വന്ദേഭാരത് സര്‍വീസ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം; കെ റെയിലിനും അനുമതി വേണം
തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍. പൊതു ബജറ്റിന് മുമ്പായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തിന് അകത്തും പുറത്തേക്കും വലിയ തോതില്‍ റെയില്‍ യാത്രക്കാരുണ്ട്.
അതിനാല്‍ വന്ദേഭാരത് പദ്ധതി പ്രകാരം തീവണ്ടികള്‍ സംസ്ഥാനത്ത് നിന്നും അനുവദിക്കണം എന്നായിരുന്നു കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന് കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ വേണം എന്നും കൊച്ചി മെട്രോ, നേമം കോച്ച് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് പ്രത്യേക സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം എന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ മറ്റ് ചില ആവശ്യങ്ങളും കെ എന്‍ ബാലഗോപാല്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍വെച്ചു. കൊവിഡനന്തര കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തികസഹായ പദ്ധതികള്‍ അനുവദിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജി എസ് ടി വരുമാനം പങ്കുവെക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അനുപാതം 50:50 എന്നതില്‍ നിന്ന് 40:60 ആയി ഉയര്‍ത്തണം എന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതം വര്‍ധിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. കിബ്ഫി പോലെയുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ച് കടമെടുക്കുന്നതിനെ താത്കാലിക ബാധ്യതയായി മാത്രം കണക്കാക്കണം.

കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന്റെ അനുപാതം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 75:25 എന്നാക്കി നിലനിര്‍ത്തണം എന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. സെസ്, സര്‍ചാര്‍ജ്ജ് എന്നിവ മൂലമുള്ള വരുമാന നഷ്ടം നികത്തണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അതേസമയം ഇക്കാര്യങ്ങളില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും കെ എന്‍ ബാലഗോപാലിനെ പിന്തുണച്ചു.

കേരളത്തിന് എയിംസ് ഉള്‍പ്പെടെ ഉള്ള സ്ഥിരം ആവശ്യങ്ങളും കെ എന്‍ ബാലഗോപാല്‍ ഉന്നയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അംഗീകാരം വേണം എന്നും വിദേശത്ത് നിന്നു തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നും മന്ത്രി പറഞ്ഞു. കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ജി എസ് ടി നഷ്ടപരിഹാര കുടിശിക ഇനത്തില്‍ കേരളത്തിന് 773 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇത് അടക്കം ഏപ്രില്‍ - ജൂണ്‍ മാസത്തെ ജി എസ് ടി കുടിശികയായ 17,000 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ആകെ 1,15,662 കോടി രൂപയാണ് കേന്ദ്ര ധനമന്ത്രാലയം ഈയിനത്തില്‍ 2022 - 2023 വര്‍ഷത്തില്‍ അനുവദിച്ചത്.












Click it and Unblock the Notifications