കെഎസ്ആര്‍ടിസി സമരത്തെ നേരിടാനൊരുങ്ങി സര്‍ക്കാര്‍; ഡയസനോണ്‍ പ്രഖ്യാപിച്ചു, ശമ്പളം പോകും
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രിമുതല്‍ നടക്കുന്ന കെഎസ്ആര്‍ടിസി പണിമുടക്കിനെ നേരിടാന്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ ഡയസനോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുന്നവരുടെ ഉള്ള ശമ്പളം കൂടി പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികള്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നീങ്ങും.

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണെന്നും 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നുമാണ് അംഗീകൃത ട്രേഡ് യൂണിയനുകള്‍ പറയുന്നത്. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്‌കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാവകാശം തേടിയപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
സമരം നടത്തരുതെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്‌കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു.മാനേജ്മെന്റ് ഇപ്പോള്‍ നല്‍കിയ സ്‌കെയില്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചര്‍ച്ച നടത്താന്‍ സാവകാശം നല്‍കണമെന്നും 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാകണം എന്ന് നിര്‍ബന്ധിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് സമരവും ഒമ്പതിന് ആരംഭിക്കും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംയുക്തസമരസമിതി ഗതാഗത മന്ത്രിക്ക് സമരം നടത്തുമെന്ന് കാണിച്ച് നോട്ടീസും നല്‍കിയിരുന്നു ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications