
'കേരളം അറിയാന്‍ ആഗ്രഹിക്കുന്ന വിഷയം, ചര്‍ച്ചയ്ക്ക് തയ്യാര്‍': മുഖ്യമന്ത്രി; സ്വര്‍ണക്കടത്തില്‍ സഭയില്‍ ചര്‍ച്ച
തിരുവനന്തപുരം: വിവാദമായ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ച. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ നേരം സഭ നിര്‍ത്തി വെച്ച് കൊണ്ടാണ് ചര്‍ച്ച നടത്തുക. പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയമാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യുക.
ചൊവ്വാഴ്ച രാവിലെ പ്രതിപക്ഷത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യപ്പെടുന്ന വിഷയമാണ് ഇത് എന്നും പൊതുസമൂഹത്തിന്റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണ് എന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു.
അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍

ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടി എന്ന ആക്ഷേപം ഒഴിവാക്കാന്‍ വേണ്ടിയാണ് പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഭരണ പ്രതിപക്ഷ നിരകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളായിരിക്കും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇതിനാല്‍ തന്നെ വാശിയേറിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വന്‍ ബഹളത്തിനും സഭ വേദിയാകും എന്ന് ഉറപ്പാണ്. സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതിന് മാത്രമാണ് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നത്.

അതിനാല്‍ ചര്‍ച്ചയില്‍ ശേഷിക്കുന്ന ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയും എന്നാണ് കരുതുന്നത്. അടിയന്തര പ്രമേയ ചര്‍ച്ചയുടെ തത്സമയ സംപ്രേക്ഷണത്തിനും അനുമതിയുണ്ട്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ ഡോളര്‍ കടത്ത് നടന്നു എന്ന് സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കുകയും ഇതിന്റ വിശദാംശങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു.

ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടം 51 പ്രകാരമായിരിക്കും ചര്‍ച്ച. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പരിഗണിക്കുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. സില്‍വര്‍ ലൈനിലായിരുന്നു ആദ്യത്തേത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു ബിരിയാണിച്ചെമ്പില്‍ ലോഹവസ്തുക്കള്‍ കടത്തി എന്നായിരുന്നു സ്വപ്ന പറഞ്ഞത്.

എന്നാല്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേട്ടപ്പോഴാണു ഈ സംഭവം താനും അറിയുന്നത് എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം സ്വപ്ന ഉന്നയിച്ചതു വ്യാജ ആരോപണമാണെങ്കില്‍ എന്തുകൊണ്ടു നിയമ നടപടി സ്വീകരിക്കുന്നില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'അതു ഞാന്‍ ആലോചിച്ചു കൊള്ളാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വപ്ന സുരേഷ് ഈ ആരോപണം ഉന്നയിച്ച ശേഷം മുഖ്യമന്ത്രി ഇന്നലെയാണ് ആദ്യമായി മാധ്യമങ്ങളെ കണ്ടത്.

ഈ വിഷയം കത്തിച്ചാല്‍ വിജയനെയോ സര്‍ക്കാരിനെയോ തകര്‍ക്കാമെന്നാണു ചിലരുടെ മോഹം എന്നും തന്റെ കുടുംബത്തിനെതിരെ തപ്പു കൊട്ടിക്കൊടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതു ജീവിതം എന്നും ബിരിയാണി ചെമ്പ് വിഷയത്തില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കില്ലെന്ന് തനിക്കറിയാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താം എന്ന് തലപ്പത്തിരിക്കുന്ന ചിലര്‍ ചിന്തിക്കുന്നുണ്ടാകാം. ജനങ്ങള്‍ക്കു മുന്നിലുള്ള തുറന്ന പുസ്തകമാണു തങ്ങളുടെ ജീവിതം എന്നും സംഘപരിവാറിനു വേണ്ടി ആരെയാണ് ഇപ്പോള്‍ എഴുന്നള്ളിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. സ്വപ്ന ക്ലിഫ് ഹൗസിലെത്തിയപ്പോഴെല്ലാം കോണ്‍സുലേറ്റ് ജനറലിന്റെ കൂടെയാണു തന്നെ കണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വലിയ പ്രതിഷേധമാണ് യു ഡി എഫ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിനുള്ളില്‍ വെച്ച് പോലും പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു.