സംസ്ഥാനത്ത് നാളെ പൊതു അവധി: സ്കൂളുകള്‍ മാത്രമല്ല, സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മഹാനവമിയുമായി ബന്ധപ്പെട്ടാണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സർക്കാർ ഓഫീസുകള്‍ക്കും ഇതോടെ നാളെ അവധിയായിരിക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
'മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.' - സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചതെങ്കില്‍ പിന്നീട് സർക്കാർ സ്ഥാപനങ്ങള്‍ക്ക് കൂടി അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കുമൊപ്പം ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. ശനിയും ഞായറും വരുന്നതിനാല്‍ വിദ്യാർത്ഥികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നാല് ദിവസത്തെ തുടർച്ചയായ അവധി ആഘോഷിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.
പതിനൊന്നാം തിയതി അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻ ടി യു) വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ നേരത്തെ തീരുമാനിച്ചത്.
ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നേരമാണ് പൂജവെയ്പ്പ് ആരംഭിക്കുന്നത്. ഇത് കണക്കിലെടുത്താണ് 11 ന് കൂടി അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നത്. 10 ന് പൂജവെച്ചതിന് ശേഷം 11 ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത് ഉചിതമല്ലെന്ന് എന്‍ ടി യു മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയാണെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല.
ഒമ്പത് ദിവസങ്ങളിലായി നീണ്ട് നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങളിലെ അവസാനത്തെ മൂന്ന് ദിനങ്ങളിലാണ് പൂജ വെപ്പ് നടക്കുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. അതായത് വ്യാഴാഴ്ച വൈകീട്ടോടെ പൂജവെപ്പ് ആരംഭിക്കാം. പഠനപുസ്തകങ്ങള്‍, പണിയായുധങ്ങള്‍ എന്നിവയെല്ലാം പൂജയ്ക്ക് വേണ്ടി സമർപ്പിക്കും. ക്ഷേത്രങ്ങളിലും വീടുകളിലും പൂജവെയ്പ്പ് നടക്കാറുണ്ട്. മഹാനവമി ദിവസത്തിലാണ് ആയുധ പൂജ നടത്തുക. ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 . 58 മുതൽ ദശമി തുടങ്ങുമെങ്കിലും പൂജയെടുക്കേണ്ടത് പിറ്റേദിവസം രാവിലെ ഉഷ പൂജക്ക് ശേഷമാണ്ടത്.












Click it and Unblock the Notifications