അനുവദിച്ച തുക ചിലവായി; ഗവര്‍ണറുടെ വിമാനയാത്രക്ക് 30 ലക്ഷം കൂടി അധികമായി അനുവദിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിര്‍ദ്ദേവും ഉള്ളപ്പോഴാണ് ഗവര്‍ണര്‍ക്ക് വിമാന യാത്രക്ക് അധിക തുക അനുവദിച്ചത്. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിന് തല്‍ക്കാലം ശമനമായ സാഹചര്യത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രക്ക് അധികം തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ ആണ് തീരുമാനം. 30 ലക്ഷം രൂപയാണ് അധികമായി ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രക്കായി നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിക്കേണ്ടി വന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഡിസംബര്‍ 30 ന് അധിക തുക അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിരുന്നു.
ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിനിടെ ആയിരുന്നു ഇത്. ഇതിന് ശേഷം സര്‍ക്കാര്‍ - ഗവര്‍ണര്‍ തര്‍ക്കങ്ങളില്‍ മഞ്ഞുരുകി. ഇതോടെ രാജ്ഭവനില്‍ നിന്നുള്ള ഫയല്‍ ധനവകുപ്പ് പരിഗണിക്കുകയായിരുന്നു. ജനുവരി 24 ന് എക്‌സ്‌പെന്‍ഡിച്ചര്‍ വിംഗ് ആണ് ഗവര്‍ണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാന്‍ അധിക ഫണ്ട് വേണം എന്ന് ആവശ്യപ്പെട്ടത്.
ബജറ്റ് വിംഗിനോട് ആണ് എക്‌സ്‌പെന്‍ഡിച്ചര്‍ വിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നീട് ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചു എന്നാണ് വിവരം.

ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ വിമാനയാത്രക്ക് അധികതുക അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. നേരത്തെ രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറെയും 20 താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണം എന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പിന്നീട് ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. ഗവര്‍ണറുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയത് എന്ന് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിര്‍ദ്ദേവും ഉള്ളപ്പോഴാണ് ഗവര്‍ണര്‍ക്ക് വിമാന യാത്രക്ക് അധിക തുക അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്. അധിക നികുതി നിര്‍ദേശത്തിന് എതിരെ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് എതിരെ സമര മുഖത്താണ്.












Click it and Unblock the Notifications