന്നാണ് കേസിലെ ഏഴാം പ്രതിയായ ഷാഫി സമ്മതിച്ചിട്ടുള്ളത്. കേസിൽ അറസ്റ്റിലായ ഇയാൾ മലപ്പുറം സ്വദേശിയാണ്.
യുഎഇയിൽ നിന്ന് അയച്ച 88.5 കിലോഗ്രാം സ്വർണ്ണത്തിൽ 47.5 കിലോഗ്രാം സ്വർണ്ണം താനും കൂട്ടാളികളും ചേർന്നാണ് കടത്തിയിട്ടുള്ളതെന്ന് എൻഐഎ ചോദ്യം ചെയ്തതോടെ ഷാഫി സമ്മതിച്ചതായി കേന്ദ്ര ഏജൻസി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണം നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് കടത്തുന്നതിലും തനിക്ക് പങ്കുണ്ടെന്നും പ്രതി സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് വേണ്ടി കേരളത്തിൽ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വെച്ച് ഗൂഡാലോചന നടത്തിയെന്ന് എൻഐഎ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ 30 പ്രതികളിൽ 15 പേരും പലസമയങ്ങളിലായി യുഎഇ സന്ദർശിച്ചിട്ടുണ്ടെന്നും പ്രതി വ്യക്തമാക്കിയിട്ടുണ്ടുണ്ട്. അതേ സമയം യുഎഇയിൽ എവിടെയെല്ലാം വെച്ചാണ് സ്വർണ്ണക്കടത്ത് കേസിന്റെ ആസൂത്രണം നടന്നിട്ടുള്ളതെന്ന് കേസിലെ ഏഴാം പ്രതിയായ ഷാഫി എൻഐഎയോട് വ്യക്തമാക്കിയിരുന്നു.
കേരളത്തിലേക്ക് കടത്താനുള്ള സ്വർണ്ണം വിദേശത്ത് സംഭരിക്കുന്നത് സംബന്ധിച്ചും സ്വർണ്ണം ഡിപ്ലോമാറ്റിക് ബാഗേജിൽ ഒളിപ്പിച്ച് കടത്തുന്നത് സംബന്ധിച്ച ഗൂഢാലോചനയും വിദേശത്ത് വെച്ച് തന്നെ നടന്നതായും പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേ സമയം യുഎഇയിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് വഴി വരുന്ന സ്വർണ്ണം സ്വീകരിക്കുന്നത് സംബന്ധിച്ച ഗൂഢാലോചനകളാണ് തിരുവനന്തപുരത്ത് വെച്ച് നടന്നതെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications